വയനാട് ജില്ലയില്‍ മണ്ണെടുക്കുന്നതിന് നിയന്ത്രണങ്ങള്‍
text_fieldsകൽപറ്റ: ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ചും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ് തുടങ്ങിയ ദുരന്ത സാധ്യതകള്‍ കണക്കിലെടുത്തും മണ്ണെടുക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സൻ കൂടിയായ ജില്ല കലക്ടര്‍ ഉത്തരവിറക്കി.
ജില്ലയില്‍ ഏതു തരത്തിലുള്ള നിര്‍മാണ പ്രവൃത്തികള്‍ക്കും മൂന്നുമീറ്ററില്‍ താഴ്ചയിലോ ഉയരത്തിലോ മണ്ണ് നീക്കം ചെയ്യുമ്പോള്‍ ഓരോ മൂന്നുമീറ്ററിനും 1.5 മീറ്റര്‍ ബെഞ്ച് കട്ടിങ് നിര്‍ബസമാക്കി. തൊട്ടടുത്ത കൈവശ ഭൂമിയുടെ അതിരില്‍ നിന്നും രണ്ടുമീറ്റര്‍ അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം.
ദുരന്തസാധ്യതാ പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ളതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമായ പ്രദേശങ്ങളില്‍ കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്യുമ്പോള്‍ മൂന്നുമീറ്റര്‍ ഉയരത്തിന് രണ്ടുമീറ്റര്‍ സ്റ്റെപ്പ് കട്ടിങ് എടുത്തിരിക്കണം.
ആറുമീറ്ററിലധികം ആകെ ഉയരത്തിലോ താഴ്ചയിലോ മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി നിര്‍ബന്ധമാണ്. മൂന്നുമീറ്ററില്‍ കുറവ് ഉയരത്തിലോ താഴ്ചയിലോ മണ്ണെടുക്കുമ്പോഴും അതിര്‍ത്തിയില്‍ നിന്നും 1.5 മീറ്റര്‍ അകലം പാലിക്കാന്‍ കഴിയാത്ത പ്രത്യേക സാഹചര്യത്തില്‍ മണ്ണ് നീക്കം ചെയ്ത ഭാഗത്ത് സുരക്ഷാഭിത്തി നിര്‍മിക്കണം.
കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നത് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിലെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കണം. അംഗീകൃത എൻജിനീയര്‍മാർ, സൂപ്പര്‍വൈസര്‍മാര്‍ സ്ഥലപരിശോധന നടത്തി ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തി സാക്ഷ്യപ്പെടുത്തണം.
നിബന്ധനങ്ങള്‍ പാലിച്ച സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഗ്രാമപഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍ ഭൂവികസന, കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ അനുവദിക്കണം.
ദുരന്തസാധ്യതകള്‍ സ്ഥിരമായി ഒഴിവാക്കുന്നതിനുള്ള ശാസ്ത്രീയമായ സുരക്ഷാഭിത്തി നിര്‍മാണം തുടങ്ങിയ ക്രമീകരണങ്ങള്‍ ഈ സാഹചര്യങ്ങള്‍ നിലവിലുള്ള പ്രദേശങ്ങളില്‍ പാലിച്ചിരിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കരുത്.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പെര്‍മിറ്റുകള്‍ റദ്ദ് ചെയ്യുന്നതിനും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. നിലവില്‍ അനുമതി നല്‍കിയതും കെട്ടിട നിര്‍മാണം തുടങ്ങിയിട്ടില്ലാത്തതുമായ കേസുകളിലും ബെഞ്ച് കട്ടിങ് നിര്‍ബന്ധമാക്കിയ ഉത്തരവ് ബാധകമാണ്.
മണ്ണെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകള്‍ പാലിച്ചാണ് അംഗീകൃത എൻജിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ ബില്‍ഡിങ് പ്ലാനുകള്‍ സമര്‍പ്പിക്കുന്നതെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതാണ്.
മിനറല്‍ ട്രാന്‍സിറ്റ് പാസിനുവേണ്ടിയുള്ള അപേക്ഷകളില്‍ മണ്ണ് നീക്കം ചെയ്യുന്നത് ഉത്തരവ് പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്ന് ജിയോളജിസ്റ്റ് ഉറപ്പുവരുത്തണം. മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.