പി.ടി. മുഹമ്മദ്: സേവനവഴിയിൽ കർമനിരതമായ സൗമ്യസാന്നിധ്യം
text_fieldsകൽപറ്റ: പ്രായം തളർത്താത്ത ഊർജസ്വലതയുമായി നഗരത്തിലും പരിസര പ്രദേശങ്ങളിലും സേവനപഥങ്ങളിൽ ദീർഘകാലം കർമനിരതനായിരുന്നു വെള്ളിയാഴ്ച അന്തരിച്ച പി.ടിക്ക എന്ന പി.ടി. മുഹമ്മദ്. കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക മെംബറും അമരക്കാരനുമായിരുന്നു. സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മയ്യിത്ത് പരിപാലനവും നിരവധിയായ സേവന പ്രവർത്തനങ്ങൾക്കും പി.ടിയുടെ നേതൃത്വം ഉണ്ടായിരുന്നു.
താമസം ചുണ്ടേലിൽ ആണെങ്കിലും 92ാം വയസ്സിലും അതിരാവിലെ കൽപറ്റയിലെത്തി സമാനമനസ്കരായ സഹപ്രവർത്തകർക്കൊപ്പം സേവന മേഖലയിൽ സജീവമാകുന്നതായിരുന്നു അവസാനകാലം വരെ അദ്ദേഹത്തിെൻറ പതിവ്. ജീവകാരുണ്യ പ്രവർത്തനമേഖലയിൽ നിരന്തര സാന്നിധ്യമായ പി.ടി തെൻറ മാസ പെൻഷൻ ഉൾപ്പെടെ വിനിയോഗിച്ച് പ്രയാസപ്പെടുന്നവരെ കണ്ടെത്തി സഹായിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. മത- സാമൂഹിക-ജനസേവന മേഖലകളിൽ നിറസാന്നിധ്യമായിരുന്ന അേദ്ദഹം, മതഭേദമില്ലാതെ ആരാധനാലയങ്ങൾക്ക് സഹായം നൽകുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തി. ചുണ്ടേലിലെ മാർത്തോമ പള്ളിക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള സഹായങ്ങൾ ചെയ്യാൻ മുൻപന്തിയിലുണ്ടായിരുന്നു.
അവിടത്തെ പുരോഹിതരുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ജില്ലയുടെ നാനാഭാഗങ്ങളിൽ വിശാലമായ സുഹൃദ്വലയത്തിനുടമയായിരുന്നു പി.ടി. മുഹമ്മദ്. കോവിഡ് മഹാമാരിയിൽ മരണപ്പെട്ടവരെ കൽപറ്റ ചാരിറ്റി സൊസൈറ്റി പ്രവർത്തകരോടൊപ്പം മത ജാതി ഭേദമന്യേ കുളിപ്പിക്കാനും അന്ത്യകർമങ്ങളൊരുക്കാനും നേതൃത്വം നൽകി. റിലീഫ് പ്രവർത്തനങ്ങളിലും പി.ടിയുടെ പങ്ക് എടുത്തുപറയണ്ടതുതന്നെ. ഹജ്ജിന് പോയ വേളയിലും മക്കയിലും മദീനയിലും കൂട്ടം തെറ്റിയവരെ കണ്ടെത്തുന്നതിലും രോഗികളെ ശുശ്രൂഷിക്കുന്നതിലും മരണപ്പെട്ടവരെ മറമാടുന്നതിലും പി.ടി സജീവമായി രംഗത്തുണ്ടായിരുന്നു.
ആദ്യകാലത്ത് സജീവമായി രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് ഖദർ വസ്ത്രധാരണത്തിൽ മാത്രം രാഷ്ട്രീയം ഒതുക്കി. സംഘടന കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം അടിയന്തരാവസ്ഥക്കുശേഷം ജനത പാർട്ടിയുടെ ഭാഗമായി. ജനത പാർട്ടിയുടെ പിളർപ്പിനെ തുടർന്ന് സജീവ രാഷ്ട്രീയം മതിയാക്കി ജനസേവനപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. ആരോഗ്യ സംരക്ഷണത്തിെൻറ കാര്യത്തിൽ പി.ടി. ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അതിരാവിലെ നാലര മണിക്ക് ചുണ്ടേലിലെ വീട്ടിൽനിന്നും കൽപറ്റയിലുള്ള മൂച്ചിക്കുണ്ട് പുഴയിൽ നീന്താൻ എത്തുന്നത് ദിനചര്യയായിരുന്നു.
പേരക്കുട്ടികളുടെ പ്രായമുള്ള ഒരുപറ്റം ചെറുപ്പക്കാരോടൊപ്പം, അവരുടെ അതേയളവിൽ ചുറുചുറുക്കോടെ കഷ്ടപ്പെടുന്നവർക്കായി നീക്കിവെച്ച ജീവതമായിരുന്നു പി.ടിയുടേത്. കൽപറ്റയുടെ തെരുവുകളിൽ നിറസാന്നിധ്യമായിരുന്ന സേവനത്തിെൻറ സൗമ്യഭാവമാണ് പി.ടിയുടെ വിയോഗത്തോടെ വിടവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.