പുനരധിവാസം വേഗത്തിലാക്കണം: ലീഗ് നേതാക്കൾ റവന്യൂ മന്ത്രിയെ കണ്ടു
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സംഘം റവന്യൂ മന്ത്രിയെ കണ്ടു. നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ജില്ല പ്രതിനിധി സംഘം മന്ത്രിതല ഉപസമിതി കണ്‍വീനറും റവന്യൂ മന്ത്രിയുമായ കെ. രാജനെ കണ്ടു ചര്‍ച്ച നടത്തിയത്. സ്ഥലമേറ്റെടുപ്പ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം. സര്‍ക്കാര്‍ ഒന്നിലധികം ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും മേപ്പാടിയിലുള്ള എച്ച്.എം.എല്ലിന്റെ ഭാഗമായ നെടുമ്പാല എസ്റ്റേറ്റിന് പ്രഥമ പരിഗണന നല്‍കണം. കാലതാമസം കൂടാതെ സ്ഥലമേറ്റെടുക്കണം. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയില്‍ സന്നദ്ധ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് വീട് നിർമാണത്തിന് പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തി മറ്റ് അനുബന്ധ നിർമാണങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുന്നതിനാല്‍ ദുരന്തനിവാരണ പരിധിയില്‍ ഉള്‍പ്പെടുത്തി നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായി മന്ത്രി രാജന് അറിയിച്ചു. സന്നദ്ധ സംഘടനകള്‍ക്ക് ടൗണ്‍ഷിപ്പില്‍ പ്രത്യേകം സ്ഥലം ഉറപ്പാക്കുന്ന കാര്യത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി, മന്ത്രി കെ. രാജന് എന്നിവര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ആനുകൂല്യത്തിന് അര്‍ഹരായവരുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും അന്തിമ പട്ടിക തയാറാക്കുന്നതിന് മുന്നേ മേപ്പാടി ഗ്രാമപഞ്ചായത്തുമായി ആശയവിനിമയം നടത്തണമെന്നും ചര്‍ച്ചയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. അനിശ്ചിതത്വം അവസാനിപ്പിച്ച് തിരച്ചില്‍ ഊർജിതമാക്കണം. അതിലും കണ്ടെത്താന്‍ കഴിയാത്തവരുടെ ബന്ധുക്കള്‍ക്ക് മരണരേഖകള്‍ നല്കാന് തയാറാവണമെന്നും നേതാക്കള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. നിയമസഭ കക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീര്‍, ദുരന്തവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ലീഗ് ഉപസമിതി കണ്‍വീനര്‍ പി.കെ. ബഷീര്‍ എം.എല്‍.എ, ഉപസമിതി അംഗങ്ങളായ സി. മമ്മൂട്ടി, പി.കെ. ഫിറോസ്, ടി. മുഹമ്മദ്, റസാഖ് കല്പറ്റ, കെ. ഹാരിസ്, എം.എ. അസൈനാര്‍, സമദ് കണ്ണിയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.