റോഡ് അശാസ്ത്രീയത; അപകടം ഒഴിയാതെ കൽപറ്റ-വാരാമ്പറ്റ റോഡ്
text_fieldsകൽപറ്റ: അഞ്ചുവർഷമായിട്ടും പ്രവൃത്തി പൂർത്തീകരിക്കാത്ത കൽപറ്റ- വാരാമ്പറ്റ റോഡിൽ പുഴമുടി പാലത്തിന് സമീപം വീണ്ടും വാഹനാപകടം. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറിന് മുകളിലേക്ക് മറിഞ്ഞു. ഓട്ടോ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെങ്ങപ്പള്ളി സ്വദേശി മുഹമ്മദ് ദിൽഷാദ് (27) ആണ് അപകടത്തിൽപ്പെട്ടത്.
റോഡിന് താഴെ താമസിക്കുന്ന പുഴമുടി സ്വദേശി ബാപ്പുവിന്റെ വീട്ടുമുറ്റത്തേക്കാണ് തിങ്കളാഴ്ച പുലർച്ച രണ്ടിന് ഓട്ടോ മറിഞ്ഞത്. ഒരു മാസം മുമ്പും ഇവരുടെ വീട്ടു മുറ്റത്ത് കാർ മറിഞ്ഞിരുന്നു. ആറുമാസത്തിനിടെ നിരവധി വാഹനങ്ങളാണ് പരിസരത്ത് അപകടത്തിൽപ്പെട്ടത്. കിണറിന്റെ പടവിൽ തട്ടി ഓട്ടോ നിന്നതിനാൽ വൻ അപകടം ഒഴിവായി. വീടിനോട് ചേർന്ന കടയുടെ ഭിത്തിയിൽ ഇടിച്ച ശേഷമാണ് ഓട്ടോ മറിഞ്ഞത്. തുടർച്ചയായുണ്ടായ അപകടങ്ങൾക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. സെപ്റ്റംബർ ഒമ്പതിന് പുലർച്ചയാണ് നിയന്ത്രണംവിട്ട ജീപ്പ് ബാപ്പുവിന്റെ വീടിന് മുറ്റത്തേക്ക് മറിഞ്ഞത്. കൊടുവള്ളി സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് അന്ന് അപകടത്തിൽപ്പെട്ടത്. വാഹനത്തിന് കേടുപാടുണ്ടെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാറും ഇതേസ്ഥലത്ത് അപകടത്തിപ്പെട്ട് മറിഞ്ഞിരുന്നു. അന്നും ആർക്കും പരിക്ക് ഉണ്ടായിരുന്നില്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡാണിത്. 17 കി. മീ. ദൂരമുള്ള റോഡിൽ ഒന്നാംഘട്ട ടാറിങ് മാത്രമാണ് പൂർത്തിയാക്കിയത്.
അശാസ്ത്രീയ നിർമാണവും പ്രവൃത്തി മന്ദഗതിയിലായതും കാരണം ദിനംപ്രതി നിരവധി അപകടങ്ങളാണ് റോഡിൽ നടക്കുന്നത്. ഗതാഗത നിയന്ത്രണത്തിനുള്ള മുന്നറിയിപ്പ് ബോർഡുകളില്ല. റോഡിൽ മറ്റ് സുരക്ഷ സംവിധാനങ്ങളുമില്ല. അശാസ്ത്രീയമായാണ് റോഡരികിലെ ഓവുചാൽ നിർമാണവും.
മഴ പെയ്താൽ റോഡരികിലെ വീടുകളിലേക്ക് ചളിവെള്ളം ഒലിച്ചെത്തും. മലിന വെള്ളം റോഡിൽ പരന്നൊഴുകുന്നത് കാൽനടയാത്രികർക്കും ഇരുചക്ര വാഹനങ്ങൾക്കും ദുരിതമാണ്. സംരക്ഷണഭിത്തി നിർമിക്കാത്തതിനാൽ താഴെ ഭാഗത്തുള്ള വീട്ടുകാർ ഭീതിയിലാണ്. നിയന്ത്രണം വിട്ട് വാഹനങ്ങൾ വീട്ടുമുറ്റത്ത് വീഴുന്ന നിരവധി സംഭവങ്ങളുമുണ്ട്.
നിർമാണം കഴിഞ്ഞ സംരക്ഷണ ഭിത്തി പോലും റോഡിന് ആനുപാതികമായി ഉയരം ഇല്ലാത്തതും അപകടം വർധിപ്പിക്കുന്നു. പുഴമുടി, ടീച്ചർ മുക്ക്, എടഗുനി, പുഴമുടി പാലം, ഞെർളേരി പള്ളിക്ക് സമീപം തുടങ്ങി വിവിധ ഇടങ്ങളിൽ ഇത്തരത്തിൽ അപകടഭീഷണിയുണ്ട്. ഇതുവരെ റോഡിൽ പൊലിഞ്ഞത് നാലുപേരുടെ ജീവനാണ്. വെങ്ങപ്പള്ളി സ്വദേശിക്കും മൂന്ന് സഞ്ചാരികളായ വിദ്യാർഥികൾക്കുമാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. സെപ്റ്റംബർ മാസം തുടക്കത്തിൽ കാറ് കടയിലേക്ക് പാഞ്ഞു കയറി 14 കാരന് പരിക്കേറ്റിരുന്നു.
മണ്ടോക്കര റഫീക്കിന്റെ മകൻ മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി സമീപത്തെ വീട്ടുമുറ്റത്തു മറിയുകയായിരുന്നു. കടയുടെ മുൻഭാഗമടക്കം തകർന്നു. കാർ ഭാഗികമായി തകർന്നെങ്കിലും യാത്രകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
കരാറുകാരനെ പിരിച്ചുവിടാൻ തീരുമാനിച്ചതാണെന്ന് നഗരസഭ ചെയർമാൻ
കൽപറ്റ: കൽപറ്റ- വാരാമ്പറ്റ റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ പിരിച്ചു വിടാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ല ഡെവലപ്പ്മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് പറഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡാണിത്. മേയ് മാസത്തിനുള്ളിൽ റോഡ് വശത്ത് സംരക്ഷണ ഭിത്തിയുൾപ്പെടെ കെട്ടി പ്രവൃത്തി പൂർത്തീകരിക്കുമെന്ന് കരാറുകാരൻ കത്ത് നൽകിയിരുന്നു. പക്ഷേ, അഞ്ചാറ് മാസമായിട്ടും ഒരു പ്രവൃത്തിയും നടത്തുന്നില്ല. കൃത്യസമയത്ത് പ്രവൃത്തി പൂർത്തിയാക്കാതെ കാല താമസം വരുത്തുകയാണ് ചെയ്തത്. എന്നിട്ടും എസ്റ്റിമേറ്റ് പുതുക്കി നൽകണമെന്ന ആവശ്യമാണ് കരാറുകാരൻ ഉന്നയിച്ചത്. അതുപറ്റാത്തതു കൊണ്ടാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്. അതിന്റെ നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ ടെൻഡർ വിളിച്ചാൽ മാത്രമേ റോഡിന്റെ തുടർപ്രവൃത്തി ചെയ്യാൻ കഴിയുകയുള്ളൂവെന്നും ചെയർമാൻ പറഞ്ഞു. റോഡ് പ്രവൃത്തി മുഴുവനായും ടെൻഡർ കൊടുത്തതാണെന്നും മുനിസിപ്പാലിക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.