കിരീടത്തിലേക്ക് കാട്ടിക്കുളം
text_fieldsകൽപറ്റ: ജി.വി.എച്ച്.എസ്.എസ് കൽപറ്റയുടെ ആതിഥേയത്വത്തിൽ മുണ്ടേരി മരവയൽ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന 12ാമത് റവന്യു ജില്ല കായികമേളയിൽ മുന്നേറി ജി.എച്ച്.എസ്.എസ് കാട്ടിക്കുളം. എതിരാളികളെ പിന്നിലാക്കി 2019ൽ നഷ്ടപ്പെട്ട ഓവറോൾ ചാമ്പ്യൻഷിപ്പ് തിരിച്ചുപിടിക്കാനുള്ള പോരാട്ടം ശക്തമാക്കിയിരിക്കുകയാണ് രണ്ടാം ദിനത്തിലും കാട്ടിക്കുളം.
രണ്ടു ദിവസങ്ങളിലായി 65 ഇനങ്ങൾ പൂർത്തിയായപ്പോൾ 15 സ്വർണം, അഞ്ച് വെള്ളി, നാല് വെങ്കലം എന്നിവയുമായി 94 പോയന്‍റോടെ കാട്ടിക്കുളം ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഏഴ് സ്വർണം, ഏഴ് വെള്ളി, അഞ്ച് വെങ്കലം എന്നിവയുമായി 61 പോയന്‍റുമായി ജി.എം.ആർ.എസ് കൽപറ്റയാണ് രണ്ടാമതുള്ളത്.
മൂന്ന് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം എന്നിവയുമായി 26 പോയന്‍റുമായി മുൻ വർഷങ്ങളിൽ ചാമ്പ്യന്മാരായിരുന്ന ജി.എച്ച്.എസ്.എസ് കാക്കവയലാണ് മൂന്നാമതുള്ളത്. 2019ലെ ചാമ്പ്യന്മാരായിരുന്ന ജി.എച്ച്.എസ്.എസ് മീനങ്ങാടി രണ്ട് സ്വർണം, മൂന്ന് വെള്ളി, നാല് വെങ്കലം എന്നിവയുമായി 23 പോയന്‍റോടെ നാലാം സ്ഥാനത്താണ്.
രണ്ട് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം എന്നിവയുമായി 21 പോയന്‍റോടെ ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയാണ് അഞ്ചാമതുള്ളത്. ഉപജില്ലയിൽ 243 പോയന്‍റുമായി മാനന്തവാടിയാണ് മുന്നിൽ. 205 പോയന്‍റോടെ സുൽത്താൻ ബത്തേരി രണ്ടാം സ്ഥാനത്തും 170 പോയന്‍റോടെ വൈത്തിരി മൂന്നാം സ്ഥാനത്തുമാണ്. വെള്ളിയാഴ്ച മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു.
ഒളിമ്പ്യൻ ഒ.പി. ജെയ്ഷ ദീപശിഖ തെളിയിച്ചു. സമാപന ദിനമായ ശനിയാഴ്ച 33 ഫൈനലുകളായിരിക്കും നടക്കുക. ഇതിനുപുറമെ അധ്യാപകരുടെ മത്സരവും നടക്കും. രാവിലെ ഏഴിന് ക്രോസ്കൺട്രി മത്സരത്തോടെയാണ് ട്രാക്കുണരുക. വിവിധ വിഭാഗങ്ങളിലായി 800 മീറ്റർ ഓട്ടം, 600 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം തുടങ്ങിയ മത്സരങ്ങൾ ശനിയാഴ്ച നടക്കും.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 4 x 400 മീറ്റർ റിലെ മത്സരങ്ങളോടെ വൈകീട്ട് മൂന്നോടെ മീറ്റിന് സമാപനമാകും. സമാപന സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമ്മാന വിതരണം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.