കാലവർഷം: മൂന്നു വീടുകള്‍ മുഴുവനായും 46 വീടുകള്‍ ഭാഗികമായും തകര്‍ന്നു
text_fieldsകൽപറ്റ: ജില്ലയില്‍ ഇതുവരെ മൂന്ന് വീടുകള്‍ മുഴുവനായും 46 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇവര്‍ക്ക് അര്‍ഹമായ ധനസഹായം നല്‍കും. ജില്ലയിലെ ഡാമുകളുടെയും പുഴകളുടെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കും. ജില്ലയിലെ ക്വാറി പ്രവര്‍ത്തനവും മണ്ണെടുക്കലും ഉള്‍പ്രദേശങ്ങളിലേക്കുള്ള ട്രക്കിങ്ങും നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ആദിവാസി കോളനികളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കാനും ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാനും ആരോഗ്യ വകുപ്പിന് നിർദേശം നല്കി.
കലക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, എം.ബി. രാജേഷ്, ഒ.ആര്. കേളു എം.എല്‍.എ, എ.ഡി.എം എന്‍.ഐ. ഷാജു, ജില്ല പൊലീസ് മേധാവി പദം സിങ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജിതമാക്കും
കൽപറ്റ: ജില്ലയില്‍ പകര്‍ച്ചപ്പനി പ്രതിരോധം ഊർജിതമാക്കണമെന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിര്‍ദേശം നല്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആഴ്ചകള്‍തോറും പകര്‍ച്ചപ്പനി അവലോകന യോഗം നടത്തും.
ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഴ്ചയില്‍ മൂന്നു ദിവസം ഡ്രൈ ഡേ ആചരിക്കും. വെള്ളിയാഴ്ച വിദ്യാലയങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. ജില്ലയില്‍ ആറ് എലിപ്പനി മരണവും രണ്ട് ഡെങ്കിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജനം ജാഗ്രത പാലിക്കണം
കൽപറ്റ: ജില്ലയില്‍ അതിശക്തമായ മഴ (ഓറഞ്ച് അലര്‍ട്ട്) മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്പേഴ്സൻ കൂടിയായ കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം.
മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള ദുരന്തസാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറിതാമസിക്കണമെന്നും അറിയിച്ചു. ജലാശയങ്ങളില്‍ പെട്ടെന്ന് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും പുഴകളോ, തോടുകളോ മുറിച്ച് കടക്കാനോ, പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ, മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ശക്തമായ മഴ തുടരുന്നതിനാല്‍ ദുരന്ത സാധ്യത കണക്കിലെടുത്ത് ക്വാറികളുടെ പ്രവര്‍ത്തനത്തിനും, യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പിനും, മലയോരപ്രദേശങ്ങളിലേക്കുള്ള ട്രക്കിങ്ങിനും ജില്ല ദുരന്ത നിവാരണ അതോറിറ്റി നിരോധനം ഏര്‍പ്പെടുത്തി.
അടിയന്തര സാഹചര്യത്തില്‍ വിളിക്കാവുന്ന നമ്പറുകള്‍ ടോള്‍ ഫ്രീ നമ്പര്‍ : 1077, കണ്ട്രോള് റൂം
ജില്ലാതലം -04936 204151, 9562804151, 8078409770.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് - 04936 223355, 6238461385.
മാനന്തവാടി താലൂക്ക് - 04935 241111, 9446637748.
വൈത്തിരി താലൂക്ക് - 04936 256100, 8590842965
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.