പുത്തന്‍ പ്രതീക്ഷകളുമായി പുതിയ അധ്യയന വര്‍ഷം; വയനാട് ജില്ലയില്‍ ഒമ്പതിനായിരത്തിലധികം കുട്ടികള്‍ പുതുതായി സ്കൂളിലേക്ക്
text_fieldsകൽപറ്റ: കളിയും ചിരിയും ചിന്തയുമായി പുതിയ അധ്യയനവര്‍ഷത്തിന് വ്യാഴാഴ്ച തുടക്കമാവുമ്പോൾ സ്കൂളിലേക്കെത്തുന്ന നവാഗതരെ സ്വീകരിക്കാന്‍ ജില്ല, ഉപജില്ല, പഞ്ചായത്ത്, സ്കൂള്‍ തലങ്ങളില്‍ വിപുലമായ പ്രവേശനോല്‍സവം നടത്തും. ജില്ലയില്‍ ഒമ്പതിനായിരത്തിലധികം കുട്ടികള്‍ പുതിയതായി സ്കൂളില്‍ പ്രവേശനം നേടും.
ജില്ലാതല പ്രവേശനോത്സവം അമ്പലവയല്‍ ജി.വി.എച്ച്.എസ് സ്കൂളില്‍ രാവിലെ 10 ന് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. ജില്ല കലക്ടര്‍ ഡോ. രേണുരാജ് പരിപാടിയില്‍ പങ്കെടുക്കും.
അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. മുഹമ്മദ് ബഷീര്‍, ജില്ല പഞ്ചായത്ത് അംഗം സീത വിജയന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അനീഷ് ബി. നായര്‍, പഞ്ചായത്തംഗങ്ങളായ ടി.ബി. സെനു, ജെസ്സി ജോര്‍ജ്, ഷീജ ബാബു, എന്‍.സി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉപജില്ലാതല പ്രവേശനോത്സവങ്ങള്‍ മാനന്തവാടിയില്‍ കല്ലോടി എസ്.ജെ യു.പി സ്കൂളിലും വൈത്തിരിയില്‍ വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്കൂളിലും ബത്തേരിയില്‍ കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്കൂളിലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.