കൗമാരക്കുതിപ്പിന് ഇന്നു വയനാട്ടിൽ തുടക്കം
text_fieldsകല്പറ്റ: കൗമാരത്തിന്റെ വേഗവും ഉയരവും ദൂരവും തേടി ഇനി മൂന്ന് നാൾ. ജില്ല സ്കൂള്‍ കായിക മേളക്ക് വ്യാഴാഴ്ച മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ആതിഥേയത്വത്തില്‍ കല്പറ്റ എം.കെ. ജിനചന്ദ്രന് സ്മാരക സ്റ്റേഡിയത്തില്‍ തുടക്കമാവും.
750 കായിക താരങ്ങള്‍ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 ന് കായികമന്ത്രി വി. അബ്ദുറഹ്മാന് നിര്‍വഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിലൽ പറഞ്ഞു. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഒ.ആര്. കേളു എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
സമാപന സമ്മേളനം ഏഴിന് ഉച്ചകഴിഞ്ഞ് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്മാന് കെയെംതൊടി മുജീബ് അധ്യക്ഷത വഹിക്കും. മേളയില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ 96 ഇനങ്ങളില്‍ മത്സരം നടക്കും. മേള വിളംബരം ചെയ്ത് ബുധനാഴ്ച നഗരത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു.
സംഘാടക സമിതി ഭാരവാഹികളായ മുനിസിപ്പല്‍ ചെയര്മാന് മുജീബ് കെയെംതൊടി, വാര്‍ഡ് കൗണ്‍സിലര്‍ എം.കെ. ഷിബു, ആർ.ഡി.എസ്.ജി.എ സെക്രട്ടറി സനിൽ ഫ്രാൻസിസ്, മുണ്ടേരി സ്കൂള്‍ പി.ടി.എ പ്രസിഡന്റ് കെ. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി.ടി. സലാം, പ്രിന്‍സിപ്പല്‍ പി.ടി. സജീവന്, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഡി.കെ. സിന്ധു, പ്രധാനാധ്യാപിക കെ.എസ്. സീന, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ റോണി ജേക്കബ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
ജില്ല കായികമേള തട്ടിക്കൂട്ടെന്ന് പരാതി
കൽപറ്റ: ജില്ല സ്കൂൾ കായിക മേള നടത്തിപ്പിനെ സംബന്ധിച്ച് വ്യാപക പരാതി. കൃത്യമായ പ്ലാനിങ്ങും സംഘാടനവുമില്ലാതെ കായിക മേള തട്ടിക്കൂട്ടൽ മേളയായി മാറുന്നുവെന്നാണ് രക്ഷിതാക്കളടക്കമുള്ളവർ പരാതിപ്പെടുന്നത്. തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ ഗെയിംസ് നടക്കുന്ന സമയത്തു തന്നെ ജില്ല കായിക മേളയും നടക്കുന്നത് നിരവധി വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെടുത്തിയെന്നാണ് പ്രധാന പരാതികളിലൊന്ന്.
അതേസമയം, സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഉപജില്ലയിൽ പങ്കെടുത്തില്ലെങ്കിലും ജില്ല കായിക മേളയിലേക്ക് സ്കൂൾ മേധാവിയുടെ സർട്ടിഫിക്കറ്റും പങ്കെടുത്തതിന്റെ തെളിവുമായി എത്തിയാൽ അവസരം ലഭിക്കുമെന്ന സർക്കുലർ ചൊവ്വാഴ്ച സ്കൂൾ അധികൃതർക്ക് അയച്ചതായി ആർ.ഡി.എസ്.ജി.എ സെക്രട്ടറി സനിൽ ഫ്രാൻസിസ് മാധ്യമത്തോട് പറഞ്ഞു. എന്നാൽ, ഈ സർക്കുലർ പല രക്ഷിതാക്കളും ബുധനാഴ്ചയും അറിഞ്ഞിട്ടില്ല.
സംസ്ഥാന കായിക മേള നേരത്തേയാക്കിയതാണ് ജില്ല കായിക മേളയും നേരത്തേയാക്കേണ്ടി വന്നതെന്നാണ് സംഘാടകർ പറയുന്നത്. ഒരു മാസം മുമ്പു തന്നെ കായിക മേള നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ല വിദ്യഭ്യാസ സമിതി യോഗം ചേർന്നിരുന്നു. അന്ന് ഒക്ടോബർ 11 മുതൽ 13 വരെ നടത്താനായിരുന്നു തീരുമാനം.
എന്നാൽ, പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷ 11 ന് തുടങ്ങുന്നത് കാരണം നേരത്തേയാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 25 സംഘാടക സമിതി യോഗം ചേർന്ന് പുതിയ തീയതി ഉൾപ്പെടെ തീരുമാനിച്ചെങ്കിലും 10 ദിവസമായിട്ടും ഒരുക്കങ്ങൾ പൂർത്തിയായിട്ടില്ല. ബ്രോഷർ, നോട്ടീസ് തുടങ്ങിയവ കായിക മേള തുടങ്ങുന്നതിന്റെ തലേ ദിവസവും വിതരണം ചെയ്യാനായിട്ടില്ല. പ്രോഗ്രാം ഷെഡ്യൂൾ പോലും തലേ ദിവസം വൈകീട്ടാണ് അന്തിമമാക്കിയത്.
ജില്ല, ഉപജില്ല കായിക മേളയും ജില്ല ഗെയിംസുമെല്ലാം അടുത്തടുത്ത ദിനങ്ങളായത് നടത്തിപ്പുകാരെയും അധ്യാപകരെയും കാര്യമായ ബാധിച്ചിട്ടുമുണ്ട്. വിദ്യാർഥികളുടെ കായിക മുന്നേറ്റങ്ങൾ മാറ്റുരക്കേണ്ട മേളയെ പ്രഹസനമാക്കി മാറ്റരുതെന്നാണ് രക്ഷിതാക്കളടക്കമുള്ളവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.