കൂടുതൽ പ്രദേശങ്ങളിൽ വന്യജീവി സാന്നിധ്യം; ജനം ആശങ്കയിൽ
text_fieldsകൽപറ്റ: ജില്ലയിൽ വന്യജീവി ആക്രമണം നേരിടുന്ന പ്രദേശങ്ങളുടെ എണ്ണം വർധിക്കുന്നത് ആശങ്ക പരത്തുന്നു. ബുധനാഴ്ച കൽപറ്റ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പരിസരത്തെ ചുഴലി പെരിന്തട്ടപാലത്തിനു സമീപം പശുക്കുട്ടിയെ പുലി ആക്രമിച്ചു കൊന്നു ഭക്ഷിച്ചു.
പുലിതന്നെയാണ് കല്‍പറ്റ ടൗണിനോടു ചേര്‍ന്നുള്ള ചുഴലിയില്‍ ഇറങ്ങിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ കാപ്പിത്തോട്ടത്തിലാണ് പശുക്കുട്ടിയുടെ ജഡം കണ്ടത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ പ്രദേശവാസികള്‍ ഈഭാഗത്ത് പുലിയെ കണ്ടിരുന്നു. സമീപത്ത് ചായത്തോട്ടമായതിനാല്‍ അതുവഴി വനത്തില്‍നിന്നു വന്നതാവുമെന്നാണ് കരുതുന്നത്. കാപ്പി വിളവെടുപ്പ് തുടങ്ങാനായ സമയമായതിനാൽ കർഷകർ അടക്കമുള്ളവർ ആശങ്കയിലാണ്.
പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഴ്ചകൾക്കു മുമ്പ് പനമരം കുണ്ടാല കമ്മന ഭാഗത്ത് പുലിയെ കണ്ടതിന്റെ പിറകെ പീച്ചങ്കോട് നെല്ലേരിക്കുന്ന് പരിസരത്തും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
ചിറക്കൽപടി നെല്ലിക്ക എസ്.സി കോളനി റോഡിലാണ് പുലിസാന്നിധ്യം കണ്ടെത്തിയത്. പരിസരത്തു കണ്ട കാൽപാടുകൾ പുലിയുടേതാണെന്ന് വനപാലകർ സ്ഥിരീകരിക്കുകയായിരുന്നു. ഈ പ്രദേശങ്ങളിൽ വന്യജീവിശല്യം പതിവായിരുന്നില്ല. പുലിശല്യം ഇല്ലാത്ത ഭാഗങ്ങളിലും പുലിയടക്കമുള്ള വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് എവിടെനിന്നെന്ന ചോദ്യമാണ് ഉയരുന്നത്.
വന്യമൃഗസാന്നിധ്യം തുടർക്കഥയായതോടെ ജനം ഭീതിയിലാണ്. പുലിയടക്കമുള്ള വന്യമൃഗങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉറക്കംകെടുത്താൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതിനെക്കുറിച്ച് കൃത്യമായ പഠനംപോലും പലപ്പോഴും നടക്കുന്നില്ല എന്ന പരാതിയുണ്ട്. നാടും കാടും വേർതിരിക്കുന്നതിനുള്ള ഒരു സംവിധാനവും നാളിതുവരെയായി ജില്ലയിൽ പൂർണമായും പ്രാവർത്തികമായിട്ടില്ല. സുൽത്താൻ ബത്തേരി മേഖലയിൽ കടുവസാന്നിധ്യം നാടിന്റെ ഉറക്കം കെടുത്തുന്നത് തുടരുകയാണ്. കാടുവിട്ട് നാട്ടിലിറങ്ങുന്ന വന്യജീവികൾ എങ്ങോട്ടു സഞ്ചരിക്കുന്നു എന്നറിയാതെ ജനം വലയുകയാണ്.
പലപ്പോഴും അതിരാവിലെയും രാത്രിയിലും വഴിയിലൂടെ സഞ്ചരിക്കുന്നവർ പുലിയെ പേടിക്കേണ്ട അവസ്ഥയിലാണ് നാട്ടിൻപുറം അടക്കം ഉള്ളത്. സമഗ്രമായ പഠനവും ശാശ്വതമായ പരിഹാരവും ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.