'അക്കാദമിക മേഖലയില്‍ കായിക ഇനങ്ങള്‍ക്ക് പ്രാധാന്യം നൽകും'
text_fieldsകൽപറ്റ: ജില്ലയിലെ എല്ലാ ഗവ. ഹൈസ്കൂളുകളിലും പഠനത്തോടൊപ്പം അക്കാദമിക മേഖലയില്‍ കായിക ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ജില്ല പഞ്ചായത്ത് വികസന സമിതി യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അറിയിച്ചു. രണ്ട് കായിക ഇനങ്ങള്‍ക്ക് പ്രാധാന്യം നല്കി പൊതു കളിക്കളങ്ങള്‍ തിരിച്ചുപിടിക്കും. ലഹരി ഉപയോഗം തടയല്‍, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കല്‍, കായിക മേഖലയില്‍ മികച്ച വിജയം എന്നിവ കൈവരിക്കാനും പട്ടികവര്‍ഗ വിദ്യാർഥികളെ മുന്‍നിരയിലെത്തിക്കുകയുമാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ സ്കൂളുകളിലേക്കാവശ്യമായ കായിക ഉപകരണങ്ങള്‍ എത്തിക്കും. രണ്ടാംഘട്ടത്തില്‍ കായികാധ്യാപകരില്ലാത്ത സ്കൂളുകളില്‍ ജില്ല പഞ്ചായത്ത് 10000 രൂപ ശമ്പളം നല്കി താൽകാലിക അധ്യാപകരെ നിയമിക്കും. ജില്ലയിലെ മുഴുവന്‍ അമ്മമാരെയും ഉള്‍ക്കൊള്ളിച്ച് ലഹരിക്കെതിരെ അമ്മയ്ക്കൊപ്പം എന്ന മുദ്രാവാക്യത്തില്‍ സംഗമം നടത്തും. 14ാം പഞ്ചവത്സര പദ്ധതിയുടെ കരട് പദ്ധതി രൂപരേഖജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ പ്രകാശനം ചെയ്തു.
ജില്ല പഞ്ചായത്തിന്റെ സുരക്ഷ പദ്ധതി പ്രകാരം 2500 കോടിയുടെ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ട്, അതില്‍ ഒന്നരക്കോടിയുടെ ഇന്‍ഷുറന്‍സ് തുക അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നല്‍കിയിട്ടുണ്ട്. ജില്ലയിലെ 1173 അരിവാള്‍ രോഗികള്‍ക്ക് 500 രൂപയുടെ പോഷക കിറ്റ് വിതരണം ചെയ്യുന്നുണ്ട്. മുണ്ടക്കൈ- ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം വൈകിയതിനാല്‍ തനത് സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാറിനോട് സമയം ദീര്‍ഘിപ്പിച്ച് നല്കാന് ആവശ്യപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.
ജില്ല ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ബഷീര്‍ അധ്യക്ഷനായ സെമിനാറില്‍ ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ഉഷ തമ്പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ സീതാ വിജയന്, ജില്ല പഞ്ചായത്ത് ഡിവിഷന് അംഗങ്ങളായ സുരേഷ് താളൂര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ജില്ല പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.