വേദന മറന്നും ക്ലാസ് തുടരുന്ന സിജി ടീച്ചർക്ക് ആശംസയുമായി രാഹുൽഗാന്ധി
text_fieldsകൽപറ്റ: കടുത്ത ശാരീരിക അവശതയിലും വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ യാതൊരുവിധ മുടക്കവും വരുത്താതെ തുടരുന്ന സിജി ടീച്ചർക്ക് അധ്യാപക ദിനത്തിൽ രാഹുൽ ഗാന്ധി എം.പി ആശംസ നേർന്നു. കുടലുകൾ ഒട്ടിച്ചേരുന്ന അപൂർവരോഗം ബാധിച്ച് രണ്ടു കൊല്ലത്തോളമായി ചികിത്സയിൽ കഴിയുന്ന സിജി, സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി ഗവ. എൽ.പി സ്കൂൾ അധ്യാപികയാണ്. സ്കൂളിലെ നാലാം ക്ലാസിലെ 37 കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ജൂൺ മുതൽ മുടക്കമില്ലാതെ എടുത്തുവരുന്നു.
രണ്ടുവർഷം മുമ്പുണ്ടായ കടുത്ത വയറുവേദനയ്ക്ക് ശേഷം നിരവധി പരിശോധനകൾ നടത്തിയതിനുശേഷമാണ് രോഗം തിരിച്ചറിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് രോഗക്കിടക്കയിൽ കിടന്നുതന്നെ ഓൺലൈൻ ക്ലാസ് തുടങ്ങി. കുടലുകൾ വീണ്ടും ഒട്ടി പിടിക്കാനുള്ള സാധ്യത ഇപ്പോഴും ഉണ്ട്.
എന്നും രാവിലെ 6.30 ന് മലയാളം ഇംഗ്ലീഷ് പത്രങ്ങളുടെ ഇ-പതിപ്പ് കുട്ടികൾക്ക് അയച്ചു നൽകും. വൈകിട്ട് നാല് മുതൽ ആറുവരെയാണ് പ്രധാന ക്ലാസ്. അധ്യാപകരുടെ പ്രതിബദ്ധതയും മാറ്റമുണ്ടാക്കാനുള്ള അവരുടെ അശ്രാന്ത പരിശ്രമവും ആണ് ആഘോഷിക്കുന്നത്. നിങ്ങളെപ്പോലുള്ള അധ്യാപകർ നമ്മുടെ കുട്ടികളെ അവരുടെ അഭിനിവേശം പിന്തുടരാൻ പ്രചോദിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി ടീച്ചർക്ക് എഴുതിയ കത്തിൽ കുറിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ഓൺലൈൻ ക്ലാസുകൾ തുടർന്ന നിങ്ങളുടെ നിശ്ചയദാർഢ്യത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നുവെന്നും വെല്ലുവിളി നിറഞ്ഞ സമയയത്തെ നിങ്ങളുടെ കുടുംബത്തിെൻറ അചഞ്ചലമായ പിന്തുണക്ക് അവരെയും അനുമോദിക്കുന്നുവെന്നും രാഹുൽ ഗാന്ധി എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.