പാട്ട ഭൂമിയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം
text_fieldsകൽപറ്റ: ജില്ലയില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വനം വകുപ്പ് പാട്ടത്തിന് നല്കിയ ഭൂമിയുടെ പാട്ടം പുതുക്കി നല്‍കാത്തത് മൂലം കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുന്നു. വയനാട്ടിലെ നൂറു കണക്കിന് കര്‍ഷകരുടെ പ്രശ്നത്തിനാണ് ഇതു സംബന്ധിച്ചു ചേർന്ന യോഗത്തില്‍ പരിഹാരമായത്.
2003ല്‍ പാട്ടം പുതുക്കിയ കര്‍ഷകര്‍ക്കോ അവരുടെ അനന്തരാവകാശികള്‍ക്കോ വീണ്ടും ഭൂമി പാട്ടമായി നല്‍കുന്നതിനാണ് യോഗം തീരുമാനമെടുത്തത്. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം വനം വകുപ്പ് പരിഗണിക്കും.
വന്യ മൃഗശല്യം മൂലം പാട്ടഭൂമിയിലെ കൃഷി നശിച്ച കര്‍ഷകര്‍ക്ക് പാട്ടം പുതുക്കുന്നതോടെ തടഞ്ഞുവെച്ച നഷ്ടപരിഹാരം നല്‍കാനുള്ള നടപടി വനം വകുപ്പ് സ്വീകരിക്കും. പുനരധിവസിക്കപ്പെട്ടവര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടില്ലെന്ന പരാതി പരിശോധിച്ച് പരിഹരിക്കും.
പുതിയ പുനരധിവാസത്തിന് അപേക്ഷിക്കാനുള്ള അവസരം നല്‍കും. വന്യ മൃഗശല്യം പരിഹരിക്കാൻ വനം വകുപ്പ് പ്രത്യേകമായ നടപടി സ്വീകരിക്കും. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റും കലക്ടറും ചർച്ചനടത്തി തീരുമാനങ്ങള്‍ നടപ്പാക്കും.
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നൂല്പുഴ, കിടങ്ങനാട്, പുല്പള്ളി, നടവയല്‍ വില്ലേജുകളിലും മാനന്തവാടി താലൂക്കിലെ തിരുനെല്ലി, തൃശ്ശിലേരി വില്ലേജുകളിലും ഉള്‍പ്പെട്ട കൃഷിഭൂമി ഗ്രോ മോര് ഫുഡ് പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യത്തിന് മുമ്പാണ് വനം വകുപ്പ് ഇത്തരത്തില്‍ പാട്ടത്തിന് നല്‍കിയത്.
ഇതിന് 2003 വരെ പാട്ടം പുതുക്കി നല്‍കുകയും ചെയ്തു. എന്നാല്‍ വനഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള കോടതി വിധികളുടെയും മറ്റും അടിസ്ഥാനത്തില്‍ പിന്നീട് പാട്ടം പുതുക്കി നല്‍കിയില്ല.
ഇതുമൂലം കര്‍ഷകരെ കുടിയൊഴിപ്പിക്കാനുള്ള നടപടി വനം വകുപ്പ് ആരംഭിച്ചിരുന്നു. കര്‍ഷകര്‍ക്കെതിരെ വനം നിയമപ്രകാരം കേസുകളും രജിസ്റ്റര്‍ ചെയ്തു. റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്, പട്ടികജാതി പട്ടികവര്‍ഗ വികസന മന്ത്രി ഒ.ആര്. കേളു, സുല്‍ത്താന്‍ ബത്തേരി എം.എല്‍എ ഐ.സി. ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.