മഴ: ചുരം റോഡിനും വേണ്ടേ സുരക്ഷ...?
text_fieldsകൽപറ്റ: മഴ കനത്ത സാഹചര്യത്തിൽ വയനാട് ചുരത്തിൽ അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തുടർച്ചയായ മഴയിൽ മണ്ണിടിച്ചിൽ ഭീഷണി ശക്തമായിട്ടും ചുരത്തിൽ 50 ടണ്ണിനുമേൽ ഭാരമുള്ള ചരക്കുവാഹനങ്ങളടക്കം ഒരു നിയന്ത്രണവുമില്ലാതെ സഞ്ചരിക്കുകയാണ്.
വയനാട് ജില്ലയില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടും മഴക്കെടുതികൾ മുൻനിർത്തി ചുരത്തിൽ ഭീമൻ ചരക്കുവാഹനങ്ങളുടെ ഗതാഗതം നിരോധിക്കാനോ നിയന്ത്രിക്കാനോ നടപടികൾ സ്വീകരിച്ചിട്ടില്ല. ക്വാറി-ക്രഷർ മാഫിയയും അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനുപിന്നിലെന്നാണ് പൊതുജനം ആരോപിക്കുന്നത്.
മഴ ഭീഷണി കനത്തതോടെ കുഴൽക്കിണറുകൾ കുഴിക്കുന്നതും മണ്ണുനീക്കുന്നതുമടക്കമുള്ള പ്രവർത്തനങ്ങൾക്കെല്ലാം ജില്ല ദുരന്ത നിവാരണ അതോറിറ്റി വിലക്കേർപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ, പുറംലോകവുമായി ബന്ധപ്പെടാൻ ഭൂരിഭാഗം വയനാട്ടുകാരുടെയും ഏകആശ്രയമായ ചുരം റോഡിന്റെ സുരക്ഷയിൽ ജില്ല ഭരണകൂടം ശ്രദ്ധചെലുത്തുന്നില്ലെന്നാണ് ആക്ഷേപം.
വയനാട് ചുരം റോഡ് നിലവിൽ കോഴിക്കോട് ജില്ല അധികൃതരുടെ നിയന്ത്രണത്തിലായതിനാൽ വയനാട് ജില്ല ഭരണകൂടത്തിന് പ്രായോഗിക പരിമിതികളുണ്ട്. ഇത് ഇതര ജില്ലകളിലെ ക്വാറി മാഫിയ മുതലെടുക്കുകയാണ്.
ചുരത്തിൽ സഞ്ചരിക്കുന്നതിനിടെ, കഴിഞ്ഞ മാസം ബൈക്കിനുമുകളിൽ കല്ലുപതിച്ച് യുവാവ് മരിച്ചിരുന്നു. ചുരത്തിൽ 50 ടണ്ണിലേറെ ഭാരവുമായി ഇടതടവില്ലാതെ വമ്പൻ ചരക്കുവാഹനങ്ങൾ സഞ്ചരിക്കുന്നതു കാരണമാണ് കല്ലുകൾ അടർന്നതെന്ന് പരിസ്ഥിതി പ്രവർത്തകരും വിദഗ്ധരും ഉൾപ്പെടെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ അപകടാവസ്ഥ മുൻനിർത്തി മഴക്കാലത്ത് അമിതഭാരമുള്ള വാഹനങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിട്ടും അക്കാര്യം പരിഗണിച്ചിട്ടില്ല.ചുരത്തിന്റെ സുരക്ഷക്ക് കനത്ത ഭീഷണിയാവുന്നതിന് പുറമെ കടുത്ത ഗതാഗതക്കുരുക്കിനും ഇവ വഴിവെക്കുകയാണ്. നേരത്തേ, പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമൊക്കെ ശക്തമായ സമയത്ത് ഇത്തരം വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.
അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ആവശ്യമാണെന്ന് ജില്ല ഭരണകൂടത്തിന് ബോധ്യമുണ്ടെന്നും ഇക്കാര്യം കോഴിക്കോട് ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്നും വയനാട് ജില്ല കലക്ടർ എ. ഗീത ഈയിടെ വ്യക്തമാക്കിയിരുന്നു. മഴഭീതി മുൻനിർത്തി കലക്ടർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.