ജില്ലയിൽ മഴക്കാല മുന്നൊരുക്കം
text_fieldsകൽപറ്റ: ജില്ലയില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കണമെന്നും മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും മാലിന്യസംസ്കരണവും ഉറപ്പാക്കാനും കലക്ടര്‍ ഡോ. രേണുരാജ് നിര്‍ദേശം നല്കി. വരള്‍ച്ചാ ദുരിതാശ്വാസ- മഴക്കാല മുന്നൊരുക്ക യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. മഴക്കാലത്തിന് മുന്നോടിയായി റോഡരികുകളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ശാഖകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ മുറിച്ച് മാറ്റണം.
ഗ്രാമപഞ്ചായത്തുതലത്തില്‍ രൂപവത്കരിച്ച വൃക്ഷ കമ്മിറ്റി അടിയന്തരമായി ചേര്‍ന്ന് മെയ് 31നകം എല്ലാ പരാതികളും തീര്‍പ്പാക്കി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മഴക്കാലത്തിന് മുന്നോടിയായി ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കും. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളോട് ചേര്‍ന്ന് മാലിന്യങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ പിഴ ഈടാക്കണമെന്ന് കലക്ടര്‍ നിർദേശിച്ചു.
തദ്ദേശ സ്ഥാപനതലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യോഗം ചേരണം. ജില്ലയില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ക്കായി വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങള്‍, ചില്ലകള്‍ കണ്ടെത്തി മുറിച്ചുമാറ്റാന്‍ ദുരന്തനിവാരണം നിയമം 2005 പ്രകാരം പൊതുജനങ്ങള്‍ക്ക് യഥാസമയം തദ്ദേശ സ്ഥാപനങ്ങള്‍ നിർദേശം നല്‍കണം.
ദുരന്തസാധ്യത പ്രദേശത്ത് താമസിക്കുന്നവര്‍ മാറിത്താമസിക്കാന്‍ മുന്നറിയിപ്പ് ലഭിച്ചാല്‍ അനുസരിക്കണം. ദുരിതാശ്വാസ ക്യാമ്പ് സജ്ജീകരണം, വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കല്‍, താലൂക്ക്തല കണ്ട്രോള് റൂം സജ്ജീകരണം എന്നിവ റവന്യൂ വകുപ്പ് നിർവഹിക്കും.
പ്രളയവും മണ്ണിടിച്ചിലും ബാധിക്കാന്‍ സാധ്യതയുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് തയാറാക്കി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറണം. മഴക്കാല രോഗപ്രതിരോധ ക്യാമ്പുകള്‍, അവശ്യ മരുന്നുകളുടെ ലഭ്യത എന്നിവ ആരോഗ്യ വകുപ്പ് ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലെ ആരോഗ്യ സംരക്ഷണ മുന്‍കരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിക്കും.
ആശുപത്രികളുടെ ഫിറ്റ്നസ് ഉറപ്പാക്കണം. വനത്തിനകത്ത് താമസിക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ഭക്ഷ്യ-വനം വകുപ്പുകള്‍ ഉറപ്പുവരുത്തണം. അതിതീവ്ര മഴപെയ്യുന്ന സമയങ്ങളില്‍ വനമേഖലയിലെ ഊരുകളില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്താന്‍ വനം വകുപ്പിന് ചുമതല നല്കി.
പട്ടികവർഗ കോളനികളിലെ വീടുകളുടെ ചോര്‍ച്ച തടയുന്നതിനും കോളനികള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും പട്ടികജാതി- പട്ടികവര്‍ഗ് വികസന വകുപ്പിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ എ.ഡി.എം കെ. ദേവകി, ഡെപ്യൂട്ടി കലക്ടര്‍ സി. മുഹമ്മദ് റഫീക്ക് എന്നിവര്‍ പങ്കെടുത്തു.
- റോഡരികുകളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണം
- ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മഴക്കാലത്തിന് മുന്നോടിയായി ക്ലീനിങ് ഡ്രൈവ്
- മാലിന്യങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ പിഴ
- മഴക്കാല രോഗപ്രതിരോധ ക്യാമ്പുകള്‍
- അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം
- ആശുപത്രികളുടെ ഫിറ്റ്നസ് ഉറപ്പാക്കണം
- അതിതീവ്ര മഴപെയ്യുന്ന സമയങ്ങളില്‍ വനമേഖലയിലെ ഊരുകളില്‍ പ്രത്യേക ശ്രദ്ധ
- കോളനികള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.