സർ, ഇക്കൊല്ലം ഇനി യൂനിഫോം നിർബന്ധമാക്കണോ...?
text_fieldsകൽപറ്റ: വിദ്യാലയങ്ങളിൽ നിലവിലെ അധ്യയന വർഷത്തിൽ യൂനിഫോം നിർബന്ധമാക്കിയ അധികൃതരുടെ നിലപാടിനെതിരെ രോഷവുമായി രക്ഷിതാക്കൾ. കഷ്ടിച്ച് രണ്ടര മാസം ക്ലാസ് ബാക്കിയിരിക്കേ, മഹാമാരിക്കാലത്ത് യൂനിഫോം നിർബന്ധമാക്കിയത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. ഡിസംബർ 13 മുതൽ യൂനിഫോം നിർബന്ധമാക്കി സർക്കാർ ഉത്തരവിട്ടിരുന്നു.
പത്താം ക്ലാസിലും പ്ലസ് ടുവിലും പഠിക്കുന്ന മിക്ക വിദ്യാർഥികൾക്കും ഈ ചുരുങ്ങിയ കാലയളവിലേക്ക് മാത്രമായി പുതിയ യൂനിഫോം തയ്ക്കേണ്ട അവസ്ഥയാണുള്ളത്. ഇതിനുശേഷം മിക്ക വിദ്യാർഥികൾക്കും അത് ഉപേക്ഷിക്കേണ്ടിവരും. പത്താം ക്ലാസിലെ വിദ്യാർഥികളേറെയും പ്ലസ് ടുവിന് പുതിയ സ്കൂളുകളിലേക്ക് മാറുന്നവരായിരിക്കും. ക്രിസ്മസ് അവധിക്കുശേഷം പല സ്കൂളുകളും യൂനിഫോം ധരിച്ചുവരാൻ കുട്ടികളെ നിർബന്ധിക്കുന്നുണ്ട്. ചില സ്കൂളുകളിലാവട്ടെ, ഇതുസംബന്ധിച്ച ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പ്രധാനാധ്യാപകർ കർശനമാക്കുന്നില്ലെന്ന് മാത്രം.
കോവിഡ് കാരണം സാമ്പത്തികമായി ജനം ഏറെ പ്രയാസത്തിലായിരിക്കുന്ന സമയത്താണ് സ്കൂളുകളിൽ യൂനിഫോം നിർബന്ധമാക്കുന്നത്. രണ്ടു ജോടി യൂനിഫോമെങ്കിലും ഒരു വിദ്യാർഥിക്ക് വേണ്ടിവരും. ഇതിന് ചുരുങ്ങിയത് 2500 രൂപ ചെലവുവരും. മിക്ക തുണിക്കടകളിലും യൂനിഫോം തുണികൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. തുണി സംഘടിപ്പിച്ചാൽതന്നെ തയൽക്കടകളിൽനിന്ന് സമയത്തിന് തയ്ച്ചുകിട്ടാനും പ്രയാസമാണിപ്പോൾ. സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ സർക്കാറാണ് യൂനിഫോം വിതരണം ചെയ്യേണ്ടത്.
എന്നാൽ, സ്കൂളുകളിലൊന്നും തുണിവിതരണം ഇതുവരെ നടന്നിട്ടില്ല. എസ്.എസ്.കെ വഴിയാണ് ഇത് നടപ്പാക്കുന്നത്. ഇതിനെല്ലാം പുറമെ ഒമിക്രോൺ വ്യാപനമുയർത്തുന്ന കടുത്ത ആശങ്കയുടെ പശ്ചാത്തലവും അധികൃതർ പരിഗണിക്കണമെന്ന് രക്ഷിതാക്കൾ പറയുന്നു. രോഗവ്യാപനം വർധിക്കുകയും സ്കൂളുകൾ അടച്ചിടേണ്ടിവരുകയും ചെയ്താൽ തയ്ച്ച യൂനിഫോം ധരിക്കാൻ പോലും സമയം ലഭിച്ചേക്കില്ലെന്ന ഭീഷണിയും മുന്നിലുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് നിലവിലെ അധ്യയന വർഷം യൂനിഫോം നിർബന്ധമാക്കുന്നതിൽനിന്ന് അധികൃതർ പിന്മാറണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.