ഗര്‍ഭസ്ഥ ശിശു ലിംഗ നിര്‍ണയം; സ്കാനിങ് കേന്ദ്രങ്ങളില്‍ പരിശോധന നടത്തും
text_fieldsകൽപറ്റ: ഗര്‍ഭസ്ഥ ശിശു ലിംഗ നിര്‍ണയവുമായി ബന്ധപ്പെട്ട് പി.സി. ആന്‍ഡ് പി.എന്‍ഡി.ടി നിയമ പ്രകാരം ജില്ലയിലെ സ്കാനിങ് കേന്ദ്രങ്ങളില്‍ കർശന പരിശോധന നടത്തും. ജില്ല കലക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പി.സി ആന്‍ഡ് പി.എന്‍ഡി.ടി ജില്ലതല ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. ജില്ലയിലെ സ്കൂള്‍, കോളജ് വിദ്യാർഥികള്‍ക്കിടയില്‍ ഗര്‍ഭസ്ഥ ശിശു ലിംഗ നിര്‍ണയ നിയമം സംബന്ധിച്ച് അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കാനും പൊതു ഇടങ്ങള്‍, ആശുപത്രികള്‍, സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പി.സി ആന്‍ഡ് പി.എന്‍ഡി.ടി നിയമ ബോര്‍ഡുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. സുല്‍ത്താന്‍ ബത്തേരി ഇഖ്റ ആശുപത്രിയുടെ രജിസ്ട്രേഷന് പുതുക്കി നല്കാന് യോഗം തീരുമാനിച്ചു. സുല്‍ത്താന്‍ ബത്തേരി വിനായക, മാനന്തവാടി ജ്യോതി ആശുപത്രിയിലെ അള്‍ട്രാ സൗണ്ട് സ്കാനിങ് ഉപകരണം പുതുക്കുന്നതിനും കമ്മിറ്റിയില്‍ അംഗീകാരം നല്കി. ജില്ല കലക്ടറുടെ ചെയര്‍പേഴ്സനായുള്ള ജില്ല ഉപദേശക സമിതിയുടെ തീരുമാനങ്ങള്‍ക്ക് വിധേയമായാണ് സ്കാനിങ് സെന്ററുകള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് പ്രവര്‍ത്തന അനുമതി നല്‍കുക. സ്ഥാപനം മറ്റൊരു കെട്ടിടത്തിലേക്കോ സ്ഥലത്തേക്കോ മാറ്റിയാല്‍ ജില്ല മെഡിക്കല്‍ ഓഫിസറെ വിവരം അറിയിക്കണം. അംഗീകൃത രജിസ്ട്രേഷനുള്ള ഡോക്ടറുടെ സേവനം മാത്രമേ സ്കാനിങ്ങിന് നിയോഗിക്കാവൂ. സ്കാന്‍ ചെയ്യാനെത്തുന്നവര്‍ക്ക് പി.സി ആന്‍ഡ് പി.എന്‍ഡി.ടി നിയമ പ്രകാരമുള്ള സൗകര്യങ്ങള്‍ സ്ഥാപനത്തില്‍ ഉറപ്പാക്കണം. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍, നിറങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. യോഗത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ്, ജില്ല ഗവ. പ്ലീഡര്‍ അഡ്വ. എം.കെ. ജയപ്രമോദ്, ഗവ. മെഡിക്കൽ കോളജ് ശിശുരോഗ വിദഗ്ധ ഡോ. ട്രിനിറ്റ്, കൽപറ്റ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടി.പി. അനില്‍, ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ കെ.എം. മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.