രാഹുല്‍ഗാന്ധിയുടെ സന്ദർശനം: ജില്ലയിൽ വൻ സുരക്ഷ സന്നാഹം
text_fieldsമാനന്തവാടി: കോൺഗ്രസ് ദേശീയ നേതാവ് രാഹുല്‍ഗാന്ധി എം.പിയുടെ മണ്ഡലം സന്ദർശനത്തിന് വയനാട്ടിൽ ഒരുക്കിയത് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ വൻ സുരക്ഷ സന്നാഹം.
കൽപറ്റയിലെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച പശ്ചാത്തലത്തിലുള്ള രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനമായതിനാലാണ് കൂടുതൽ സേനയെ നിയോഗിച്ചത്. ജില്ലയില്‍ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാന പാലനത്തിനായി വിന്യസിച്ചത്. കണ്ണൂര്‍ മാങ്ങാട്ട്പറമ്പ് കെ.എ.പി ക്യാമ്പ്, മലപ്പുറം എം.എസ്.പി ക്യാമ്പ്, തൃശൂര്‍ വനിത ബറ്റാലിയന് എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസുകാരെ സുരക്ഷയൊരുക്കാൻ ജില്ലയിലെത്തിച്ചു. തിരുവനന്തപുരത്ത് എ.കെ.ജി സെന്റർ ആക്രമിച്ചതുമായി ബന്ധപ്പെട്ട സി.പി.എം പ്രതിഷേധ പ്രകടനങ്ങൾ ജില്ലയിൽ രാഹുൽ ഗാന്ധി സന്ദർശിക്കുന്ന സ്ഥലങ്ങളിലടക്കം നടന്നതിനാൽ പൊലീസ് കനത്ത ജാഗ്രതയിലായിരുന്നു. മാനന്തവാടിയിൽ സി.പി.എം പ്രതിഷേധ പ്രകടനത്തിനിടെ പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളും ഉണ്ടായെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. കണ്ണൂര്‍ ഡി.ഐ.ജി രാഹുല്‍. ആര്. നായര്‍ക്കാണ് പൊലീസിന്റെ മേല്‍നോട്ടം. ഇദ്ദേഹം കുറച്ചു ദിവസങ്ങളായി ജില്ലയില്‍ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അവധിയിലായതിനാല്‍ പൊലീസ് ആസ്ഥാനത്തെ എസ്.പിയായ ആര്. ആനന്ദിനാണ് ക്രമസമാധാന ചുമതല. മൂന്ന് തഹസില്‍ദാര്‍മാര്‍ക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലകള്‍ നല്‍കിയിരുന്നു. കോഴിക്കോട് റൂറല്‍ എസ്.പി. എ. ശ്രീനിവാസന് അധികചുമതലയും നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.