ശോഭയുടെ കൊലയാളികളെ കണ്ടെത്തണം; ഊര് സമിതി കലക്ടറേറ്റ് ധർണ നടത്തി
text_fieldsകൽപറ്റ: കുറുക്കൻമൂലയിലെ ആദിവാസി യുവതി ശോഭയുടെ കൊലയാളികളെ കണ്ടെത്താൻ വൈകുന്നു എന്നാരോപിച്ച് കുറുക്കൻമൂല ഊര് സമിതി കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ലോക്കൽ പൊലീസും എസ്.എം.എസും കേസ് അന്വേഷിച്ചത് തൃപ്തികരമല്ലെന്ന് ഊര് സമിതി ഭാരവാഹികൾ പറഞ്ഞു.
തനിക്ക് സമീപവാസിയായ ഒരാളിൽ ജനിച്ച മകളാണ് ശോഭയെന്നും ഇയാളുടെ മകനാണ് ശോഭയുടെ മരണകാരണമായ വൈദ്യുതി ഷോക്ക് സ്ഥാപിച്ചതെന്നും ശോഭയുടെ അമ്മ പറഞ്ഞു. മകൾക്ക് സ്വത്ത് നൽകാൻ സമീപവാസി തീരുമാനിച്ചതിലുള്ള വിരോധത്താൽ അയാളുടെ മകൻ മറ്റൊരാളെ ഉപയോഗിച്ച് നടത്തിയ കൊലയാണ് ശോഭയുടേതെന്ന് സംശയിക്കുന്നതായാണ് ഇവരുടെ ആരോപണം. ശോഭയും സമീപവാസിയുടെ മകനും തമ്മിലുള്ള രക്തബന്ധം തെളിയിക്കുന്നതിന് ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് വയനാട് ജില്ല പൊലീസ് മേധാവി ആയിരുന്ന ജി. പൂങ്കുഴലിക്ക് ശോഭയുടെ അമ്മ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.
എന്നാൽ, ശോഭ മരിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം ഒരു വർഷം പിന്നിട്ടിട്ടും ഡി.എൻ.എ പരിശോധന നടത്തുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ല.
ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാവുകയാണെന്ന സംശയം ഉയരുന്നത്. കേസന്വേഷണം പൂർത്തീകരിച്ച് കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സർക്കാറിന് കഴിയണമെന്നും അതിന് ആഭ്യന്തര വകുപ്പും ജില്ല ഭരണകൂടവും നടപടികൾ സ്വീകരിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത പി.യു.സി.എൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എ. പൗരൻ ആവശ്യപ്പെട്ടു.
ആദിവാസി ഫോറം നേതാവ് വെള്ള അധ്യക്ഷത വഹിച്ചു. കെ.ജെ. സിന്ധു, ഡോ. പി.ജി. ഹരി, മുജീബ് റഹ്മാൻ അഞ്ചുകുന്ന്, ഷാന്റോലാൽ, മാക്ക പയ്യംപള്ളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.