ലഹരി വിൽപന; സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി
text_fieldsകൽപറ്റ: എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ച് ലഹരി വിൽപന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളെല്ലാം കണ്ടുകെട്ടാൻ നീക്കം. ആദ്യഘട്ടമായി, മേപ്പാടിയിൽ എം.ഡി.എം.എയുമായി റാഷിദ് പിടിയിലായ സംഭവത്തിൽ ഇയാൾ അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയായി.
ഇയാളുടെ വാഹനം ഉടൻ കണ്ടുകെട്ടും. മേപ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്. ഒ ബി.കെ. സിജുവാണ് വാഹനം കണ്ടുകെട്ടുന്നതിനായുള്ള റിപ്പോർട്ട് സമർപ്പിച്ചത്. ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി (സഫേമ)ക്കും റിപ്പോർട്ടിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. ജില്ലയിലേക്കും സംസ്ഥാനത്തേക്കുമുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കർശന നടപടികളാണ് വയനാട് പൊലീസ് സ്വീകരിക്കുന്നത്.
അനധികൃതമായി സമ്പാദിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയാൽ ലഹരികടത്ത് സംഘാംഗങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനും നിയമമുണ്ട്. യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പിടികൂടിയ പ്രതികളിലൊരാളായ മലപ്പുറം, തിരൂർ, പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ് റാഷിദ് (29) ൽ നിന്നാണ് 19.79 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.
മേപ്പാടിയിൽ നിന്ന് മുട്ടിൽ ഭാഗത്തേക്ക് പോകും വഴി തൃക്കൈപ്പറ്റ വച്ച് ഇയാൾ പരിഭ്രമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പോക്കറ്റിൽ നിന്ന് എം.ഡി.എം.എ കണ്ടെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് വിൽപനയിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തിൽ ഇയാളുടെ പേരിലുള്ള കെ.എൽ 55 എച്ച് 0064 നമ്പർ മോട്ടോർ സൈക്കിൾ അനധികൃതമായി സമ്പാദിച്ചതായി കണ്ടെത്തി. തുടർന്ന് വാഹനം കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്വത്ത് കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളുമായി പൊലീസ് മുന്നോട്ട് പോവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.