ശമ്പളം വെട്ടിക്കുറച്ചു; ഊരുവിദ്യാകേന്ദ്രം വളൻറിയര്‍മാർ വലയുന്നു
text_fieldsകല്‍പറ്റ: കോവിഡ് കാലത്ത് ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്ന ഊരുവിദ്യാകേന്ദ്രം വിദ്യാഭ്യാസ വളൻറിയര്‍മാര്‍മാരുടെ ശമ്പളം സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ജില്ലയിലെ പണിയ, കുറുമ, കുറിച്യ, നായ്ക്ക തുടങ്ങിയ 70ഓളം വളൻറിയര്‍മാരുടെ ശമ്പളമാണ് അധികൃതര്‍ വെട്ടിക്കുറച്ചത്.
സര്‍വ ശിക്ഷ കേരളയുടെ കീഴില്‍ ആദിവാസി, പിന്നാക്ക വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യാര്‍ഥം ഊരു വിദ്യാകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് വളൻറിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ മുതലാണ് ഇവരുടെ ശമ്പളവും ആനുകൂല്യവും സര്‍ക്കാര്‍ വെട്ടിക്കുറച്ചു തുടങ്ങിയത്.ആദിവാസി കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നത് തടയുകയെന്നതാണ് പ്രധാന ചുമതല. വളൻറിയര്‍മാര്‍ രാവിലെ കോളനികളിലെത്തി ആദിവാസി കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം.
കുട്ടികള്‍ വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ അവരെ പഠന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും വേണം. അതിനിടെ ക്ലാസുകള്‍ ഓണ്‍ലൈനിലായതോടെ ഇവരുടെ ജോലിഭാരവും കൂടി. വിവിധ കോളനികളില്‍ നിന്ന് ഊരുവിദ്യ കേന്ദ്രത്തിലേക്ക് രാവിലെ കുട്ടികളെ എത്തിക്കുകയും ഓരോരുത്തരും ക്ലാസ് കേട്ടുകഴിയുന്നതിനനുസരിച്ച് ഇവരെ കോളനികളിലേക്ക് തിരിച്ചെത്തിക്കുകയും വേണം.
കൂടാതെ, ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങളിലും വളൻറിയര്‍മാര്‍ ഏര്‍പ്പെടാറുണ്ട്.വിദൂര പ്രദേശങ്ങളിലുള്ള കോളനികളില്‍ നടന്നെത്തിയാണ് വളൻറിയർമാർ ജോലി ചെയ്യുന്നത്. ഒരു മാസം മുഴുവന്‍ ജോലിയെടുത്താല്‍ 600 രൂപ മാത്രമാണ് ലഭിക്കുന്നത്.
ഇതിലാണ് അധികൃതര്‍ കുറവ് വരുത്തിയത്. പുറമെ കണ്ടെയ്ൻമെൻറ് സോണുകളില്‍പെടുന്ന ഊരുവിദ്യാ കേന്ദ്രങ്ങളിലെ ഓണറേറിയം പൂര്‍ണമായും ഒഴിവാക്കി. കാരണം പോലും പറയാതെയാണ് ഓണറേറിയം വെട്ടിക്കുറച്ചത്. മുഴുവന്‍ സമയവും പണിയെടുത്തിട്ടും പൈസ കുറക്കുന്നത് അനീതിയാണെന്ന് വളൻറിയര്‍മാര്‍ പറയുന്നു. 2016 ഡിസംബര്‍ 23നാണ് ഊരുവിദ്യാകേന്ദ്രം വിദ്യാഭ്യാസ വളൻറിയര്‍മാരെ നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.