എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നിത്തിളങ്ങി വയനാട്
text_fieldsകൽപറ്റ: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.38 ശതമാനത്തോടെ വയനാടിന് മിന്നുന്ന വിജയം. കഴിഞ്ഞ തവണത്തേക്കാൾ നേട്ടമാണ് ഇക്കുറി ജില്ലക്കുണ്ടായത്. ആകെ 11,585 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 11,513 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി.
ആകെ പരീക്ഷയെഴുതിയ 5,747 ആൺകുട്ടികളിൽ 5,704 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോൾ 5,838 പെൺകുട്ടികളിൽ 5,809 പേരാണ് കടമ്പ കടന്നത്. ഇത്തവണ 534 ആൺകുട്ടികളും 1,114 പെൺകുട്ടികളുമടക്കം ആകെ 1,648 പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.
പൊതുവിഭാഗത്തിൽ 2,269ൽ 2,266 പേരാണ് കടമ്പ കടന്നത്. പട്ടിക ജാതിക്കാരിലെ 496 പേരിൽ 493ഉം പട്ടികവർഗത്തിലെ 2,317 പേരിൽ 2,265 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. ഒ.ബി.സി വിഭാഗത്തിൽ 6,392 വിദ്യാർഥികളിൽ 6378 പേരും ഒ.ഇ.സി വിഭാഗത്തിൽ പരീക്ഷയെഴുതിയ 111 പേരും കടമ്പ കടന്നു.
വിവിധ വിഷയങ്ങളിൽ എ പ്ലസ് നേടിയവർ
ജില്ലയിൽ ഒന്നാംഭാഷ പേപ്പർ ഒന്നിൽ 6,337 പേരാണ് എ പ്ലസ് നേടിയത്. ഒന്നാംഭാഷ പേപ്പർ രണ്ടിൽ 7,563 പേർ എ പ്ലസ് നേടി. ഇംഗ്ലീഷിൽ 3,240 പേർക്കാണ് എ പ്ലസ് നേടാനായത്. മൂന്നാം ഭാഷയിൽ 3,717 പേർ എ പ്ലസ് നേടിയപ്പോൾ സാമൂഹിക ശാസ്ത്രത്തിൽ 3,817 പേരാണ് എ പ്ലസ് നേടിയത്. ഫിസിക്സിൽ 3,130 വിദ്യാർഥികളും കെമിസ്ട്രിയിൽ 3,962 പേരും എ പ്ലസ് നേടി. ബയോളജിയിൽ 5,131ഉം കണക്കിൽ 2,603ഉം ഐ.ടിയിൽ 7,603 പേരും എ പ്ലസ് നേടി.
കഴിഞ്ഞ തവണ 98.41 % വിജയം
കഴിഞ്ഞ തവണ ജില്ലയിൽ 98.41 ശതമാനമായിരുന്നു വിജയം. അന്ന് ആകെ 11,787 വിദ്യാര്‍ഥികൾ പരീക്ഷയെഴുതിയപ്പോൾ 11,600 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ തവണ 486 ആണ്‍കുട്ടികളും 962 പെണ്‍കുട്ടികളും ഉള്‍പ്പെടെ 1,448 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.
നേട്ടവുമായി സ്കൂളുകൾ
കൽപറ്റ: എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ നേട്ടവുമായി ജില്ലയിലെ വിവിധ സ്കൂളുകൾ. മിക്ക സ്കൂളുകളും കഴിഞ്ഞ തവണത്തേക്കാൾ മികവുമായാണ് ഇക്കുറി വിജയചരിത്രം രചിച്ചത്.
പിണങ്ങോട്: കൂടുതൽ എ പ്ലസുകൾ എന്ന നേട്ടം പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിന്. 86 പേരാണ് ഇവിടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.
പരീക്ഷ എഴുതിയ 349 വിദ്യാർഥികളും വിജയിച്ച് 100% നിലനിർത്തി. കഴിഞ്ഞ 10 വർഷങ്ങളിലായി 100 % നിലനിർത്തുന്നു. വിജയികളെ പി.ടി.എ, മാനേജ്മെൻ്റ്, സ്റ്റാഫ് എന്നിവർ അനുമോദിച്ചു.
മീനങ്ങാടി: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് ഇത്തവണയും 100% വിജയം. 69 പട്ടികവർഗ വിദ്യാർഥികൾ ഉൾപ്പെടെ പരീക്ഷക്കിരുന്ന 370 പേരും വിജയിച്ചു.
ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സർക്കാർ വിദ്യാലയം മീനങ്ങാടിയാണ്.
65 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിജയികളെ സ്റ്റാഫ് കൗൺസിലും അധ്യാപക രക്ഷാകർത്താ സമിതിയും അഭിനന്ദിച്ചു.
പനമരം: ക്രസന്റ് പബ്ലിക് സ്കൂളിന് നൂറുമേനി. 127 കുട്ടികളിൽ എല്ലാവരും ഉപരിപഠന യോഗ്യത നേടി. പരീക്ഷ എഴുതിയവരിൽ 39 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.