അരനൂറ്റാണ്ടിനുശേഷം ഓർമകളുറങ്ങുന്ന സ്കൂളിൽ...
text_fieldsമുട്ടിൽ: കുഞ്ഞുന്നാളിൽ ഓടിക്കളിച്ച വിദ്യാലയ മുറ്റത്തേക്ക് അരനൂറ്റാണ്ടിനുശേഷം അവരെത്തി. കാലം പഴയ രൂപഭാവങ്ങളിൽ ഏറെ മാറ്റിത്തിരുത്തലുകൾ വരുത്തിയെങ്കിലും സതീർഥ്യരെ തിരിച്ചറിഞ്ഞ് അവർ ഓർമകൾ അയവിറക്കി.
മുട്ടിൽ വയനാട് ഓർഫനേജ് ഹൈസ്കൂളിലെ 1971-80 ബാച്ചുകളുടെ സംഗമമാണ് ഏറെ വൈകാരികവും അവിസ്മരണീയവുമായ മുഹൂർത്തങ്ങൾ സമ്മാനിച്ചത്. വയനാട് ഓർഫനേജ് ഹൈസ്കൂൾ അങ്കണത്തിൽ ശനിയാഴ്ച നടന്ന സമാഗമത്തിൽ നാൽപതാണ്ടു മുതൽ അരനൂറ്റാണ്ടുവരെയുള്ള കാലയളവിനുശേഷം സുഹൃത്തുക്കൾ പരസ്പരം കണ്ടുമുട്ടിയ നിമിഷങ്ങൾ അത്രമേൽ ഹൃദ്യമായിരുന്നു.
തിരിച്ചറിയാൻ കഴിയാത്തവണ്ണം മാറിപ്പോയ കൂട്ടുകാരെ പഴയ ഓർമകളിലൂടെയും പരിചയപ്പെടുത്തലുകളിലൂടെയും അവർ 'തിരിച്ചുപിടിച്ചു'.
ഗൃഹാതുരത്വമുണർത്തിയ വിദ്യാലയ മുറ്റത്ത് ഓർമകൾക്കൊപ്പം അവർ വീണ്ടും പഴയ സഹപാഠികളായി.
തങ്ങളോടൊപ്പം പങ്കെടുക്കേണ്ടിയിരുന്ന പ്രിയപ്പെട്ട പല കൂട്ടുകാരുടെയും വിയോഗവാർത്ത മധുരമൂറുന്ന അനുഭവങ്ങൾക്കിടയിലും സമാഗമത്തിന്റെ നൊമ്പരമായി. മുട്ടിൽ യതീംഖാന സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ സംഗമം ഉദ്ഘാടനം ചെയ്തു.
പഴയകാല അധ്യാപകരെ പൂർവകാല വിദ്യാർഥികൾ നിറഞ്ഞ കരഘോഷത്തോടെയാണ് വേദിയിലേക്ക് വരവേറ്റത്. നാലു പതിറ്റാണ്ടു മുമ്പ് കണ്ട തങ്ങളുടെ വിദ്യാർഥികൾ വാർധക്യത്തിൽ എത്തിയിട്ടും പലരെയും അവർ തിരിച്ചറിഞ്ഞു. ഏറെ വർഷങ്ങൾക്കുശേഷം ഇത്തരമൊരു കൂട്ടായ്മയിൽ പങ്കെടുക്കാനും പഴയ കൂട്ടുകാരോടൊന്നിച്ച് സമയം ചെലവിടാനും കഴിഞ്ഞതിൽ ഏറെ സന്തോഷം പ്രകടിപ്പിച്ചാണ് സഹപാഠികൾ പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.