കരിയിലകളാൽ വിരിഞ്ഞു, നാല് പുതു ഉൽപന്നങ്ങൾ
text_fields1.കരിയിലയിൽ നിന്ന് എൽദോ വികസിപ്പിച്ച ഷോക്ക് അബ്സോര്‍ബര്‍ ഫോം,2.എൽദോ
കല്പറ്റ: ഗവേഷണത്തിന് കിട്ടിയ അവസരം സാമ്പ്രദായിക രൂപത്തിലല്ല ഈ വയനാട് സ്വദേശി ഉപയോഗപ്പെടുത്തിയത്, ഫലമോ കരിയിലകളില്നിന്ന് രൂപംകൊണ്ടത് നാല് പുതിയ ഉൽപന്നങ്ങൾ. മീനങ്ങാടി കൊളഗപ്പാറയിലെ 49കാരനായ എൽദോയാണ് കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് ഗവേഷണത്തിനു ലഭിച്ച അവസരം ഇത്തരത്തിലുപയോഗിച്ചത്. കൊളഗപ്പാറ നാഷനല്‍ ബയോടെക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് ചെയര്‍മാനാണ് പൂവത്തിങ്കല്‍ എല്‍ദോ.
കാര്‍ബണ്‍ ഫൈബര്‍ ലൈക്ക്, ഷോക്ക് അബ്സോര്‍ബര്‍ ഫോം, വാള് ടൈല്‍സ്, സീലിങ് പാനല്‍ ബോര്‍ഡ് എന്നിവയാണ് എല്‍ദോ പുതുതായി വികസിപ്പിച്ചത്. വിവിധയിനം കരിയിലകളുടെ ശാസ്ത്രീയ ഉപയോഗത്തിലൂടെ ഏഴ് മാസമെടുത്താണ് ഇത്രയും ഉൽപന്നങ്ങള് തയാറാക്കിയത്.
ഈട്ടി, കുന്നി, മരുത് എന്നീ ഇനം മരങ്ങളുടെ കരിയില ഉപയോഗിച്ചാണ് വാള് ടൈല്‍സ് നിര്‍മിച്ചത്. നിലവില്‍ വിപണിയില്‍ ലഭ്യമായ ഇനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ കഴിയുന്നതാണ് കരിയിലകള്‍ ഉപയോഗിച്ച് തയാറാക്കുന്ന വാള് ടൈല്‍. പ്ലാവ്, മാവ്, ഇടന തുടങ്ങിയ മരങ്ങളുടെ കരിയിലകളാണ് സീലിങ് പാനല്‍ ബോര്‍ഡ് നിര്‍മാണത്തിനു പ്രയോജനപ്പെടുത്തിയത്. കുറഞ്ഞ കനവും കൂടുതല്‍ ബലവുമുള്ളതാണ് എല്‍ദോ വികസിപ്പിച്ച പാനല്‍ ബോര്‍ഡ്.
വാഹനങ്ങളുടെ ഫൈബര്‍ പാര്‍ട്ടിനു പകരം ഉപയോഗിക്കാവുന്നതാണ് കാര്‍ബണ്‍ ഫൈബര്‍ ലൈക്ക്. പ്രധാനമായും ഈട്ടി കരിയിലകളാണ് ഇതിന് ഉപയോഗിച്ചത്. തേക്ക്, മാവ്, പാണല്‍ എന്നീ മരങ്ങളുടെ കരിയിലകളാണ് ഷോക്ക് അബ്സോര്‍ബര്‍ ഫോം നിര്‍മാണത്തിനു പ്രയോജനപ്പെടുത്തിയത്. നാല് ഉൽപന്നങ്ങളുടെയും പരിശോധന എൻ.ഐ.ടിയില്‍ പൂര്‍ത്തിയായി.
വാഴപ്പോളയില്നിന്ന് വസ്ത്രം, സിമന്റ് പാക്കറ്റ് കവര്‍, കരകൗശലവസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനു ഉതകുന്ന ഗുണനിലവാരമുള്ള നാര് വേര്‍തിരിച്ചെടുക്കുന്ന യന്ത്രം, കയര്‍ പിരിക്കുന്നതിനുള്ള ഇലക്ടോണിക് റാട്ട് തുടങ്ങിയവ എല്‍ദോ നേരത്തേ വികസിപ്പിച്ചിട്ടുണ്ട്. എല്‍ദോയുടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ നിര്‍മിച്ച കാൽലക്ഷം തൊപ്പികളാണ് 2008 ബീജിങ് ഒളിമ്പിക്സില്‍ ഉപയോഗപ്പെടുത്തിയത്.
അന്താരാഷ്ട്ര ശാസ്ത്രമേളകളില് എൽദോ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2016ല്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഇന്റര്‍നാഷനല്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ മികച്ച ഗ്രാമീണ ഗവേഷകനുള്ള പുരസ്കാരം ലഭിച്ചു. സ്പൈസസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2018ലെ ഐക്കര്‍ പുരസ്കാരവും നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.