രാഹുൽ ഗാന്ധി നാളെ പത്രിക സമർപ്പിക്കും
text_fieldsകൽപറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ രാഹുൽ ഗാന്ധി ബുധനാഴ്ച ഉച്ചക്ക് 12ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അതിനു മുന്നോടിയായി കൽപറ്റ ടൗണില്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ്ഷോ നടക്കും. മാനന്തവാടി, സുല്‍ത്താൻ ബത്തേരി, കൽപറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജക മണ്ഡലങ്ങളിലെ നിരവധി പ്രവര്‍ത്തകർ റോഡ് ഷോയില്‍ അണിനിരക്കും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡ്ഷോയിൽ പങ്കെടുക്കും. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന രാഹുൽ ഗാന്ധി അവിടെ നിന്നും റോഡ് മാര്‍ഗം റോഡ് ഷോ കല്പറ്റ പുതിയ ബസ് സ്റ്റാൻഡിലെത്തും. സിവില്സ്റ്റേഷന് പരിസരത്ത് റോഡ് ഷോ അവസാനിപ്പിച്ച ശേഷമായിരിക്കും വരണാധികാരി കൂടിയായ ജില്ല കലക്ടര്‍ രേണുരാജിന് രാഹുൽ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുമുള്ള ജനകീയ കാമ്പയിന്റെ തുടക്കമായിരിക്കും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ കൽപറ്റയില് നടക്കുന്ന റോഡ് ഷോയെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ.പി അനില്‍കുമാര്‍, വര്‍ക്കിങ് ചെയര്മാന് സി.പി. ചെറിയ മുഹമ്മദ്, ട്രഷറര്‍ എന്‍.ഡി. അപ്പച്ചന്, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. സിദ്ദീഖ് എം.എല്‍.എ, യു.ഡി.എഫ് ജില്ല ചെയര്മാന് കെ.കെ അഹമ്മദ്ഹാജി, എം.സി സെബാസ്റ്റ്യന്‍, പ്രവീണ്‍ തങ്കപ്പന്, ജോസഫ്, അഡ്വ. പി.ഡി സജി, ബിനു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കെ. സുരേന്ദ്രന് ക്ഷമാപണം നടത്തണം
കൽപറ്റ: കാട്ടാന കൊന്ന അജീഷിന്റെ വീട്ടില്‍ പോയി ക്ഷമാപണം നടത്തിയിട്ടു വേണം എൻ.ഡി.എ സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന് പ്രചാരണം ആരംഭിക്കേണ്ടതെന്ന് അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ. വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. രാഹുൽ ഗാന്ധി വീട്ടിലെത്തിയ സമയത്ത് കുടുംബാംഗങ്ങള്‍ ബുദ്ധിമുട്ടുകള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക സര്‍ക്കാറുമായി രാഹുൽ ബന്ധപ്പെട്ട് 15 ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍, ഈ തുക കൊടുക്കാനാവില്ലെന്നു പറഞ്ഞ് ബി.ജെ.പി ശക്തമായ പ്രതിഷേധമാണ് നടത്തിയത്. ഇതേത്തുടര്‍ന്നായിരുന്നു അജീഷിന്റെ കുടുംബം ഈ തുക വേണ്ടെന്നു വെച്ചത്. ബി.ജെ.പി ചെയ്തത് തെറ്റായിപ്പോയെന്ന് പറയാന്‍ സുരേന്ദ്രന് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സൈറ്റിൽ പോളിങ് ബൂത്ത് അറിയാം
കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റ് മുഖേന സമ്മതിദായകര്‍ക്ക് പോളിങ് ബൂത്ത് അറിയാന്‍ സൗകര്യം ഒരുങ്ങുന്നു. https://electoralsearch.eci.gov.in ല്‍ പേര്, വയസ്സ് , ജില്ല, നിയോജക മണ്ഡലം എന്നീ വിവരങ്ങള്‍ നല്കിയാല് ബൂത്ത് ഏതാണെന്ന് അറിയാന്‍ കഴിയും. കൂടാതെ വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ നല്കി പോളിങ് ബൂത്ത് കണ്ടെത്താനുള്ള സംവിധാനവും വെബ്സൈറ്റിലുണ്ട്. വോട്ടര്‍ ഐ.ഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നല്കി ഒ.ടി.പി നല്കിയാലും വിവരം ലഭ്യമാകും. പോളിങ് ബൂത്ത് കണ്ടെത്താന്‍ സ്ക്രീനില്‍ കാണിക്കുന്ന ക്യാപ്ച്ച കോഡ് കൃത്യമായി നല്‍കണം. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമിലെ വോട്ടര്‍ ഹെല്പ്ലൈന് ആപ്പിലും ഹെല്പ്ലൈന് നമ്പറായ 1950 ലും പോളിങ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.
നീക്കിയത് 6438 പ്രചാരണസാമഗ്രികൾ
കൽപറ്റ: മാതൃക പെരുമാറ്റച്ചട്ടത്തെ തുടര്‍ന്ന് ഫ്ലയിങ്-ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയില്‍ ജില്ലയില്‍ ഇതുവരെ 6438 പോസ്റ്ററുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍, ചുവരെഴുത്ത് എന്നിവ നീക്കം ചെയ്തു. മാര്‍ച്ച് 17 മുതല്‍ 31 വരെ നടത്തിയ പരിശോധനയില്‍ മൂന്ന് നിയമസഭ മണ്ഡലങ്ങളിലെ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 5199 പോസ്റ്ററുകള്‍, 942 ബാനറുകള്‍, 297 കൊടികളുമാണ് നീക്കം ചെയ്തത്. മാര്‍ച്ച് 30, 31 തീയതികളില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 671 പോസ്റ്റര്‍, 100 ബാനര്‍, 36 കൊടികള്‍ എന്നിവയും നീക്കം ചെയ്തു. വരും ദിവസങ്ങളിലും ഫ്ലയിങ്-ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകളുടെ പരിശോധന തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.