സി.സി, ആവയല്‍ സ്വപ്ന വീടുകളില്‍ പുനരധിവാസം
text_fieldsകൽപറ്റ: മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ സി.സിയിലും ആവയലിലുമായി നിര്‍മാണം പൂര്‍ത്തിയായ 55 മാതൃക പുനരധിവാസ ഭവനങ്ങള്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഞായറാഴ്ച ഗുണഭോക്താക്കള്‍ക്ക് കൈമാറും.
മീനങ്ങാടി പഞ്ചായത്തിലെ ഭൂരഹിതരായ 44 പട്ടികവര്‍ഗ കുടുംബങ്ങളും പൂതാടി പഞ്ചായത്തിലെ ഭൂരഹിതരായ 11 പട്ടികവര്‍ഗ കുടുംബങ്ങളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍ക്കാര്‍ കണ്ടെത്തിയ 7.81 ഏക്കര്‍ ഭൂമിയിലാണ് സ്വപ്ന ഭവനങ്ങള്‍ ഒരുങ്ങിയത്. വൈദ്യുതി, കുടിവെള്ളം ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെ പൂര്‍ത്തിയാക്കിയാക്കിയിട്ടുണ്ട്.
സി.സിയില്‍ 48 വീടുകളും ആവയലില്‍ ഏഴു വീടുകളുമാണ് പട്ടിക വര്‍ഗ വകുപ്പ് നിര്‍മ്മിച്ചിട്ടുളളത്. ഒരു വീടിന് ആറു ലക്ഷം രൂപ നിരക്കില്‍ 3.30 കോടി രൂപയാണ് വീടുകള്‍ക്കായി ചെലവിട്ടത്. ജില്ല നിര്‍മിതി കേന്ദ്രമാണ് നിര്‍മാണം ഏറ്റെടുത്തത്. കുടിവെള്ളം, വൈദ്യുതി ലഭ്യമാക്കുന്നതിനായി കേരള വാട്ടര്‍ അതോറിറ്റിക്ക് 36 ലക്ഷം രൂപയും കെ.എസ്.ഇ.ബിക്ക് 10,35,748 രൂപയും പട്ടിക വര്‍ഗ വകുപ്പ് പ്രത്യേകം അനുവദിച്ചിരുന്നു.
രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ എ.ബി.സി.ഡി പദ്ധതി പ്രകാരം മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും രേഖകള്‍ ലഭ്യമാക്കി അവ ഡിജിറ്റലായി സൂക്ഷിക്കുന്നതില്‍ നൂറ് ശതമാനം നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി തൊണ്ടര്‍നാടിനെ മന്ത്രി പ്രഖ്യപിക്കും. ഐ.സി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ല കലക്ടര്‍ എ. ഗീത, സബ്കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.