മഴക്ക് നേരിയ ശമനം; 43 ദുരിതാശ്വാസ ക്യാമ്പുകള്‍, 127.81 ഹെക്ടർ കൃഷി നാശം, 29 വീടുകള്‍ തകര്‍ന്നു
text_fieldsകൽപറ്റ: ശക്തമായ മഴക്ക് കുറവുണ്ടായെങ്കിലും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്നും പുഴയോരങ്ങളിൽ നിന്നും വെള്ളം പൂർണമായി ഇറങ്ങിയില്ല. കോട്ടത്തറ, പനമരം, മാനന്തവാടി, പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ ഏക്കർ കണക്കിന് വയലുകളും കര പ്രദേശങ്ങളും വെള്ളം മൂടി കിടക്കുകയാണ്. ജില്ലയില്‍ നിലവിൽ 43 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 791 കുടുംബങ്ങളിലായി 2,676 പേരാണ് ഇവിടെയുള്ളത്. 139 പേർ മറ്റു വീടുകളിലേക്ക് മാറിയിട്ടുണ്ട്. 29 വീടുകൾ ഇതിനകം തകർന്നിട്ടുണ്ട്. 127.81 ഹെക്ടറിലെ കൃഷി നശിച്ചു. കെ.എസ്.ഇ.ബിയുടെ 705 വൈദ്യുതിത്തൂണുകളും അഞ്ചു ട്രാന്‍സ്ഫോര്‍മറുകളും തകർന്നു.
പാടി ലൈനിൽ ഭീതിയോടെ ആറ് കുടുംബങ്ങൾ
മേപ്പാടി: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കടൂരിൽ തകർന്നു വീഴുന്ന എസ്റ്റേറ്റ് പാടി ലൈനിൽ ഭീതിയോടെ ആറു കുടുംബങ്ങൾ. എച്ച്.എം.എൽ കടൂർ ഡിവിഷനിൽ 40 വർഷത്തിലേറെ പഴക്കമുള്ള ജീർണിച്ച പാടി ലൈനിൽ രണ്ടു തൊഴിലാളി കുടുംബങ്ങളും നാല് വാടകക്കാരുമാണ് താമസിക്കുന്നത്. പാടി ലൈനിന്റെ പിൻവശം കുറെ ഭാഗം ഇതിനകം തകർന്നു വീണിട്ടുണ്ട്. മഴയും കാറ്റും ശക്തി പ്രാപിച്ച സാഹചര്യത്തിൽ കടുംബങ്ങളെ മാറ്റിത്താമസിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
1984-85 കാലത്ത് പച്ചക്കട്ടകൾ ഉപയോഗിച്ച് നിർമിച്ച പാടി ലൈനാണിത്. ഇതിന് പിൻഭാഗത്തുനിന്ന് ഉറവുകൾ പൊട്ടി വെള്ളം പാടി ലൈനിന് ചുറ്റും പരന്നൊഴുകുന്നുണ്ട്. മഴ ചാറ്റലടിച്ച് ഭിത്തികൾ നനഞ്ഞ് തകർന്നു വീഴാനായിട്ടുണ്ട്.
തൊഴിലാളി കുടുംബങ്ങൾ സന്നദ്ധരാണെങ്കിൽ അവരെ മാറ്റിപ്പാർപ്പിക്കാൻ ഒരുക്കമാണെന്ന് മാനേജ്മെന്റ് അറിയിച്ചതായാണ് വിവരം. എന്നാൽ, തൊഴിലാളികൾ വാടകക്ക് നൽകിയ മുറികളിൽ താമസിക്കുന്ന കുടുംബങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാടാണ് എസ്റ്റേറ്റ് മാനേജ്മെന്റിനുള്ളത്. കെട്ടിടത്തിന്റെ പിൻഭാഗം പലയിടത്തും ഇടിഞ്ഞു വീണിട്ടുണ്ട്. മഴ തുടർന്നാൽ അവശേഷിക്കുന്നവ ഏതു നേരത്തും നിലം പതിക്കാമെന്ന നിലയിലാണ്.
മഴ കുറഞ്ഞതോടെ പനമരത്ത് ഭീതി അകന്നു
പനമരം: മഴ കുറഞ്ഞതോടെ ഭീതി അകന്നു പനമരം. ഒരാഴ്ചയായി തുടരുന്ന മഴയിൽ കബനി പുഴയും ചെറുപുഴയും കരകവിഞ്ഞതിനെ തുടർന്നാണ് പനമരവും പരിസര പ്രദേശങ്ങളിലുമുള്ള കുടുംബങ്ങൾ ഭീതിയിലായത്. പ്രദേശത്ത് മഴ കുറഞ്ഞത് പല സ്ഥങ്ങളിലും വെള്ളം കുറയാൻ കാരണമായി. വീടിലേക്കുള്ള വഴികളിലും ചുറ്റും വെള്ളം കയറി ബന്ധുവീടുകളിൽ താമസിച്ചവർ അവരുടെ വീടുകളിലേക്ക് തിരിച്ചു പോകാനും തുടങ്ങി. 2019ലെ പ്രളയത്തിനു ശേഷം പുഴയോര പ്രദേശങ്ങളിലുള്ളവർ മഴക്കാലമാകുന്നതോടെ ഭയത്തിലാണു കഴിയുന്നത്. പനമരം ബീനാച്ചി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി മുതൽ വാഹന ഗതാഗതം തടഞ്ഞിരുന്നു. വെള്ളം കുറഞ്ഞതോടെ ഗതാഗതം പുനഃസ്ഥാപിച്ചു. പനമരം കൂടോത്ത്മ്മൽ റോഡ്, പനമരം പാലുകുന്നു റോഡ്, ചങ്ങാടക്കടവ് പരക്കുനി റോഡ്, പനമരം ഏച്ചോം റോഡ് തുടങ്ങിയവയിൽ വെള്ളം കുറഞ്ഞതോടെ ഗതാഗത തടസ്സം നീങ്ങി. വെൽഫെയർ പാർട്ടി പനമരം പഞ്ചായത്ത് ഭാരവാഹികളായ പി. ഷാനവാസ്, കെ. മുരളീധരൻ എന്നിവർ പനമരത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.
വീടുകൾ തകർന്നു
മുട്ടിൽ: കനത്ത മഴയിൽ മുട്ടിൽ പഞ്ചായത്തിലെ പറളിക്കുന്ന് തിരുനെല്ലിക്കുന്ന് ബോയൻ കോളനിയിലെ വെങ്കിടനന്റെ വീട് തകർന്നു. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മേൽക്കൂര പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മാനന്തവാടി: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. വിന്‍സെന്റ്ഗിരി ഡിവിഷന് ചെറ്റപ്പാലം പാട്ടവയലിലെ താനിക്കപ്പുളളി ബീരാന്റെ വീടാണ് തകര്‍ന്നത്. വീട്ടുകാര്‍ അകത്തെ മുറിയിലായിരുന്നതിനാല്‍ അപകടം ഒഴിവായി. കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.