ടിപ്പർ വാഹനങ്ങൾക്കുള്ള നിയന്ത്രണം; തൊഴിലാളികളെ പരിഗണിക്കാത്ത ഉത്തരവെന്ന്
text_fieldsകൽപറ്റ: വയനാട് ജില്ലയിൽ സ്കൂൾ കോളജ് പ്രവൃത്തി ദിവസങ്ങളിൽ ടിപ്പർ വാഹനങ്ങൾക്കും ടിപ്പിങ് മെക്കാനിസം ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതിൽ പ്രതിഷേധം.
ഈരംഗത്തെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഗണിക്കാതെയാണ് തീരുമാനമെന്നാണ് തൊഴിലാളികളുടെ പരാതി. രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് 3.30 മുതൽ 5 മണി വരെയും 3 മണിക്കൂർ നിരോധനമാണ് ഇത്തരം വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഒരു ദിവസം മൂന്നുമണിക്കൂർ ടിപ്പറുകൾ നിർത്തിയിടേണ്ടി വരുന്നത് മൂലം വൻസാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ഇവർ പറയുന്നു. നിർമാണ മേഖലയിലും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
ഇത് കണക്കിലെടുത്താണ് സർക്കാർ നിർദേശപ്രകാരം 2017ൽ പൊലീസ് ടിപ്പറുകളുടെ ഗതാഗതത്തിൽ ക്രമീകരണം വരുത്തിയിരുന്നു. രാവിലെ 9 മുതൽ 10 വരെ ഒരു മണിക്കൂറും വൈകിട്ട് നാലു മുതൽ 5 വരെ ഒരു മണിക്കൂറും ടിപ്പറുകൾ ഓടാൻ പാടില്ലെന്നാണ് അന്ന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്.
ഈ രൂപത്തിലുള്ള നിയന്ത്രണമാണെങ്കിൽ തൊഴിലാളികൾക്കോ ഈ രംഗത്തുള്ളവർക്കോ വലിയ പ്രയാസം ഉണ്ടാവില്ല. ഈ ഉത്തരവ് മാറ്റേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ടും ടിപ്പറുകൾ മൂന്നുമണിക്കൂർനേരം നിർത്തിയിടേണ്ട രൂപത്തിൽ ജില്ല കലക്ടർ പുതിയ ഉത്തരവിറക്കുകയായിരുന്നുവെന്ന് ഗുഡ്സ് ആൻഡ് ട്രാൻസ്പോർട്ട് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി ആരോപിച്ചു.
ഇത്തരത്തിലുള്ള ഉത്തരവുകൾമൂലം പല ജില്ലകളിലും പല സമയങ്ങളിലായി മണിക്കൂറുകളോളം വാഹനങ്ങൾ നിരത്തിൽ നിർത്തിയിടേണ്ട അവസ്ഥയാണ്. വലിയ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്.
നിരത്തുകളിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള സംവിധാനമാണ് എർപ്പെടുത്തേണ്ടത്.
ടിപ്പർ ഒഴിച്ചുള്ള മറ്റ് വാഹനങ്ങൾക്ക് ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയിലാണ് കലക്ടറുടെ ഈ ഉത്തരവ്. ഉത്തരവ് പിൻവലിക്കണമെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് കലക്ടറുടെ ചുമതലയുള്ള എ.ഡി.എമ്മിനും ജില്ല പൊലീസ് മേധാവിക്കും നിവേദനം നൽകി. പരിഹാരമില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകും.
അനീഷ് ബി നായർ അധ്യക്ഷത വഹിച്ചു. സി.പി. മുഹമ്മദാലി, കെ.പി. റഫീഖ്, മുനീർ വെങ്ങപ്പള്ളി, പ്രദീഷ് വെന്മണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.