കുരുമുളക് വില ഇടിയുന്നു
text_fieldsകൽപറ്റ: വിളവെടുപ്പ് സീസൺ ആരംഭിച്ചശേഷം കുരുമുളക് വിലയിൽ വൻ ഇടിവ്. ക്വിന്റലിന് 60,000 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 46,500 രൂപയിൽ എത്തിനിൽക്കുന്നത്. ഒരാഴ്ചക്കിടെ ക്വിന്റലിന് 2,500 രൂപയോളം കുറഞ്ഞു. കേരളത്തിലെ കുരുമുളകിന് അന്താരാഷ്ട്ര മാർക്കറ്റിൽ വൻ ഡിമാൻഡ് ആയതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളിലെ കുരുമുളകിനെക്കാൾ ഉയർന്ന വില ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അന്താരാഷ്ട്ര വിലയിലേക്ക് കേരളത്തിന്റെ മാർക്കറ്റിനെയും എത്തിക്കാനുള്ള ചില ലോബികളുടെ തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോൾ കേരളത്തിലെ കുരുമുളകിന് വില കുറയാൻ കാരണമാകുന്നതെന്ന് വ്യാപാരികൾ പറയുന്നു.
സീസൺ ആരംഭിച്ചതോടെ വരവ് വർധിച്ചതും മറ്റു രാജ്യങ്ങളിൽനിന്ന് കുരുമുളക് എത്തിച്ച് ഇവിടത്തെ കുരുമുളകുമായി മിക്സ് ചെയ്ത് വിൽപന നടത്തി ലാഭം കൊയ്യുന്നതും മാർക്കറ്റ് വില കുറയാൻ കാരണമാകുന്നു. ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുരുമുളക് കുറഞ്ഞ വിലക്ക് ഇന്ത്യയിലെ ആവശ്യക്കാർ വാങ്ങാൻ തുടങ്ങിയതും വിലയിടിവിന് കാരണമായി. ഉൽപാദനം കുറവാണെങ്കിലും നേരത്തേ കുരുമുളകിനു നല്ലവില കിട്ടിയിരുന്നത് കോവിഡ് കാലത്തും പ്രളയക്കെടുതികളിലുമെല്ലാം പ്രതിസന്ധിയിലായ കർഷകർക്ക് വലിയ ആശ്വാസമായിരുന്നു. 2014ൽ ക്വിന്റലിന് 73,000 രൂപ വരെ ലഭിച്ചിരുന്നു. പിന്നീട് പടിപടിയായി കുറയുകയായിരുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് ക്വിന്റലിന് 53,000 രൂപ വിലയുണ്ടായിരുന്നതാണ് ഇപ്പോൾ 46,500ൽ എത്തിനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.