ജീവനക്കാരില്ല; കൽപറ്റ ജനറൽ ആശുപത്രി പ്രവർത്തനം താളംതെറ്റുന്നു
text_fieldsകല്പറ്റ: വയനാട് മെഡിക്കല്‍ കോളജിലേക്കും ഐ.പി പോലും പ്രവര്‍ത്തിക്കാത്ത സബ് സെൻററുകളിലേക്കും ജീവനക്കാരെ മാറ്റിയ ആരോഗ്യവകുപ്പിെൻറ നടപടി കൈനാട്ടിയിലെ കല്പറ്റ ജനറൽ ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കി. ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ഐ.സി.യു പ്രവര്‍ത്തനം ഒരാഴ്ചയായി നിലച്ചു.
മറ്റ് സെൻററുകളില്‍ ജീവനക്കാരില്ലാതാവുന്ന മുറക്ക് ജനറൽ ആശുപത്രിയില്‍നിന്ന് ജീവനക്കാരെ പിന്‍വലിക്കുന്നതാണ് ദൈനംദിന പ്രവർത്തനങ്ങളെ വരെ ബാധിക്കുന്ന നിലയിലേക്കെത്തിച്ചത്.
ഗൈഡ് ലൈന്‍ പ്രകാരം 97 ജീവനക്കാരാണ് കല്പറ്റ ജനറൽ ആശുപത്രിയില്‍ ആവശ്യമുള്ളത്. എന്നാല്‍ 27 തസ്തികകള്‍ മാത്രമാണ് ഇവിടെയുള്ളത്. നാഷനല്‍ ഹെല്‍ത്ത് മിഷന് അനുവദിച്ച 31 അധിക ജീവനക്കാരെ വെച്ചാണ് ആശുപത്രിയില്‍ ഐ.സി.യു പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍, കഴിഞ്ഞ ദിവസം ഈ 31 ജീവനക്കാരില്‍ നിന്ന് 12 പേരെ അപ്രതീക്ഷിതമായി ആരോഗ്യവകുപ്പ് പിന്‍വലിച്ചു. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഐ.സി.യു ഉള്‍പ്പെടെ നിലച്ചതോടെ കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേര്‍ന്ന് 12 പേരെ നിയമിക്കാന്‍ തീരുമാനിച്ചു.
ഡി.പി.ഒ 11 പേരെ നിയമിക്കുകയും ചെയ്തു. എന്നാല്‍, അഞ്ചുപേര്‍ മാത്രമാണ് ജോലിക്കെത്തിയത്. ദിനേന ശരാശരി 900ത്തിന് മുകളില്‍ രോഗികള്‍ ഒ.പിയില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. കൂടാതെ, കല്പറ്റ നഗരസഭയുള്‍പ്പെടെ പത്തിലധികം പഞ്ചായത്തുകളിലെ രോഗികള്‍ ആശ്രയിക്കുന്ന ഐ.സി.യു സംവിധാനവും ഇവിടെയാണുള്ളത്.
മാനന്തവാടിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നടക്കം രോഗികളെ ഇവിടേക്ക് ചികിത്സക്കായി കൊണ്ടുവരാറുമുണ്ട്. ഗൈനക്കോളജി, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഇ.എന്‍.ടി, ജനറല്‍ മെഡിസിന്, ഡെൻറല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ച ഡോക്ടര്‍മാരുടെ സേവനവും ആശുപത്രിയിൽ ലഭ്യമായിരുന്നു. ആരോഗ്യവകുപ്പിെൻറ തലതിരിഞ്ഞ നടപടികൾ കാരണം ഇതെല്ലാം പ്രതിസന്ധിയിലായി.
അത്യാഹിത വിഭാഗം അടച്ചുപൂട്ടിയത് പ്രതിഷേധാര്‍ഹം –മുസ്ലിം ലീഗ്
കല്പറ്റ: സാധാരണക്കാരുടെ വലിയ ആശ്വാസമായിരുന്ന കൈനാട്ടിയിലെ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം ലീഗ് മുനിസിപ്പല്‍ ഭാരവാഹികളുടെയും സബ് കമ്മിറ്റികളുടെയും സംയുക്ത യോഗം അഭിപ്രായപ്പെട്ടു.
കോവിഡ് പശ്ചാത്തലത്തില്‍ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരെ വര്‍ക്കിങ് അറേഞ്ച്മെൻറിെൻറ ഭാഗമായി വയനാട് മെഡിക്കല്‍ കോളജിലേക്കും ഐ.പി പോലും പ്രവര്‍ത്തിക്കാത്ത സബ് സെൻററുകളിലേക്കും മാറ്റിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതോടെ വാഹനാപകടങ്ങളില്‍ ഗുരുതര പരിക്കേല്ക്കുന്നവര്ക്കുള്പ്പെടെ ജില്ല ആസ്ഥാനത്ത് ചികിത്സ ലഭിക്കാത്ത സാഹചര്യമാണ്.
ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് അടഞ്ഞുകിടക്കുന്ന അത്യാഹിത വിഭാഗം അടിയന്തരമായി തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എ.പി. ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അലവി വടക്കേതില്‍, കെ. അബ്ദുല്‍ മജീദ്, കെ. മുസ്തഫ, അബു ഗൂഡലായി, കെ.ടി. യൂസുഫ്, പി. കമ്മു, മുണ്ടോളി പോക്കു, എ.കെ. ഹര്‍ഷല്‍, ബാവ കൊടശ്ശേരി, അസീസ് കുഴിമ്പാട്ടില്‍, സലാം മുണ്ടേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.