കാടെന്താ കുപ്പത്തൊട്ടിയോ?
text_fieldsകൽപറ്റ: അനിയന്ത്രിത ടൂറിസത്തിന്റെ ബാക്കിപത്രമായി വയനാടൻ കാടുകളിൽ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം. ദേശീയ പാതയിൽ മുത്തങ്ങയിലാണ് റോഡിനോട് ചേർന്ന വനഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത്. സഞ്ചാരികളുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തികൾ നിരീക്ഷിക്കാനോ നടപടികളെടുക്കാനോ വനംവകുപ്പ് താൽപര്യം കാട്ടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ലയിലെ മറ്റു വനമേഖലകളിലും റോഡിനോട് ചേർന്ന് പ്ലാസ്റ്റിക് മാലിന്യം പതിവാണ്.
മുത്തങ്ങയിലേക്കും കർണാടകയിലേക്കുമുള്ള യാത്രയിൽ സുൽത്താൻ ബത്തേരി മുതൽ റോഡരികിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നുണ്ട്. കല്ലൂർ പാലം കഴിഞ്ഞ് വനമേഖലയിൽ പ്രവേശിക്കുന്നതോടെ പ്ലാസ്റ്റിക് കുപ്പികളും കവറുകളുമടക്കമുള്ള മാലിന്യങ്ങളാണെങ്ങും. മുത്തങ്ങ ചെക്ക്പോസ്റ്റ് കഴിഞ്ഞ് വയൽഭാഗം കഴിയുന്ന ഇടങ്ങളിൽ റോഡിനിരുഭാഗത്തും മാലിന്യം പരന്നുകിടക്കുകയാണ്.
ജില്ലയിലും കർണാടകയിലെ അതിർത്തി ഭാഗങ്ങളിലുമായി സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾ ഭക്ഷണം കഴിക്കാനുൾപ്പെടെ ഈ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് പതിവാണ്. വീട്ടിൽനിന്ന് തയാറാക്കി കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചശേഷം ഡിസ്പോസബിൾ േപ്ലറ്റുകളും കുപ്പികളുമൊക്കെ റോഡിനോടു ചേർന്ന വനത്തിൽ തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. മദ്യക്കുപ്പികളും കാട്ടിൽ തള്ളുന്നുണ്ട്. വിളിപ്പാടകലെ വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ ഉണ്ടെങ്കിലും നടപടികളൊന്നുമുണ്ടാവാറില്ല. പൊൻകുഴി അമ്പലത്തോടു ചേർന്ന ഭാഗത്തും വൻതോതിൽ മാലിന്യം തള്ളുന്നുണ്ട്.
ഭക്ഷണാവശിഷ്ടങ്ങളും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യവുമൊക്കെ വന്യമൃഗങ്ങൾ ഭക്ഷണമാക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവയുടെ ആരോഗ്യത്തെയടക്കം ഗുരുതരമായി ബാധിക്കുന്ന സംഗതിയായിട്ടും വനംവകുപ്പ് കർശന നടപടികളെടുക്കുന്നില്ല. അതേസമയം, കേരള അതിർത്തി കഴിഞ്ഞാൽ കർണാടകയുടെ നിയന്ത്രണത്തിലുള്ള ഭാഗത്ത് ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നില്ലെന്നതാണ് ശ്രദ്ധേയം. ദേശീയ പാതയോട് ചേർന്ന വനമേഖലയിൽ കാമറകളടക്കം സ്ഥാപിച്ച് കർണാടക വനം വകുപ്പ് ഇക്കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കുന്നതിനാൽ ടൂറിസ്റ്റുകൾക്ക് ഇവിടങ്ങളിൽ മാലിന്യം തള്ളുന്നതിന് പേടിയാണ്. കർണാടകയുടേതിന് സമാനമായി കനത്ത പിഴ ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
മുത്തങ്ങ വനമേഖലയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാൻ വനംവകുപ്പ് സ്ഥിരമായി ജീവനക്കാരെ വിന്യസിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.