ഉരുൾ ദുരന്ത പുനരധിവാസം; പ്രതിഷേധം കനക്കുന്നു
text_fieldsകല്പറ്റ: ഉരുൾ ദുരന്ത പുനരധിവാസ നടപടികള്‍ വൈകുന്നതിനെതിരെ ദുരന്ത ബാധിതരും സംഘടനകളും പ്രതിഷേധത്തിനൊരുങ്ങുന്നു. ദുരന്തബാധിതരുടെ സംഘടനകളായ ജനശബ്ദവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നതിന് പുറമെ യു.ഡി.എഫും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനെതിരെ എൽ.ഡി.എഫും സമരത്തിലാണ്.
മുഴുവന്‍ ദുരന്തബാധിതരെയുമുള്പ്പെടുത്തി ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുക, ദുരന്തബാധിതരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കുക, എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകളില്‍ 10 സെന്റ് ഭൂമിയില്‍ വീട് നിര്‍മിക്കുക, കെട്ടിട ഉടമകള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുക, കൃഷി ഭൂമിക്ക് പകരം കൃഷിഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദുരന്തബാധിതരുടെ സമരം. ദുരന്തം കഴിഞ്ഞ് ഏഴു മാസമാകാറായിട്ടും പുനരധിവാസ നടപടികളിലെ മെല്ലെപ്പോക്കിനെതിരെയാണ് പ്രതിഷേധമുയരുന്നത്.
ദുരന്തത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട 242 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും രണ്ടാംഘട്ട പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞതോടെ ഒറ്റ ടൗണ്ഷിപ്പാക്കാനുള്ള നീക്കം ആശങ്കക്കിടയാക്കുന്നുണ്ട്. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ദുരന്തമേഖലയില്‍ ഗോ, നോ ഗോ സോണുകള്‍ തിരിച്ചതോടെയാണ് സുരക്ഷിത മേഖലയിലെന്നു പറഞ്ഞ് പല കുടുംബങ്ങളെയും പട്ടികയിൽനിന്ന് പുറത്താകുന്നത്. അതേസമയം, കഴിഞ്ഞ എട്ടിന് പ്രസിദ്ധീകരിച്ചു ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന ചൂരല്‍മല സ്കൂള്‍ റോഡ്, പടവെട്ടി ഭാഗങ്ങളിലെ 38ഓളം കുടുംബങ്ങള്‍ ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ജനശബ്ദത്തിന്റെ നേതൃത്വത്തിൽ ദുരന്ത ഭൂമിയിൽ കുടിൽ കെട്ടി സമരം ഇന്ന്
- കൈവശത്തിലായിരുന്ന സ്ഥലങ്ങളില്‍ ദുരന്തബാധിതര്‍ രാവിലെ ഒമ്പതിന് കുടില്‍ കെട്ടല്‍ തുടങ്ങും
കല്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ചൂരല്‍മലയിലും മുണ്ടക്കൈയിലും കുടില്‍കെട്ടല്‍ സമരം നടത്തുമെന്ന് ചൂരല്‍മല ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രണ്ടിടങ്ങളിലും കൈവശത്തിലായിരുന്ന സ്ഥലങ്ങളില്‍ ദുരന്തബാധിതര്‍ രാവിലെ ഒമ്പതിന് കുടില്‍ കെട്ടല്‍ തുടങ്ങും.
ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസം വൈകുകയാണ്. ദുരന്തം നടന്ന് ആറു മാസം പിന്നിട്ടിട്ടും പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങള്‍ക്കുള്ള ഭവനനിര്‍മാണം തുടങ്ങിയില്ല. പുനരധിവാസ പദ്ധതി ഗുണഭോക്താക്കളുടെ പൂര്‍ണ പട്ടിക പ്രസിദ്ധീകരിച്ചില്ല. പുനരധിവാസത്തിന് പ്രയോജനപ്പെടുത്താന്‍ കണ്ടെത്തിയ ഭൂമിയുമായി ബന്ധപ്പെട്ട നിയമ-സാങ്കേതിക കുരുക്കുകള്‍ പൂര്‍ണമായും അഴിഞ്ഞിട്ടില്ല. ഇതിനകം കണ്ടെത്തിയ സ്ഥലങ്ങളില്‍ പുനരധിവാസം വൈകുമെങ്കില്‍ സര്‍ക്കാര്‍ നിയമ-സാങ്കേതിക പ്രശ്നങ്ങളില്ലാത്ത ഭൂമി വിലക്കുവാങ്ങി ടൗണ്‍ഷിപ് സജ്ജമാക്കണം.
ഭവന നിര്‍മാണത്തിന് സന്നദ്ധത അറിയിച്ചവരോട് 30 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നൽകാൻ സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോൾ പുനരധിവാസം സ്വന്തം നിലക്ക് നടത്തുന്നവര്‍ക്ക് 15 ലക്ഷമെന്ന നിലപാട് ശരിയല്ല. ദുരന്തം നടന്നതിനു പിന്നാലെ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗം വാസയോഗ്യമല്ലാതായ പ്രദേശങ്ങളിലേതടക്കം 1023 കുടുംബങ്ങളുടെ പുനരധിവാസം നടത്തേണ്ടതുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.
എന്നാൽ, ഇപ്പോൾ ഗുണഭോക്താക്കളുടെ എണ്ണം പരമാവധി കുറക്കാനാണ് സർക്കാർ നീക്കം. ഉരുള്‍ ദുരന്തത്തില്‍ കൃഷിയും കെട്ടിടങ്ങളും നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ വ്യക്തത വരുത്തുന്നില്ല. ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ ഒരാൾക്കൊഴികെ മറ്റുള്ളവർക്ക് ജോലി നല്കാന് തയാറാകുന്നില്ല. ദുരന്തബാധിതരുടെ പുനരധിവാസത്തേക്കാള്‍ മറ്റു കാര്യങ്ങളിലാണ് സര്‍ക്കാരിന് താൽപര്യമെന്ന് സംശയിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ചെയര്മാന് നസീര്‍ ആലക്കല്‍, കണ്‍വീനര്‍ ഷാജിമോന്‍ ചൂരല്‍മല, ജോയന്റ് കണ്‍വീനര്‍ സെയ്തലവി ചെറിയാന്, വൈസ് ചെയര്മാന് കെ. ജിജീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
യു.ഡി.എഫ് രാപകല്‍ ഉപവാസസമരം 27ന്
- 28ന് കലക്ടറേറ്റ് വളയും
കല്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള സര്‍ക്കാരിന്റെ വീഴ്ചയിലും മെല്ലെപ്പോക്കിലും പ്രതിഷേധിച്ച് യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 27ന് വൈകീട്ട് മൂന്നു മുതൽ മുതല്‍ കലക്ടറേറ്റ് പടിക്കല്‍ രാപകല്‍ ഉപവാസസമരം നടത്തുമെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ വാര്‍ത്തസമ്മേനത്തില്‍ അറിയിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണം 28ന് കലക്ടറേറ്റ് വളയും.
സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെങ്കില്‍ ഏപ്രില്‍ 15നുള്ളില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും അനിശ്ചിതകാല നിരാഹാര സമരവും ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങും. സര്‍ക്കാറിലുള്ള പ്രതീക്ഷ അസ്തമിച്ച സാഹചര്യത്തിലാണ് തുടര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഉരുള്‍ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പറഞ്ഞ ഒരു കാര്യവും ഇതുവരെ കൃത്യമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ദുരന്തം നടന്ന് ഏഴു മാസം പിന്നിടുമ്പോഴും പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് തയാറാക്കാന്‍ പോലും സര്‍ക്കാറിന് സാധിച്ചില്ല. ഒരു ലിസ്റ്റ് ഇറക്കിയെങ്കിലും രണ്ടാമത്തെ ലിസ്റ്റ് എന്നിറങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
പുനരധിവാസത്തിന് സ്ഥലത്തിന്റെ കമ്പോളവില മാനദണ്ഡമാക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ദുരന്തബാധിതര്‍ക്കിടയില്‍ വിവേചനമുണ്ടാകാനുള്ള ഇത്തരം നീക്കങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സിദ്ദീഖ് പറഞ്ഞു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്വാങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും എം.എല്‍.എ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്മാന് ടി. ഹംസ, കണ്‍വീനര്‍ പി.പി. ആലി, മുനിസിപ്പല്‍ യു.ഡി.എഫ് ചെയര്മാന് ഗിരീഷ് കല്പറ്റ, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ദേവ്, കെ.എസ്.യു ജില്ല പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.