കർണാടകയിൽ നിന്ന് സ്പിരിറ്റ് കടത്ത്: മൂന്നുപേർക്കെതിരെ കേസ്
text_fieldsകൽപറ്റ: സാനിറ്റൈസർ നിർമാണത്തിെൻറ മറവിൽ കർണാടകയിൽനിന്ന് മുത്തങ്ങവഴി മദ്യത്തിനുള്ള സ്പിരിറ്റ് കടത്തിയ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ്. മലപ്പുറം വാബ് കെമിക്കൽസ് ഉടമ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ബഷീർ, ലോറിയുടമ പുത്തൂർ പള്ളിക്കണ്ടി പാറമ്മൽ മുസ്തഫ, ലോറി ഡ്രൈവർ തേഞ്ഞിപ്പലം സ്വദേശി ഇബ്രാഹിം എന്നിവർക്കെതിരെയാണ് കേസെടുത്തത്.
പരമാവധി ഒരു ലക്ഷം രൂപ പിഴയും 10 വർഷംവരെ തടവും കിട്ടാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ലോറിയിൽനിന്ന് പിടിച്ചെടുത്ത 52 ബാരലുകളിലും മദ്യം നിർമിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇ.എൻ.എ) ആണെന്ന രാസപരിശോധനാഫലം കഴിഞ്ഞദിവസമാണ് കോഴിക്കോട് റീജനൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിൽനിന്ന് എക്സൈസിന് ലഭിച്ചത്.
കഴിഞ്ഞ മേയിലാണ് കർണാടകയിൽനിന്ന് അതിർത്തി കടത്തവേ 10,400 ലിറ്റർ സ്പിരിറ്റ് മുത്തങ്ങ പൊൻകുഴിയിൽ എക്സൈസ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ വാബ് കെമിക്കൽസിന് കർണാടകയിലെ മാണ്ഡ്യയിലെ സ്പിരിറ്റ് ഉൽപാദനകേന്ദ്രമായ കൊപ്പം ഷുഗർ ലിമിറ്റഡിൽനിന്ന് 52 ബാരലുകളായാണ് സ്പിരിറ്റ് കടത്തിയത്. എന്നാൽ, സാനിറ്റൈസർ നിർമാണത്തിന് സ്പിരിറ്റ് കൊണ്ടുപോകുമ്പോൾ കരുതേണ്ട രേഖകളൊന്നും ലോറിയിൽ ഉണ്ടായിരുന്നില്ല.
സാനിറ്റൈസർ നിർമാണ മറവിൽ ലോക്ഡൗൺ കാലത്ത് ഒട്ടേറെ ലോറികൾ അതിർത്തി കടന്നുപോയെന്ന വിവരം ലഭിച്ചിട്ടും അന്വേഷണം മന്ദഗതിയിലായിരുന്നു. രാസപരിശോധനാഫലം വൈകിയതാണ് കാലതാമസത്തിന് പ്രധാന കാരണമായത്. സാനിറ്റൈസർ നിർമാണസൗകര്യംപോലും ഒരുക്കാതെയാണ് സ്പിരിറ്റ് ലോബി മദ്യനിർമാണത്തിനുള്ള ഇ.എൻ.എ കർണാടകയിൽനിന്ന് എത്തിച്ചത്. ചരക്കുവാഹനങ്ങൾക്കുള്ള ലോക്ഡൗൺ ഇളവുകൾ മുതലെടുത്തും ഒട്ടേറെ ലോഡുകൾ കമ്പനി കൊണ്ടുപോയിട്ടുണ്ടെന്ന നിഗമനത്തിലാണ് എക്സൈസ് വിഭാഗം.
എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ സാധാരണയായി സാനിറ്റൈസർ നിർമാണത്തിന് ഉപയോഗിക്കാറില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ ഇത് കൊണ്ടുവരണമെങ്കിൽപോലും അനുമതിരേഖകൾ ഉണ്ടാകണം. ബാരലുകളുടെ പുറത്ത് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ മെഥനോൾ എന്നാണ് എഴുതിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.