പെരുന്നാൾ തിരക്കിൽ വയനാട്
text_fieldsകൽപറ്റ: ചെറിയ പെരുന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നഗരങ്ങളിൽ തിരക്ക് പാരമ്യത്തിൽ. റമദാന്റെ ആദ്യ ആഴ്ച പിന്നിട്ടപ്പോൾ തന്നെ വസ്ത്രങ്ങൾ എടുക്കുകയും സാധനങ്ങൾ വാങ്ങുകയും ചെയ്ത് അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ പലരും ശ്രമിച്ചിരുന്നു. എന്നാൽ അവസാനത്തോടെയാണ് തിരക്ക് കൂടിയത്. സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപറ്റ മേഖലകളിലൊക്കെ തിരക്ക് ഏറെയാണ്. വസ്ത്ര വ്യാപാര കേന്ദ്രങ്ങളിൽ നല്ല തിരക്കാണ്. പ്രിന്റഡ് ഷർട്ടുകളും ചൈനീസ് നെക്ക് ഷർട്ടുകളുമാണ് പുരുഷന്മാരിൽ െട്രൻഡ്. പെൺകുട്ടികളിൽ കൊറിയൻ ഫാഷനാണ് പ്രിയം. ആൺകുട്ടികൾക്ക് ‘പ്രേമലു’ സ്റ്റൈലിൽ പ്രിന്റഡ് വസ്ത്രങ്ങളോടാണ് പ്രിയം.
മിക്കയാളുകളും റമദാൻ അവസാനത്തോടെയാണ് സാധനങ്ങൾ വാങ്ങാൻ എത്തുന്നത്. വലിയ കടകളിലെന്നപോലെ ചെറിയ കടകളിലും തിരക്കുണ്ട്. ചെരിപ്പു കടകൾ, ഫാൻസി കടകൾ എന്നിവടങ്ങളിലും സമാനമാണ് സ്ഥിതി. പല കടകളും പെരുന്നാൾ കച്ചവടം മുന്നിൽ കണ്ട് കടകൾ അലങ്കരിച്ചിരുന്നു. തിരക്ക് ക്രമാതീതമായതോടെ ചില വസ്ത്ര വ്യാപാര ശാലകൾ ടോക്കൺ നൽകിയാണ് തിരക്ക് ക്രമീകരിക്കുന്നത്. കടുത്ത വേനൽ ചൂടു മൂലം മിക്കവരും വൈകുന്നേരത്തോടെയാണ് നഗരത്തിലെത്തുന്നത്. നോമ്പുതുറന്ന് പ്രാർഥനയും കഴിഞ്ഞാണ് കുടുംബസമേതം സാധനങ്ങൾ വാങ്ങാൻ നഗരത്തിലെത്തുന്നത്.
കൽപറ്റ നഗരത്തിലെ ചുങ്കം, ജൈത്ര ടാക്കീസ് പരിസരം എന്നിവിടങ്ങളിൽ രാവിലയടക്കം ഗതാഗതക്കുരുക്കുണ്ട്. മാസ ശമ്പളക്കാർ മാസാവസാനവും മറ്റ് തൊഴിൽ ചെയ്യുന്നവർ ശനി, ഞായർ ദിവസങ്ങളിലുമാണ് കൂടുതലായി സാധനങ്ങൾ വാങ്ങാൻ എത്തുന്നത്. വസ്ത്ര കടകളിലെ തിരക്ക് രാത്രി വൈകിയും തുടരും. ഏത് വിലകളിലുമുള്ള വസ്ത്രങ്ങളും ഉപഭോക്താക്കൾക്കായി സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രങ്ങൾ തയ്യിച്ചു കൊടുക്കുന്ന നിരവധി ടെയ്ലറിങ് കടകളാണ് രാത്രി വൈകിയും പ്രവർത്തിക്കുന്നത്. വേനൽ കാലമായതിനാൽ നോമ്പിന്റെ തുടക്കത്തിൽ തന്നെ ഫ്രൂട്സ് വിപണിയിൽ വൻ തിരക്കായിരുന്നു. വത്തക്കക്കാണ് ആവശ്യക്കാർ കൂടുതൽ. മെഹന്തി, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ കടകളിലും തിരക്കുണ്ട്. ഫാൻസി കടകളിലെ തിരക്ക് വരുംനാളുകളിൽ വർധിക്കും.
അടുത്താഴ്ചയാണ് വിഷുവെത്തുന്നത്. വിഷുവിനായി വസ്ത്രങ്ങൾ വാങ്ങാൻ നിരവധി പേരാണ് കടകളിൽ എത്തുന്നത്. മയിൽപീലിയും കൃഷ്ണനും ആലേഖനം ചെയ്ത സാരികൾക്കും ചുരിദാറുകൾക്കും വിഷു വിപണിയിൽ ഡിമാൻഡുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.