റവന്യൂ വകുപ്പിലെ; സ്ഥലംമാറ്റം ഭരണപക്ഷ സർവിസ് സംഘടനകൾ ചേരിതിരിഞ്ഞു
text_fieldsകൽപറ്റ: പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായി ജില്ലയിലെ റവന്യൂ ജീവനക്കാരെ സ്ഥലംമാറ്റിയ ഉത്തരവിനെതിരെ അനുകൂലമായും പ്രതികൂലമായും ഭരണപക്ഷ സർവിസ് സംഘടനകൾ തന്നെ രംഗത്ത്.
മൂന്നുവർഷമായി ഒരേ ഓഫിസിൽ തന്നെ ജോലി ചെയ്യുന്ന ജീവനക്കാരെയും കലക്ടറേറ്റ് - താലൂക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒരേ സീറ്റിൽ മൂന്നുവർഷമോ അധിലധികമോ ജോലി ചെയ്യുന്ന ജീവനക്കാരെയും സ്ഥലം മാറ്റി നിയമിക്കണമെന്നാണ് ലാൻഡ് റവന്യൂ കമീഷണർ ഉത്തരവിട്ടത്.
ഓൺലൈൻ സ്ഥലംമാറ്റത്തിന്റെ ഭാഗമായി ജില്ലയിൽ നിയമിക്കപ്പെട്ട റവന്യൂ ജീവനക്കാർക്ക് ജില്ലയിലെ വിവിധ ഓഫിസുകളിൽ നിയമന ഉത്തരവ് നൽകേണ്ടത് ജില്ല കലക്ടർ ആണ്. അതിന്റെ തുടർച്ചയായി ഡെപ്യൂട്ടി കലക്ടർ (ജനറൽ) പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകളെ ചൊല്ലിയാണ് ഭരണാനുകൂല സർവിസ് സംഘടനകളായ ജോയൻറ് കൗൺസിലും എൻ.ജി.ഒ യൂനിയനും തമ്മിൽ പോരടിക്കുന്നത്. എ വൺ സീറ്റ് കൈകാര്യം ചെയ്യുന്നത് ജോയന്റ് കൗൺസിൽ പ്രതിനിധിയാണ്.
വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ ഉൾെപ്പടെയുള്ള സ്ഥലംമാറ്റം കൈകാര്യം ചെയ്യുന്ന എ ടു സീറ്റിൽ എൻ.ജി.ഒ യൂനിയൻ പ്രതിനിധിയാണുള്ളത്. മേയ് 24ന് ലാൻഡ് റവന്യൂ കമീഷണർ പുറപ്പെടുവിച്ച സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലുള്ളവരെ സ്ഥലം മാറ്റി നിയമിച്ചത് എന്ന് മാധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
മാധ്യമം വാർത്തയെത്തുടർന്ന് ലാൻഡ് റവന്യൂ കമീഷണർക്ക് ജീവനക്കാരുടെ സംഘടനകൾ പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ക്ലർക്കുമാരുടെ സ്ഥലംമാറ്റത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയുമായി എൻ.ജി.ഒ യൂനിയൻ പരസ്യമായി രംഗത്തെത്തി. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന ജോയൻറ് കൗൺസിലിന്റെ ജില്ല നേതാവ് സുൽത്താൻ ബത്തേരി താലൂക്കിലും പ്രതിപക്ഷ സർവിസ് സംഘടന നേതാവ് മാനന്തവാടി താലൂക്കിലും കഴിഞ്ഞ ഏഴു വർഷത്തിലധികമായി ഒരേ ഓഫിസിൽ ജോലി ചെയ്യുന്നത് നിലവിലുള്ള സ്ഥലംമാറ്റ ചട്ടങ്ങൾ ലംഘിച്ചാണെന്നാണ് ആരോപണം.
വില്ലേജ് ഓഫിസുകളിൽ മാത്രം ജോലി ചെയ്യുന്നവർ ഏറ്റവും കൂടുതലുള്ളത് വയനാട് ജില്ലയിലാണ്. കലക്ടറേറ്റിൽ പത്തു വർഷത്തിലധികമായി ഒരേ ഓഫിസിൽ മാത്രം ജോലി ചെയ്യുന്ന ജീവനക്കാരും ഉണ്ട്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു ലാൻഡ് റവന്യൂ കമീഷണർക്ക് നിരവധി പരാതികൾ ജീവനക്കാർ നൽകിയിട്ടുണ്ട്. സ്ഥലംമാറ്റ കാര്യത്തിൽ നിലവിലുള്ള മാനദണ്ഡങ്ങൾ സംരക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.