പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ റിപ്പോര്‍ട്ട് നൽകി; ജില്ലയെ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കണം
text_fieldsകൽപറ്റ: വയനാടിനെ വരള്‍ച്ചബാധിത ജില്ലയായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സി.എസ്. അജിത്കുമാര്‍ കലക്ടര്‍ ഡോ. രേണുരാജിന് കൈമാറി. വരള്‍ച്ചയില്‍ കൃഷിനാശമുണ്ടായ പഞ്ചായത്തുകള്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചതായും 25 കോടിയുടെ നഷ്ടം കണക്കാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മുള്ളന്‍കൊല്ലി, പുല്പള്ളി പഞ്ചായത്തുകളില്‍ മാത്രം വരള്‍ച്ച ബാധിച്ച് 235.8 ഹെക്ടറില്‍ അധികം കാപ്പി, കുരുമുളക്, വാഴ കൃഷികള്‍ ഉണങ്ങിനശിച്ചിട്ടുണ്ട്. പനമരം, കണിയാമ്പറ്റ, തൊണ്ടര്‍നാട്, തിരുനെല്ലി, തവിഞ്ഞാല്‍, ഇടവക, വെള്ളമുണ്ട, മാനന്തവാടി, അമ്പലവയല്‍, നെന്മേനി, സുല്‍ത്താന്‍ ബത്തേരി, നൂൽപുഴ, മീനങ്ങാടി, മുട്ടില്‍, പടിഞ്ഞാറത്തറ, കല്പറ്റ, പൊഴുതന, കോട്ടത്തറ, മേപ്പാടി, വേങ്ങപ്പള്ളി, വൈത്തിരി, പഞ്ചായത്തുകളിലും വ്യാപകമായി വിളകള്‍ നശിച്ചു.
കുരുമുളക് 198.2 ഹെക്ടര്‍, കാപ്പി 39 ഹെക്ടര്‍, നെല്ല് 10 ഹെക്ടര്‍, കവുങ്ങ് 21 ഹെക്ടര്‍, വാഴ 76.01 ഹെക്ടര്‍, പച്ചക്കറി രണ്ട് ഹെക്ടറിലും ഉണങ്ങി നശിച്ചതായി കൃഷി ഓഫിസര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
പലയിടത്തും കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. വ്യാപക കൃഷിനാശം കാരണം കര്‍ഷകര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഒരാഴ്ചകൂടി മഴ ലഭിക്കാതെ വന്നാല്‍ ജലസ്രോതസ്സുകള്‍ പൂര്‍ണമായും വറ്റിപ്പോകുമെന്നും കൃഷിനാശം ഇരട്ടിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കബനി നദിയിലെ നീരൊഴുക്ക് നിലച്ചു
പുൽപള്ളി: വേനലിന്റെ തീവ്രതയിൽ കബനി നദി നീരൊഴുക്ക് നിലച്ച നിലയിൽ. ഇതോടെ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം നിലക്കുമെന്ന അവസ്ഥയും സംജാതമായി. നീരൊഴുക്ക് നിലച്ചതോടെ തടയണ നിർമാണത്തിനും കഴിയാതായി.
50 ലക്ഷം ലിറ്റർ വെള്ളമാണ് കബനിയിൽനിന്ന് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലേക്ക് പ്രതിദിനം വിതരണം ചെയ്തുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസത്തിൽ ഇത് 10 ലക്ഷത്തിൽ താഴെയായി മാറിയിരുന്നു. വരുംദിവസങ്ങളിൽ ഇതും ഇല്ലാതാകുമെന്ന സ്ഥിതിയാണ്.
പാറക്കെട്ടുകളാണ് കബനിയിലെങ്ങും. തടയണ നിർമാണത്തിനും സാധിക്കാതായി. നീരൊഴുക്ക് അൽപമെങ്കിലും ഉണ്ടെങ്കിൽ മാത്രമേ തടയണ നിർമിക്കാൻ പറ്റുകയുള്ളു. മുമ്പ് രണ്ടു തവണ വേനൽ ശക്തമായപ്പോൾ തടയണ കെട്ടിയായിരുന്നു വെള്ളം സംഭരിച്ചിരുന്നത്.
ബാണാസുര അണക്കെട്ടിൽനിന്ന് വെള്ളം കബനിയിലേക്ക് തുറന്നുവിട്ടാൽ മാത്രമേ ഇനി കബനിയിൽ അൽപമെങ്കിലും വെള്ളമെത്തുകയുള്ളു. അല്ലെങ്കിൽ ശക്തമായ വേനൽ മഴ ലഭിക്കണം. ആയിരക്കണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പദ്ധതിയാണ് കബനി ജല വിതരണ പദ്ധതി.
നാട്ടിലെങ്ങും വരൾച്ചയിൽ കുഴൽകിണറുകളടക്കം വറ്റിയ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ കബനി നദിയിൽ നിന്നുള്ള വെള്ളത്തെയായിരുന്നു നാട്ടുകാരിൽ നല്ലൊരു പങ്കും ആശ്രയിച്ചിരുന്നത്. മരക്കടവിലെ പമ്പ് ഹൗസിൽനിന്ന് വെള്ളം മോട്ടോർ വഴി അടിച്ചുകയറ്റിയാണ് രണ്ട് പഞ്ചായത്തുകളിലേക്കും എത്തിച്ചിരുന്നത്. എന്നാൽ വെള്ളം പമ്പുചെയ്യുന്ന ഭാഗത്ത് നീരൊഴുക്ക് ഇല്ലാതായി. ഇതാണ് കുടിവെള്ള വിതരണ, ജലസേചന പദ്ധതികളെയടക്കം ബാധിച്ചിരിക്കുന്നത്.
വനത്തിനുള്ളിലെ ജലാശയങ്ങളും വറ്റുന്നു
പുൽപള്ളി: കൊടും വേനലിൽ വനത്തിനുള്ളിലെ ജലാശയങ്ങളിലും നീരുറവകളും വറ്റുന്നു. കോളറാട്ടുകുന്നിനടുത്ത വനാതിർത്തിയിലെ മുടിക്കോട്ട് ഡാമിൽ മുമ്പൊരിക്കലും വെള്ളം വറ്റിയിരുന്നില്ല. വന്യജീവികളും വനാതിർത്തി പ്രദേശങ്ങളിലെ ആദിവാസി കുടുംബങ്ങൾ കന്നുകാലികൾക്ക് വെള്ളം നൽകുന്നതിനും കുളിപ്പിക്കുന്നതിനുമെല്ലാം ഉപയോഗിച്ചിരുന്ന ഈ ജലാശയം വറ്റിക്കൊണ്ടിരിക്കുകയാണ്.
നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ട സ്ഥലത്തിന് നടുവിലാണ് മുടിക്കോട്ട് ഡാം. 250 ചതുരശ്ര മീറ്ററിൽ കൂടുതൽ വലിപ്പമുള്ള ഡാമാണിത്. മഴക്കാലത്ത് ഒഴുകിവരുന്ന വെള്ളമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. ഈ ജലാശയത്തിലെ 90 ശതമാനം വെള്ളവും വറ്റി.
ഇവിടെനിന്നാണ് വന്യജീവികൾ വെള്ളം കുടിച്ചുകൊണ്ടിരുന്നത്. ആദിവാസി കുടുംബങ്ങൾ നല്ലൊരു പങ്കും ആടുമാടുകളെ വളർത്തിയാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. വനാതിർത്തിയായതിനാൽ ഇവിടെ കൊണ്ടുവന്നാണ് അവരും വളർത്തുമൃഗങ്ങൾക്ക് വെള്ളം നൽകിയിരുന്നതും കുളിപ്പിക്കുന്നതുമെല്ലാം. വെള്ളമില്ലാതാകുന്നതോടെ ദാഹജലം തേടി വന്യജീവികൾ നാട്ടിലേക്കെത്തുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.