തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പിന് തുടക്കം
text_fieldsകൽപറ്റ: തെരുവ് നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ജില്ലയിൽ തുടങ്ങി. കൽപറ്റ ടൗണിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ല കലക്ടർ എ. ഗീത എന്നിവരുടെ സാന്നിധ്യത്തിലാണ് കുത്തിവെപ്പ് നടപടികൾ ആരംഭിച്ചത്.
ജില്ല ഭരണകൂടത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് വാക്സിനേഷൻ നടപടികൾ. എ.ഡി.എം എൻ.ഐ. ഷാജു, ജില്ല മൃഗ സംരക്ഷണ ഓഫിസർ ഡോ. സീന ജോസ് പല്ലൻ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ. ജയരാജ്, ഡോ. റീന ജോർജ്, എ.എഫ്.ഒ കെ. ദിലീപ് കുമാർ, കെ.പി. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ ആദ്യത്തെ ഹോട്സ്പോട്ടായ കൽപറ്റയിലെ തെരുവ് നായ്ക്കൾക്കാണ് ആദ്യം വാക്സിനേഷൻ നൽകുക. തുടർന്ന് മറ്റ് ഹോട്സ്പോട്ടുകളായ സുൽത്താൻ ബത്തേരി, നൂൽപുഴ, മാനന്തവാടി എന്നിവിടങ്ങളിൽ സമയബന്ധിതമായി പൂർത്തിയാക്കും.
തെരുവ് നായ്ക്കളുടെ കടിയേറ്റ വളർത്തുമൃഗങ്ങൾ കൂടുതലുള്ള സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഹോട്സ്പോട്ടുകൾ നിർണയിച്ചത്. ഹോട്സ്പോട്ടുകൾ അല്ലാത്ത തദ്ദേശ സ്ഥാപന പരിധിയിലുള്ള തെരുവ് നായ്ക്കൾക്കും വാക്സിൻ ലഭ്യമാക്കും. വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പുരോഗമിക്കുകയാണ്.
ജില്ലയില്‍ തെരുവുനായ് ശല്യം പരിഹരിക്കുന്നതിന് പേവിഷ കുത്തിവെപ്പ്, വന്ധ്യംകരണ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കഴിഞ്ഞ ദിവസം ചേർന്ന ജില്ല ആസൂത്രണ സമിതിയും ജില്ലതല മേല്‍നോട്ട സമിതിയും തീരുമാനിച്ചിരുന്നു.
നായ്ക്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിന് സമയമെടുക്കുമെന്നതിനാല്‍ ആദ്യഘട്ടത്തില്‍ പേവിഷ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് വാക്സിനേഷൻ നടപടികൾ ആരംഭിച്ചിട്ടുള്ളത്.
ഇതിനായി തദ്ദേശ സ്ഥാപനങ്ങളിൽ രൂപവത്കരിക്കുന്ന സന്നദ്ധസേനയിൽ ചേരാൻ താൽപര്യമുള്ളവര്‍ക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.
സെപ്റ്റംബർ 30 നകം വളർത്തുമൃഗങ്ങൾക്കും ഒക്ടോബർ 20 നകം തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയിലെ ഹോട്സ്പോട്ടുകൾ
കൽപറ്റ, സുൽത്താൻ ബത്തേരി, നൂൽപുഴ, മാനന്തവാടി. തെരുവ് നായ്ക്കളുടെ കടിയേറ്റ വളർത്തുമൃഗങ്ങൾ കൂടുതലുള്ള സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഹോട്സ്പോട്ടുകൾ നിർണയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.