തോട്ടം തൊഴിലാളികൾ പണിമുടക്കിലേക്ക് -ഐ.എൻ.ടി.യു.സി
text_fieldsകൽപറ്റ: സേവന വേതന വ്യവസ്ഥ പുതുക്കി നിശ്ചയിക്കാത്തതിൽ പ്രതിഷേധിച്ച് തോട്ടം തൊഴിലാളികൾ പണിമുടക്ക് സമരത്തിന് നിർബന്ധിതരായിരിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റും പാന്റേഷൻ ലേബർ കമ്മിറ്റി അംഗവുമായ പി.പി ആലി.
തോട്ടം തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥ പുതുക്കി നിശ്ചയിക്കേണ്ട കാലാവധി കഴിഞ്ഞിട്ട് 10 മാസം ആയിട്ടും അതിനുള്ള നടപടി ആരംഭിക്കാൻ മാനേജ്മെന്റുകൾ തയ്യാറാവുന്നില്ല.
ഒക്ടോബർ 27ന് നടന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി (പി.എൽ.സി) യോഗത്തിലും കൂലി വർധിപ്പിക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ നീട്ടിക്കൊണ്ടു പോകാനാണ് തോട്ടമുടമകൾ ശ്രമിച്ചത്. നവംബർ 23ന് വീണ്ടും ചർച്ചവെച്ചിരിക്കുകയാണ്. ഇത് പ്രതിഷേധാർഹം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് തോട്ടം തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ നവംബർ രണ്ട്, മൂന്ന് തീയതികളിൽ പ്രക്ഷോഭ സമരങ്ങൾ സംഘടിപ്പിക്കും. നവംബർ രണ്ടിന് കലക്ടറേറ്റിലേക്ക് തൊഴിലാളികൾ പണിമുടക്കി മാർച്ച് നടത്തും. നവംബർ മൂന്നിന് മറ്റു ജില്ലകളിലും കലക്ടറേറ്റ്-ലേബർ ഓഫിസുകളിലേക്കും മാർച്ചും ധർണയും സംഘടിപ്പിക്കുമെന്നും പി.പി. ആലി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.