വൈദ്യുതിപ്രസരണ-വിതരണ നവീകരണം; വയനാട്ടിൽ 418 കോടിയുടെ പദ്ധതി
text_fieldsകൽപറ്റ: ജില്ലയിലെ വൈദ്യുതി വിതരണ മേഖലയില്‍ നവീകരണവും വികസനവും ലക്ഷ്യമിടുന്നതിനായി കെ.എസ്.ഇ.ബി 418.084 കോടി രൂപയുടെ പദ്ധതികള്‍ തയാറാക്കി. വിതരണ ശൃംഖലയ്ക്കായി 333.60 കോടി രൂപയുടെയും ഉപ പ്രസരണ ശൃഖംലക്കായി 84.48 കോടിയുടെയും പദ്ധതികളാണ് ആവിഷ്കരിച്ചത്.
കല്പറ്റ ഓഷീന്‍ ഓഡിറ്റോറിയത്തില്‍ ജനപ്രതിനിധികളുടെയും വിദഗ്ധരുടെയും നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച ശില്പശാലയിലാണ് പദ്ധതികള്‍ രൂപപ്പെടുത്തിയത്. തയാറാക്കിയ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാറിന്റെ നവീകരിച്ച വിതരണ മേഖല പദ്ധതിയില്‍ (ആര്.ഡി.എസ്.എസ്) ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിന് ഊര്‍ജ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
നിലവിലുള്ള വൈദ്യുതി പ്രസരണ വിതരണ ശൃംഖല പരിഷ്കരിക്കുക, ഊർജനഷ്ടം കുറച്ച് ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക, ഊർജ മേഖലയുടെ സാമ്പത്തിക സുസ്ഥിരത, ആധുനികവത്കരണം, മെച്ചപ്പെട്ട കാര്യക്ഷമത എന്നിവയാണ് വികസന പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിങ്, ഫീഡര്‍, ബോര്‍ഡര്‍, ട്രാന്‍സ്ഫോര്‍മര്‍ എന്നിവയുമായി ബന്ധപ്പെട്ടുളള സ്മാര്‍ട്ട് മീറ്റര്‍, വിതരണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, കെ.എസ്.ഇ.ബി.എല്‍ ജീവനക്കാരുടെ സാങ്കേതിക മികവും ശേഷിയും വർധിപ്പിക്കാനുള്ള പരിശീലനം തുടങ്ങിയവ പദ്ധതിയിലെ പ്രധാന ഘടകങ്ങളാണ്. ഒക്ടോബറില്‍ നടന്ന വൈദ്യുതി മന്ത്രിമാരുടെ ദേശീയ സമ്മേളനത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ വിഹിതം അനുവദിക്കാമെന്ന ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലകള്‍ ആര്.ഡി.എസ്.എസ് പദ്ധതിയില്‍ കൂടുതല്‍ പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
ശില്പശാല ടി. സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.ആര്. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.ഐ. ഷാജു, ഐ.ടി ചീഫ് എൻജിനീയര്‍ എം.എ. പ്രവീണ്‍, നോര്‍ത്ത് മലബാര്‍ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എൻജിനീയര്‍ ഹരീശന്‍ മൊട്ടമ്മല്‍, ട്രാന്സ്മിഷന് ചീഫ് എൻജിനീയര്‍ (നോര്‍ത്ത്) വി. ശിവദാസ്, ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ കെ. രജികുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഊർജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടന പ്രതിനിധികള്‍, അസോസിയേഷന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.