ബിനീഷിന്റെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; ഒന്നരയടി വെള്ളത്തിൽ എങ്ങനെ മുങ്ങിമരിക്കും?
text_fieldsകൽപറ്റ: കുടകിൽ കൂലിപ്പണിക്ക് പോയ ആദിവാസി യുവാവിനെ ആഴം കുറഞ്ഞ തോട്ടിൽ മരിച്ച നിലിയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്ക് ലഭിച്ചു. ബാവലി ഷാണമംഗലം കോളനിയിലെ ബിനീഷിന്റെ മരണം വെള്ളത്തിൽ മുങ്ങിയത് മൂലമുണ്ടായ ശ്വാസ തടസ്സമാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
അതേസമയം, ബിനീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്ന ബന്ധുക്കളും ആദിവാസി വംശീയ ഉമ്മൂലനത്തിനെതിരായ ജനകീയ കൂട്ടായ്മയും കർണാടക കോടതിയെ സമീപിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട് കലക്ടർക്കും പരാതി നൽകും. കഴിഞ്ഞ മാസം 20ന് മരണപ്പെട്ട ബിനീഷിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് 25 ദിവസം കഴിഞ്ഞാണ് ബന്ധുക്കൾക്ക് ലഭിച്ചത്.
തിരുനെല്ലി പൊലീസിൽ നിന്നാണ് റിപ്പോർട്ട് ലഭിച്ചതെന്ന് സോഹദരൻ മനോജ് മാധ്യമത്തോട് പറഞ്ഞു. ചെവിക്കും കണ്ണിനും ഇടയിൽ മുറിവുണ്ടായിരുന്നതും രക്തം കട്ടപിടിച്ച് കിടന്നിരുന്നതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. ശരീര ഭാഗങ്ങൾ ശാസ്ത്രീയ രാസ പരിശോധനക്കായി അയച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഒന്നരയടി വെള്ളത്തിൽ എങ്ങനെ ശ്വാസം മുട്ടി മരിക്കുമെന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്. കുടകിലെ ബിരുണാണിയിൽ ജോലിസ്ഥലത്തിനടുത്ത ചെറിയ ആഴം കുറഞ്ഞ തോട്ടിലാണ് ബിനീഷിനെ മരിച്ച നിലിയിൽ കണ്ടെത്തിയത്. ഇതിന്റെ വിഡിയോ ഉൾെപ്പടെ ബന്ധുക്കൾക്ക് ലഭിച്ചിരുന്നു.
മരിക്കുന്നതിന്റെ നാല് ദിവസം മുമ്പ് ബിരുണാണിയിലെ കുടക് സ്വദേശിയുടെ കാപ്പിത്തോട്ടത്തിൽ വളമിടാനായി ബിനീഷനെ കൊണ്ടുപോയ ആൾതന്നെയാണ് മരിച്ച വിവരം ബാവലിയിലെ ഓട്ടോ ഡ്രൈവറെ അറിയിക്കുന്നത്. വിവരമറിഞ്ഞ ഉടൻതന്നെ സഹോദരനുൾെപ്പടെ കർണാടകയിലെത്തിയെങ്കിലും പിറ്റേ ദിവസമാണ് മൃതദേഹം കാണാൻ അനുവദിച്ചത്. ആ സമയത്ത് കണ്ണിന്റെ വശങ്ങളിലും ചെവിയിലും തലക്ക് പിറകിലും മുറിവ് കണ്ടതായാണ് സഹോദരനും സുഹൃത്തുക്കളും പറയുന്നത്.
ചെവിയിലൂടെ ചോരയും ഒഴുകുന്നുണ്ടായിരുന്നു. കർണാടകയിലേക്ക് ജോലിക്ക് പോവുന്ന വയനാട്ടിലെ ആദിവാസികൾക്കിടയിൽ ഈ വർഷം മാത്രം അഞ്ച് ദുരൂഹ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
2008 വരെ ഇത്തരം122 ദുരൂഹ മരണങ്ങളുണ്ടായതായാണ് കണക്കുകൾ. കാണാതായ സംഭവങ്ങളും നിരവധി. കർണാടകയിലെ പ്രത്യേകിച്ച് കുടകിലെ ഇഞ്ചിപ്പാടങ്ങളിൽ മദ്യവും മറ്റു ലഹരികളും നൽകി ആദിവാസികളെ പരമാവധി ചൂഷണം ചെയ്യുകയും കൂലി പോലും കൃത്യമായി നൽകാതെ എല്ലുമുറിയെ പണിയെടുപ്പിക്കുകയും സ്ത്രീകളെ പോലും കടുത്ത പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതായി ആരോപണം വ്യാപകമാണ്.
അടിമകളെപോലെയാണ് മുതലാളിമാർ പെരുമാറുന്നതെന്നും പ്രതികരിച്ചാൽ കടുത്ത പീഡനമാണ് ഏൽക്കേണ്ടി വരികയെന്നുമാണ് പറയുന്നത്. എന്നാൽ, ഇതു സംബന്ധിച്ച് കൃത്യമായി അന്വേഷണം നടത്താൻ പോലും ഇതുവരെ ഭരണകൂടം തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.