റിസോർട്ട് നിർമാണം: നാടുകാണികുന്നിൽ അനധികൃത കുന്നിടിക്കൽ
text_fieldsകൽപറ്റ: കോട്ടത്തറ കരിങ്കുറ്റി നാടുകാണിക്കുന്നിൽ റിസോർട്ടിനായി കുന്നിടിച്ചത് ഗവ. മെഡിക്കൽ കോളജ് നിർമിക്കാൻ പാരിസ്ഥിതിക കാരണങ്ങൾ പറഞ്ഞ് തള്ളിയ ഭൂമിയുടെ തൊട്ടടുത്ത്. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി യെല്ലോ സോണായി പ്രഖ്യാപിച്ച സ്ഥലത്താണ് ഒരു അനുമതിയും നേടാതെ കുന്നിടിച്ചും പാറപൊട്ടിച്ചും മരം മുറിച്ചും നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. റീസർവേ 233/3ൽപെട്ട 4.60 ഏക്കർ ഭൂമിയിലായിരുന്നു അനധികൃത നിർമാണം.
നാട്ടുകാർ പ്രവൃത്തി തടഞ്ഞതോടെ വില്ലേജ് ഓഫിസർ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി ഉടമക്ക് സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്. പൊലീസ് മണ്ണുമാന്തി യന്ത്രങ്ങൾ കസ്റ്റഡിയിലെടുത്തു. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലമാണെന്ന് റിപ്പോർട്ടുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു, മെഡിക്കൽ കോളജിന് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്കിയ 50 ഏക്കർ ഭൂമി ഉപേക്ഷിക്കാൻ അന്ന് കാരണമായി സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഇതിന് തൊട്ടടുത്ത പ്രദേശത്ത് വ്യാപകമായി കുന്നിടിച്ചതാണ് ഗൗരവം വർധിപ്പിക്കുന്നത്. കുന്നിടിച്ചുള്ള നിർമാണ പ്രവൃത്തി കാരണം മലമുകളിൽ വലിയ മൺകൂന രൂപപ്പെട്ടിട്ടുണ്ട്.
മഴക്കാലത്ത് ഈ മണ്ണ് മുഴുവൻ താഴ്ഭാഗത്തേക്ക് ഒലിച്ചിറങ്ങാനും മല തുരന്ന് മണ്ണെടുത്തതിനാൽ ഉരുൾപൊട്ടാനും സാധ്യത ഏറെയാണ്. അതേസമയം, മണ്ണെടുക്കാനുള്ള ഒരു അനുമതിയും നൽകിയിട്ടില്ലെന്ന് ജിയോളജി ജില്ല ഓഫിസർ പി.എം. ഷെൽജു 'മാധ്യമ'ത്തോട് പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകിയിട്ടുണ്ടെങ്കിൽ മാത്രമേ ജിയോളജി വകുപ്പിൽ അപേക്ഷ നൽകാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഭൂവുടമകൾക്ക് പഞ്ചായത്തിൽനിന്നോ വില്ലേജ് ഓഫിസിൽനിന്നോ ഒരുവിധ അനുമതിയും നൽകിയിട്ടില്ലെന്നും ഉടമകൾ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും കോട്ടത്തറ പഞ്ചായത്ത് കരിങ്കുറ്റി വാർഡംഗം ജീന തങ്കച്ചൻ 'മാധ്യമ'ത്തോട് പറഞ്ഞു.
കുന്നിടിച്ച പ്രദേശം ഇന്നലെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സന്ദർശിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. റനീഷ്, ഗഫൂർ വെണ്ണിയോട്, പി. പ്രഭാകരൻ, അഷ്റഫ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.