സ്കൂളുകളിലെ വിശ്രമകേന്ദ്രം; ആരോപണം ആവർത്തിച്ച് ജില്ല പഞ്ചായത്ത് എൽ.ഡി.എഫ് അംഗങ്ങൾ
text_fieldsകൽപറ്റ: സ്കൂളുകളിൽ നിർമിച്ച വിശ്രമകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിൽ ഭരണസമിതി വിജിലൻസ് അന്വേഷണം ആവശ്യപ്പെടണമെന്ന് ജില്ല പഞ്ചായത്ത് എൽ.ഡി.എഫ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഴിമതിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റിനും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമതി ചെയർപേഴ്സനുമുള്ള പങ്ക് വ്യക്തമാണെന്ന് ഇവർ ആരോപിച്ചു.
അക്രഡിറ്റഡ് ഏജൻസിക്ക് മുഴുവൻ തുകയും നൽകാൻ 2019ലെ ഉത്തരവിൽ മാത്രമേ താൻ കണ്ടിട്ടുള്ളൂവെന്നും പുതിയ ഉത്തരവ് അറിയില്ലെന്നും പ്രസിഡന്റ് പറയുമ്പോൾ അദ്ദേഹം ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നതെന്നും ഇവർ ആരോപിച്ചു.
വിശ്രമകേന്ദ്രം നിർമിക്കാൻ ഉപയോഗിക്കുന്ന സാമഗ്രികൾക്ക് മതിയായ ഗുണമേന്മയില്ല. ക്വാട്ട് ചെയ്തതിലും കുറഞ്ഞ ചെലവിൽ നിർമാണം പൂർത്തീകരിക്കാൻ കഴിയുമായിരുന്നു.
പ്രവൃത്തി പൂർത്തീകരിക്കാതെ നിർവഹണ ഏജൻസിക്ക് അടങ്കൽ പ്രകാരം വകയിരുത്തിയ 95 ലക്ഷം രൂപയും നൽകിയത് കടുത്ത നിയമവിരുദ്ധ നടപടിയാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റിനും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാനും ഡി.ഡി.ഇ ഓഫിസിലെ രണ്ടു പ്രധാന ഉദ്യോഗസ്ഥർക്കും സാമ്പത്തിക താൽപര്യങ്ങളുള്ളതുകൊണ്ടാണ് ഇങ്ങനെ തുക നൽകിയത്.
അഴിമതി മൂടിവെക്കാനും കൃത്രിമ രേഖകളുണ്ടാക്കി പ്രവൃത്തി സാധൂകരിക്കാനും വ്യാജ രേഖ തയാറാക്കാൻ ഡി.ഡി ഓഫിസ് പ്രവർത്തിക്കുകയാണെന്നും ഇതിന് പ്രസിഡന്റ് കൂട്ടുനിൽക്കുകയാണെന്നും എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.
നിർമാണത്തിലെ അപാകതകൾ കണ്ടെത്താനും ഗുണമേന്മ കുറഞ്ഞ സാമഗ്രികൾ കണ്ടെത്താനും വിദഗ്ധ സമിതിയെ നിയോഗിക്കുക, നിയമവിരുദ്ധമായി മുഴുവൻ തുകയും നൽകിയ വിദ്യാഭ്യാസ ഉപഡയറക്ടർക്കും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഡി.ഡി.ഇ ഓഫിസിലെ ക്ലർക്കിനുമെതിരെ അടിയന്തര നടപടി സ്വീകരിക്കുക, ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെയും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സന്റെയും പങ്ക് വ്യക്തമായ സാഹചര്യത്തിൽ ഇരുവരും പദവി രാജിവെക്കുക, ഗുണമേന്മ കുറഞ്ഞ സാമഗ്രികൾ നീക്കം ചെയ്ത് ഗുണമേന്മയുള്ളവ ഉപയോഗിച്ച് പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങളും എൽ.ഡി.എഫ് അംഗങ്ങൾ ഉന്നയിച്ചു.
വാർത്തസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, സുരേഷ് താളൂർ, എൻ.സി. പ്രസാദ്, എ.എൻ. സുശീല, ബിന്ദു പ്രകാശ്, സിന്ധു ശ്രീധരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.