ദേശീയപാത വികസന പ്രവൃത്തി വേഗത്തിലാക്കാൻ നിർദേശം
text_fieldsകൽപറ്റ: ജില്ലയിലെ വികസന പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ജില്ല വികസന സമിതി യോഗം ആവശ്യപ്പെട്ടു. എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. ദേശീയപാത വികസന പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ദേശീയപാത നാലുവരിയാക്കാനുള്ള തടസ്സം നീക്കാന്‍ മന്ത്രി, എം.എല്‍.എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക യോഗം ചേരും.
കൈനാട്ടി ജങ്ഷന് മുതല്‍ കല്പറ്റ ബൈപാസ് ജങ്ഷന് വരെയുള്ള ദേശീയപാത വികസന സ്ഥലമെടുപ്പ് നടപടികള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്യും. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ നിർമിച്ചുനല്‍കുന്ന വീടുകള്‍ക്ക് നമ്പര്‍ ലഭിക്കാത്ത പ്രശ്നം പരിഹരിക്കാന്‍ ടി.ഡി.ഒമാര്‍ നല്കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടര്‍ക്ക് നിർദേശം നല്കി. മേപ്പാടി വിത്തുകാട് പ്രദേശത്തെ കൈയേറ്റ ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കെട്ടിട നമ്പര്‍, കുടിവെള്ളം, വൈദ്യുതി കണക്ഷന് ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം.
ഗോത്ര മേഖലയിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിൽ കുറവ് വന്നതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഹാജര്‍നിലയില്‍ പുരോഗതിയുള്ളതായും അധികൃതര്‍ അറിയിച്ചു. കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും ജില്ല കലക്ടര്‍ സെക്രട്ടറിയും ഡി.ഡി എജുക്കേഷന്‍ കണ്‍വീനറുമായിട്ടുള്ള കമ്മിറ്റി മൂന്നാഴ്ച കൂടുമ്പോള്‍ ചേരണമെന്നും യോഗം നിർദേശിച്ചു. പോസ്മെട്രിക് കോഴ്സുകള്‍ക്ക് ചേരുന്ന അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രാരംഭ ചെലവുകള്‍ക്ക് 5000 രൂപ വീതം നല്‍കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. എ.ബി.സി കാമ്പയിനില്‍ രേഖകള്‍ ലഭിക്കാത്തവര്‍ക്ക് ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളിലും സൗജന്യ സേവനം ലഭ്യമാക്കുന്ന ഗോത്ര സൗഹൃദ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് തയാറാക്കിയ ഡി.പി.ആര്, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് ഉചിതമായ മാറ്റങ്ങള്‍ വരുത്തി പരിഷ്കരിക്കാന്‍ ഡി.എഫ്.ഒക്ക് നിർദേശം നല്കി.
ഇക്കോ ടൂറിസം സെന്ററുകള്‍ തുറക്കാൻ നടപടി സ്വീകരിക്കണം
മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും റെയിന്‍ഗേജ് സിസ്റ്റം നടപ്പാക്കാന്‍ ജില്ല വികസന സമിതി ശിപാര്‍ശ ചെയ്യും. ഇതിനായി പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് ജില്ലതലത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് ടി. സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയിലെ ഇക്കോ ടൂറിസം സെന്ററുകള്‍ തുറക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ശാസ്ത്രജ്ഞന് ജോണ്‍ മത്തായിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക തലത്തില്‍ സര്‍വകക്ഷികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേരണം. മഴക്കാലത്ത് വീടുകളുടെ പിറകില്‍ മണ്ണിടിയുന്ന സംഭവങ്ങളില്‍ പ്രത്യേക ശ്രദ്ധയും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് പാരിസ്ഥിതിക അനുമതി നല്‍കുന്നതിന് മുമ്പ് ഡി.ഡി.എം.എ കമ്മിറ്റിയുടെ ശിപാര്‍ശയോ അഭിപ്രായമോ സ്വീകരിക്കണം. ഒരു പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ അഞ്ചോ ആറോ സ്ഥലങ്ങളില്‍ മഴമാപിനി സ്ഥാപിക്കുന്ന ജില്ല പഞ്ചായത്തിന്റെ ഡാര്‍ജിലിങ് മോഡല്‍ സംവിധാനത്തിന് എല്ലാ വകുപ്പുകളുടെയും സഹകരണം ഉണ്ടാകണം. സംവിധാനത്തിലൂടെ ജില്ലയിലെ ഏത് സ്ഥലത്തും ലഭിക്കുന്ന മഴയുടെ അളവ് കൃത്യമായും രേഖപ്പെടുത്താനാകും. ഇതിനായി പ്രത്യേക ശിൽപശാലകള് സംഘടിപ്പിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. യോഗത്തില്‍ ഉരുള്‍പൊട്ടല്‍ ദുരന്തപശ്ചാത്തലത്തില്‍ മൗനം ആചരിച്ചു. സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, പ്ലാനിങ് ഓഫിസര്‍ പ്രശാന്തന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.