പ്രതിഷേധങ്ങൾക്ക് പുല്ലുവില, കണ്ണിമാങ്ങകൾ പി.ഡബ്ല്യു.ഡി ലേലം ചെയ്യുന്നു
text_fieldsകൽപറ്റ: നാട്ടുകാരുടെ എതിർപ്പിനും കാലങ്ങളായി ഉയരുന്ന പ്രതിഷേധങ്ങൾക്കും പുല്ലുവില കൽപിച്ച് റോഡരികിലെ നാട്ടുമാവുകളിലുള്ള കണ്ണിമാങ്ങകൾ പറിച്ചെടുക്കാനുള്ള അവകാശം പി.ഡബ്ല്യു.ഡി ലേലം ചെയ്ത് വിൽക്കുന്നത് തുടരുന്നു. വർഷങ്ങളായി തുടരുന്ന ഈ പ്രക്രിയ വഴി പൊതുമരാമത്ത് വകുപ്പിന് കോടികളൊന്നും വരുമാനമില്ലെങ്കിലും കരാറുകാരുടെ -പ്രത്യേകിച്ച് അച്ചാർ കമ്പനികളുടെ- താൽപര്യ സംരക്ഷണത്തിനായി വകുപ്പിൽ മുറതെറ്റാതെ നടക്കുന്ന കാര്യമായി അതുമാറിയിരിക്കുന്നു.
ഇക്കുറി റോഡരികിലെ നാട്ടുമാവുകളിൽ മുമ്പെങ്ങുമില്ലാത്തവിധം മാങ്ങയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, ജില്ലയിലെ പ്രധാന പാതയോരങ്ങളിലെ ഒരു മാവിൽപോലും ഒരു മാങ്ങയും പഴുത്ത് കിളികൾക്കോ കുഞ്ഞുങ്ങൾക്കോ തിന്നാൻ ലഭിക്കില്ല. ജില്ലയിൽ പട്ടികവർഗത്തിൽപെടുന്ന കുഞ്ഞുങ്ങളാണ് കൂടുതലും പാതയോരത്തെ നാട്ടുമാങ്ങകളെ ആഗ്രഹിച്ചെത്തുന്നവരിൽ കൂടുതൽ.
എല്ലാ പാതയോരങ്ങളിലെയും നാട്ടുമാവുകളിൽനിന്ന് മാങ്ങ പറിച്ചെടുക്കാനുള്ള അവകാശം വാശിയിലെന്നവണ്ണം പൊതുമരാമത്ത് വകുപ്പ് ഇക്കുറിയും ലേലം ചെയ്ത് വിൽക്കുകയാണ്. ചുരുങ്ങിയ വിലയ്ക്ക് വഴിയരികിലെ കണ്ണിമാങ്ങകളത്രയും കരാറെടുക്കുന്നവരിൽ ഏറെയും അച്ചാർ കമ്പനികളാണ്. കരാർ എടുക്കുന്ന മറ്റു ചിലരാകട്ടെ, ചുരുങ്ങിയ തുകക്ക് ലേലം വിളിച്ച് ഒരു കിലോ കണ്ണിമാങ്ങ 150-200 രൂപക്ക് മാർക്കറ്റിൽ വിൽക്കുന്നുമുണ്ട്. ലക്ഷങ്ങളുടെ ലാഭമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് ഇവർ തന്നെ പറയുന്നു.
കണ്ണിമാങ്ങ പറിക്കുന്നത് മാവിന്റെ കൊമ്പൊടിച്ച്
വെള്ളമുണ്ട: റോഡരികിലെ നാട്ടുമാവുകളിൽനിന്ന് മാങ്ങ പറിക്കാൻ കരാർ എടുക്കുന്നവർ കണ്ണിമാങ്ങ പറിക്കുന്നത് മാവിന്റെ കൊമ്പൊടിച്ച്. ഇത് പതിവായതോടെ നാട്ടുമാവുകളുടെ നിലനിൽപുതന്നെ ഭീഷണിയിലാണ്.
മാനന്തവാടി-നിരവിൽപുഴ റോഡരികിലെ പി.ഡബ്ല്യു.ഡിയുടെ മാവുകളിലാണ് മരത്തിന്റെ നിലനിൽപിനെതന്നെ ബാധിക്കുന്ന വിധത്തിൽ കൊമ്പുകൾ ഒടിച്ചിട്ട് കണ്ണിമാങ്ങ പറിക്കുന്നത്. മാവിന്റെ കൊമ്പുകൾ ഒടിക്കാതെ, മരത്തിന് ദോഷകരമാവാത്തവിധം മാങ്ങ പറിക്കണം എന്നാണ് ചട്ടമെങ്കിലും കരാറുകാരൻ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാറില്ല.
കഴിഞ്ഞ വർഷങ്ങളിലും ഇതേ പരാതി വ്യാപകമായിരുന്നെങ്കിലും കരാറുകാരന് ഒത്താശ ചെയ്യുന്ന നിലപാടാണ് അധികൃതരിൽനിന്നും ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
മധുരിക്കും ഓർമകൾ മാത്രമാവുമോ?
വൈവിധ്യമൂറുന്ന നാട്ടുമാങ്ങകളുടെ വിളനിലമായിരുന്നു മുൻകാലങ്ങളിൽ വയനാട്. എന്നാൽ, സ്വകാര്യ തോട്ടങ്ങളിലെ നാട്ടുമാവുകൾ വ്യാപകമായി മുറിച്ചതോടെ റോഡരികിൽ മാത്രമാണ് പേരിനെങ്കിലും നാട്ടുമാവുകൾ ബാക്കിയുള്ളത്. ഇവ കൂടി ഇല്ലാതായാൽ മധുരമൂറുന്ന ചെറിയ നാട്ടുമാങ്ങകൾ ഓർമകൾ മാത്രമാവുമെന്ന് പൊതുജനവും പരിസ്ഥിതി പ്രവർത്തകരുമൊക്കെ പൊതുമരാമത്ത് അധികൃതർക്കും ജില്ല കലക്ടർ അടക്കമുള്ള ജില്ല ഭരണകൂടത്തിനും പരാതികൾ നൽകിയിട്ടുപോലും ആരും ഗൗനിക്കുന്നില്ല.
അച്ചാർ കമ്പനികൾക്കുവേണ്ടിയാണ് ഈ 'കൊടുംചതി' അരങ്ങേറുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. മാങ്ങകൾ പഴുക്കാനനുവദിക്കാതെ കണ്ണിമാങ്ങകൾ പറിച്ചെടുക്കുന്നതിനാൽ മാങ്ങ പഴുത്ത് പുതിയ തൈകൾ മുളച്ചുവരാൻ അനുവദിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ നാട്ടുമാവുകൾ അന്യംനിന്നുപോയേക്കുമെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
ലേലം ചെയ്യുന്നത് 'വൃക്ഷങ്ങളുടെ ഫലങ്ങൾ'
ജില്ലയിലെ മിക്ക പ്രധാന പാതയോരങ്ങളിലെയും മാവുകൾ ലേലം ചെയ്ത് നൽകിക്കഴിഞ്ഞു. മിക്കയിടത്തും മാങ്ങപറി പുരോഗമിക്കുന്നു. കണ്ണിമാങ്ങകൾ എന്ന് പ്രത്യേകം പറയാതെ റോഡരികിലെ വൃക്ഷങ്ങളുടെ ഫലങ്ങൾ എന്ന് പൊതുവായി സൂചിപ്പിച്ചാണ് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ രീതി.
ജില്ലയിൽ ലേലം ചെയ്യാൻ ബാക്കിയുള്ള സുൽത്താൻ ബത്തേരി-നൂൽപുഴ, ചേരമ്പാടി റോഡുകളിലെ 'വൃക്ഷങ്ങളുടെ ഫലങ്ങള്‍' ഈ മാസം 30 രാവിലെ 11.30ന് ലേലം ചെയ്ത് വില്‍ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ സുല്‍ത്താന്‍ ബത്തേരി ഓഫിസ് അധികൃതർ അറിയിച്ചിട്ടുണ്ട്. മാങ്ങകൾ ഏറെയുള്ള ഈ പാതയിലെ മാവുകൾ ലേലം ചെയ്യില്ലെന്ന് കരുതി നാട്ടുകാർ ആശ്വസിച്ചിരിക്കേയാണ് കണ്ണിമാങ്ങകൾ വിൽക്കാനുറച്ച് പി.ഡബ്ല്യു.ഡി അവസാന ഘട്ടത്തിൽ രംഗത്തെത്തിയത്. അച്ചാർ കമ്പനികൾക്കുവേണ്ടിയാണ് ഈ നീക്കമെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.