പ്രതിഷേധച്ചൂടിൽ മനഃസാക്ഷി ഹർത്താൽ
text_fieldsകൽപറ്റ: വന്യമൃഗ ശല്യത്തിനെതിരെ വിവിധ കർഷക സംഘടനകൾ ജില്ലയിൽ ആഹ്വാനം ചെയ്ത മനഃസാക്ഷി ഹർത്താൽ ഏറക്കുറെ പൂർണം. സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും സർവിസ് നടത്തിയില്ല. ഫാർമേഴ്സ് റിലീഫ് ഫോറം ഉൾപ്പെടെ കർഷക സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വിവിധ സംഘടനകളും ഹർത്താലിന് പിന്തുണ നൽകിയിരുന്നു.
കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തി. ചിലയിടങ്ങളിൽ ഓട്ടോറിക്ഷകളും സർവിസ് നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ നേരത്തേ പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായി കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്കൂളുകളും പ്രവർത്തിച്ചില്ല.
ഹർത്താൽ അതിർത്തി പ്രദേശങ്ങളിലും പൂർണമായിരുന്നു. തമിഴ്നാട് അതിർത്തികളായ താളൂർ, നമ്പ്യാർ കുന്ന്, പാട്ട വയൽ പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.
പുൽപള്ളി: പുൽപള്ളിയിലും ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ സർവിസ് നടത്തിയില്ല. പെട്രോൾ പമ്പുകളും ബാങ്കുകളും അടക്കം അടഞ്ഞുകിടന്നു. ഹർത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് പുൽപള്ളിയിൽ പ്രകടനം നടത്തി.
മേപ്പാടി: തോട്ടം മേഖലയായ മേപ്പാടിയിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. സ്വകാര്യ ബസുകൾ ഓടിയില്ല. കെ.എസ്.ആർ.ടി.സി ബസുകൾ അപൂർവമായി സർവിസ് നടത്തി. ഓട്ടോ-ടാക്സി, സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. വിനോദ സഞ്ചാരികളുടെ വാഹനങ്ങളും എത്തിയിരുന്നു.
മേഖലയിലെ എസ്റ്റേറ്റുകൾ പതിവുപോലെ പ്രവർത്തിച്ചു. വ്യാപാര സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ ടൗണിൽ ആൾത്തിരക്ക് വളരെ കുറവായിരുന്നു. വന്യമൃഗഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ ഹർത്താലിന് അനുകൂല പ്രതികരണമായിരുന്നു.
വൈത്തിരി: കടയടപ്പ് സമരവും ഹർത്താലും വൈത്തിരിയിൽ പൂർണം. റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. കോഴിക്കോട് വയനാട് സെക്ടറിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ഹോട്ടലുകൾ അടച്ചതുമൂലം ദൂരദിക്കുകളിൽനിന്ന് വന്ന സഞ്ചാരികൾ ഭക്ഷണം കിട്ടാതെ വലഞ്ഞു. ജില്ലയിൽ കൂടുതൽ സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തിൽ സന്ദർശകർ വളരെ കുറവായിരുന്നു.
മാനന്തവാടി: ഹർത്താൽ മാനന്തവാടി താലൂക്കിൽ പൂർണം. പ്രധാന ടൗണുകളിലെ ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ദീർഘദൂര, ഗ്രാമീണ സർവിസുകൾ നടത്തി. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. ഹർത്താലനുകൂലികൾ കാട്ടിക്കുളം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.