വയനാടിന് അഭിമാനം; ഏഴ് സംസ്ഥാന കാര്‍ഷിക പുരസ്കാരങ്ങള്‍
text_fieldsകൽപറ്റ: സംസ്ഥാന കാർഷിക വികസന വകുപ്പിന്റെ ഏഴ് സംസ്ഥാനതല കാര്‍ഷിക പുരസ്കാരങ്ങള്‍ വയനാടിന്. സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി ഓഫിസറായി നെന്മേനി കൃഷി ഓഫിസര്‍ അനുപമ കൃഷ്ണന് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷിഭവനുള്ള വി.വി. രാഘവന് മെമ്മോറിയല്‍ അവാര്‍ഡ് മീനങ്ങാടി കൃഷിഭവന് സ്വന്തമാക്കി. അഞ്ചുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
വയനാടിന്റെ വനഗ്രാമം ചേകാടി ഊരിനാണ് ജൈവകൃഷി നടത്തുന്ന ആദിവാസി ക്ലസ്റ്ററിനുള്ള പുരസ്കാരം. മൂന്നു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മൂല്യവർധിത ഉൽപന്ന നിർമാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കുള്ള പുരസ്കാരം മീനങ്ങാടി പരന്താണിയില് പി.ജെ. ജോണ്സണ് നേടി. തൃശ്ശിലേരിയില്‍ പ്രവര്‍ത്തിക്കുന്ന തിരുനെല്ലി അഗ്രി പ്രൊഡ്യൂസേഴ്സ് കമ്പനിക്കാണ് മികച്ച എഫ്.പി.ഒ, എഫ്.പി.സി വിഭാഗത്തില്‍ ഒന്നാം സ്ഥാനം.
കാര്‍ഷിക മേഖലയിലെ മികച്ച സ്പെഷല്‍ സ്കൂളിനുള്ള പുരസ്കാരം തൃശ്ശിലേരിയിലെ ബഡ്സ് പാരഡൈസ് സ്പെഷല്‍ സ്കൂള്‍ നേടി. സംസ്ഥാനത്തെ പൈതൃക കൃഷി, വിത്ത് സംരക്ഷണം, വിള സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന ഊരിനുള്ള പുരസ്കാരവും നെല്ലറച്ചാലിലെ നെല്ലാറ പട്ടികവര്‍ഗ കര്‍ഷക സംഘത്തിന് ലഭിച്ചു. രണ്ടു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. കര്‍ഷകരുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രയത്നത്തിന്റെ ലക്ഷ്യപ്രാപ്തിയാണ് അംഗീകാരങ്ങളെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ രാജി വർഗീസ് പറഞ്ഞു.
പരിസ്ഥിതിയെ കാത്തു, മീനങ്ങാടി കൃഷിഭവൻ ഒന്നാമത്
സുൽത്താൻബത്തേരി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഏറ്റവും നല്ല കൃഷിഭവനായി തിരഞ്ഞെടുത്തത് മീനങ്ങാടി കൃഷിഭവനെയാണ്. കാർബൺ ന്യൂട്രൽ എന്ന ആശയത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള പദ്ധതികളാണ് മീനങ്ങാടി കൃഷിഭവന്റെ ഈ നേട്ടത്തിന് കാരണം. മണ്ണിന്റെ ജൈവാംശം നിലനിർത്തിയുള്ള കൃഷിരീതിയാണ് മീനങ്ങാടി മേഖലയിൽ കൃഷിഭവൻ ആവിഷ്കരിച്ചത്. വെറുതെ കിടക്കുന്ന പുഞ്ചപ്പാടത്ത് പയർ കൃഷി, പുഴങ്കുനി പാലത്തിനടുത്ത് മുളങ്കാട്, ഓക്സിജൻ പാർക്കുകൾ, കുരുമുളക് തൈകളുടെ ത്വരിതഗതിയിലുള്ള വിതരണം, കാർഷിക കർമസേനയുടെ പുനരുജ്ജീവനം എന്നിവയൊക്കെയാണ് കഴിഞ്ഞ ഒരു വർഷം മീനങ്ങാടി കൃഷിഭവൻ ചെയ്ത പ്രവൃത്തികൾ. കൃഷിഭവനെ ഒരു കാർഷിക ആശുപത്രിയാക്കി മാറ്റാൻ കഴിഞ്ഞുവെന്ന് കൃഷി ഓഫിസർ ജ്യോതി സി. ജോർജ് പറഞ്ഞു.
ചേകാടി ഊരിന് അർഹതക്കുള്ള അംഗീകാരം
പുൽപള്ളി: സംസ്ഥാന കാർഷിക വകുപ്പിന്റെ കാർഷിക അവാർഡ് നേടിയ പുൽപള്ളി ചേകാടി ഊര് ജൈവകൃഷിയിൽ പ്രശസ്തം. കതിര് സ്വാശ്രയസംഘത്തിന്റെ കൃഷിയാണ് അവാർഡിന് അർഹമാക്കിയത്. പുൽപള്ളി പഞ്ചായത്തിൽ ഒന്നാം വാർഡിൽ ഉൾപ്പെട്ട പ്രദേശമാണ് ചേകാടി. വനഗ്രാമമാണ് ഇവിടം. ആദിവാസി വിഭാഗക്കാരടക്കം കൃഷിയിൽ സജീവമായി നിലകൊള്ളുന്നവരാണ്. ജൈവ രീതിയിലാണ് ഭൂരിഭാഗം ആളുകളും കൃഷി നടത്തുന്നത്. സ്വന്തമായുള്ള ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലുമാണ് ഇവരുടെ ജൈവകൃഷി. കതിർ സ്വാശ്രയ സംഘാംഗങ്ങൾ 68 ഏക്കർ സ്ഥലത്താണ് കൃഷി നടത്തിവരുന്നത്. ഭൗമ സൂചിക പട്ടികയിൽ ഇടംപിടിച്ച ഗന്ധകശാല അരിയുടെ ഈറ്റില്ലം കൂടിയാണിവിടം. നെൽകൃഷിക്ക് പുറമെ പച്ചക്കറികൃഷിയിലും ഇവർ നേട്ടങ്ങൾ കൈവരിച്ചുപോരുന്നു.
വിവിധ 48 ആദിവാസി വിഭാഗത്തിൽനിന്നുള്ള കർഷകരാണ് സംഘത്തിലുള്ളത്. അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ടവർ ഈ സംഘത്തിലുണ്ട്. 2017ലാണ് ഇവർ കൃഷി ആരംഭിച്ചത്. അന്നു മുതൽ ജൈവകൃഷിതന്നെയാണ് അനുവർത്തിച്ചുപോരുന്നത്. കെ.എൻ. സുകുമാരൻ പ്രസിഡന്റും പഞ്ചായത്ത് മെംബർ രാജു തോണിക്കടവ് സെക്രട്ടറിയുമാണ്. ചിങ്ങം ഒന്നിന് തിരുവനന്തപുരത്തുവെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സ്വീകരിക്കും.
നെന്മേനിയെ തരിശുരഹിത പഞ്ചായത്താക്കിയ കൃഷി ഓഫിസർ
സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിനെ തരിശുരഹിത പഞ്ചായത്താക്കി മാറ്റിയ കൃഷി ഓഫിസർ അനുപമ കൃഷ്ണനാണ് ഇത്തവണ സംസ്ഥാന സർക്കാറിന്റെ മികച്ച കൃഷി ഓഫിസർ. കാർഷിക കർമസേന, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, കൃഷിക്കൂട്ടങ്ങൾ എന്നിവയൊക്കെ നടപ്പാക്കിയാണ് നെന്മേനിയിലെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തിയത്. ആറു കോടിയിലേറെ രൂപയാണ് ഒരു വർഷംകൊണ്ട് പഞ്ചായത്തിലെ കാർഷിക ഉന്നതിക്കുവേണ്ടി കൃഷിഭവൻ ചെലവഴിച്ചത്. ഇത് സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ തുകയാണ്. 2019 മുതൽ നെന്മേനി കൃഷിഭവനിൽ ജോലി ചെയ്യുന്ന അനുപമ കൃഷ്ണൻ മീനങ്ങാടി സ്വദേശിയാണ്.
വിത്തു സംരക്ഷണത്തിന് നെല്ലാറച്ചാൽ മാതൃക
സുൽത്താൻ ബത്തേരി: 26 ഇനം കാച്ചിൽ, മൂന്നിനം ചേന, 16 ഇനം ചേമ്പ്, 40 ഇനം വാഴ എന്നിങ്ങനെ പോകുന്നു നെല്ലാറച്ചാലിലെ പട്ടികവർഗ സംഘത്തിന് കീഴിലെ കൃഷിയിടത്തിലെ വിശേഷങ്ങൾ. ഇത്തവണ കൃഷി വകുപ്പ് ഏറ്റവും നല്ല പൈതൃക കൃഷി വിത്ത് സംരക്ഷകരായിട്ടാണ് ഈ സംഘത്തെ തിരഞ്ഞെടുത്തത്. 40 വർഷത്തിലേറെ നീളുന്നതാണ് നെല്ലറച്ചാലിലെ കൃഷിയുടെ പാരമ്പര്യം. പ്രസിഡന്റ് എം.കെ. ബാബുവിന്റെ നേതൃത്വത്തിൽ 10 കർഷകരാണ് ഇവിടെ കൃഷിയിറക്കുന്നത്. ഓരോ വർഷവും 10 ഏക്കറിൽ കുറയാതെ കൃഷി നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.