കര്‍ണാടകയിലെ ക്വാറൻറീന് : എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി
text_fieldsകല്പറ്റ: കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറൻറീന് മാനദണ്ഡം ഒഴിവാക്കുന്നതിനും വിദ്യാർഥികള്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറൻറീന് നീക്കുന്നതിനും ഇടപെടല്‍ ആവശ്യപ്പെട്ട് എം.എല്‍.എമാരായ അഡ്വ. ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന്, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് കത്ത് നല്കി. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കും ആര്.ടി.പി.സി.ആർ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും കർണാടകയിലെ കൃഷിയിടങ്ങളിൽ ക്വാറൻറീനില്ലാതെ പോയിവരുന്നതിന് അവസരമൊരുക്കാൻ ഇടപെടണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടു.
കേരളത്തില്‍നിന്നും മറ്റ് വിവിധ സംസ്ഥാനങ്ങളില്‍നിന്നും നിരവധി കര്‍ഷകര്‍ കര്‍ണാടകയിൽ കൃഷി ചെയ്യുന്നുണ്ട്. കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറൻറീൻ കര്‍ഷകര്‍ക്ക് വളരെയേറെ മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. മുമ്പ് കൃഷിയിടത്തില്‍ വന്നുപോകുന്നതിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയായിരുന്നു. ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറൻറീന് ഏർപ്പെടുത്തിയതോടെ കര്‍ഷകരും വിദ്യാർഥികളും ഏറെ പ്രയാസപ്പെടുന്നു. ഇഞ്ചി-വാഴ കൃഷിയും അനുബന്ധ കൃഷിപ്പണികളും യഥാസമയം ചെയ്തുതീര്ക്കാന് സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇത് വിളനാശത്തിനും കര്‍ഷകര്‍ക്ക് വന്‍തോതിലുള്ള സാമ്പത്തികനഷ്ടത്തിനും ഇടയാക്കുന്നു. അതിനാല്‍, അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് ഇരുവരും കത്തിലൂടെ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.