മാലിന്യമുക്ത നവകേരളം; വയനാട് ജനകീയ കാമ്പയിന് ഇന്നു മുതൽ
text_fieldsകൽപറ്റ: മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിന് ജില്ലയൊരുങ്ങി. ബുധനാഴ്ച മുതല്‍ 2025 മാര്‍ച്ച് 30 വരെയാണ് കാമ്പയിന് നടക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ സൃഷ്ടിച്ച മാതൃകകള്‍ ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും നാലു ബ്ലോക്കുകളിലും ഉദ്ഘാടന പരിപാടികള്‍ നടക്കും. വാര്‍ഡ്തലങ്ങളിലും പ്രത്യേക പരിപാടികള്‍ നടക്കും.
മലിനമായ ജലാശയങ്ങളുടെ നവീകരണം, മാലിന്യക്കൂനകള്‍ നീക്കം ചെയ്ത സ്ഥലത്ത് പൂന്തോട്ട നിർമാണം, ചിത്രചുമര്‍, ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ വിതരണം, മിനി എം.സി.എഫ്, എം.സി.എഫുകളുടെ ഉദ്ഘാടനം മുതലായവയാണ് കാമ്പയിനിന്റെ ഭാഗമായി നടക്കുക. കാമ്പയിനിന്റെ ഏകോപനത്തിനായി ജില്ല കലക്ടര്‍ കണ്‍വീനറായും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സനായും ജില്ലതല നിര്‍വഹണ സമിതി രൂപവത്കരിച്ചു. ബ്ലോക്ക് തലത്തിലും തദ്ദേശ സ്ഥാപനതലത്തിലും വാര്‍ഡ് തലത്തിലും നിര്‍വഹണ സമിതികള്‍ രൂപവത്കരിച്ച് ജനകീയമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
ബുധനാഴ്ച രാവിലെ 11ന് കൃഷ്ണഗിരിയില്‍ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ ജില്ലതല ഉദ്ഘാടനം നിർവഹിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കൃഷ്ണഗിരിയില്‍ മാലിന്യം നീക്കം ചെയ്ത ഭാഗത്ത് പൂച്ചെടികള്‍ നട്ട് സൗന്ദര്യവത്കരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.