പ്രായമായ അമ്മമാരുടെ സംരക്ഷണത്തിന് സമൂഹം ഉണരണം -വനിത കമീഷൻ
text_fieldsകൽപറ്റ: സംസ്ഥാനത്ത് പ്രായമായ അമ്മമാരെ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഏറിവരുകയാണ്. വിവിധ ജില്ലകളിൽനിന്ന് ഇത്തരത്തിലുള്ള ധാരാളം പരാതികൾ കമീഷന് മുന്നിലെത്തുന്നു. ഈ പ്രവണതകൾക്കെതിരെ സമൂഹം ഉണരണമെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ ജില്ലയിൽനിന്ന് ലഭിച്ച പരാതികൾ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവർ.
തൊഴിലിടങ്ങളിൽനിന്ന് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കമീഷന് പരാതിയായി ലഭിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളിൽ ആദ്യഘട്ടത്തിൽ സ്ഥാപനതല ഇന്റേണൽ കംപ്ലയൻറ് കമ്മിറ്റി പരിശോധന നടത്തണം. തൊഴിൽ സ്ഥാപനങ്ങളുടെ ഉടമകളും മാനേജ്മെന്റും തൊഴിലിടങ്ങളിൽ ഇന്റേണൽ കംപ്ലയൻറ് കമ്മിറ്റികൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
ഗാർഹിക പീഡന പരാതികൾക്ക് കൗൺസലിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കമീഷൻ സിറ്റിങ്ങിൽതന്നെ കൗൺസിലിങ് സേവനം ലഭ്യമാകും. വിശദമായ കൗൺസിലിങ് ആവശ്യമുള്ള കേസുകളിൽ തുടർച്ചയായ കൗൺസലിങ് നൽകുമെന്നും വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സിറ്റിങ്ങിൽ 34 പരാതികൾ പരിഗണിച്ചു. സിറ്റിങ്ങിൽ എട്ടു കേസുകൾ തീർപ്പാക്കി. ആറു കേസുകൾക്ക് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു.
20 കേസുകൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. മൂന്നു ബെഞ്ചുകളാണ് കേസുകൾ പരിഗണിച്ചത്. കമീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ, കമീഷൻ ഡയറക്ടർ പി.ബി. രാജീവ്, അഡ്വക്കേറ്റുമാരായ മിനി മാത്യു, ഷേർളി, ജില്ല വനിതാ പ്രൊട്ടക്ഷൻ ഓഫിസർമായ എസ്. പണിക്കർ, ഫാമിലി കൗൺസിലർമാരായ ഉണ്ണിമായ ജോർജ്, പി.വി. സനില തുടങ്ങിയവർ സിറ്റിങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.