എൻ.എസ്.എസ് ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം കാട്ടിക്കുളം സ്കൂളിൽ
text_fieldsകൽപറ്റ: ഹയർസെക്കൻഡറി നാഷനൽ സർവിസ് സ്കീം ഒന്നാം വർഷ വളന്റിയർമാർക്കായി സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് 26 മുതൽ ആരംഭിക്കുന്നു. ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. തൃശ്ശിലേരി ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ ക്യാമ്പാണ് കാട്ടിക്കുളത്ത് നടക്കുക. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിക്കും.
പൊതുവിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് 1407 ക്യാമ്പുകളിലായി 70300 വിദ്യാർഥികൾ സംസ്ഥാനത്ത് പങ്കെടുക്കും. ലഹരി വിമുക്ത നാളേക്കായി യുവ കേരളം എന്നതാണ് ‘വെളിച്ചം 2022’ എന്ന പേരിലുള്ള ക്യാമ്പിന്റെ സന്ദേശവും ലക്ഷ്യവും.
ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ആറായിരം തെരുവ് നാടകങ്ങൾ, ലഹരിക്കെതിരെ പോരാടുന്ന യുവത്വത്തിന്റെ പ്രതീകമായി ഒരു കുട്ടി 20 എന്ന നിലയിൽ 14 ലക്ഷം കില്ലാടിപ്പാവകൾ നിർമിച്ച് ക്യാമ്പിന്റെ പ്രദേശത്തും തെരുവുകളിലും തിരികെ വിദ്യാലയത്തിൽ എത്തുമ്പോൾ അവിടെയും വിതരണം ചെയ്യുന്ന പദ്ധതി, ക്യാമ്പിടങ്ങളിലെ വിദ്യാലയത്തിൽ ലഹരി വിരുദ്ധ ക്യാൻവാസുകളുടെ ആലേഖനം എന്നിവ നടപ്പാക്കും.
ഇരുപതിനായിരം ഫലവൃക്ഷങ്ങൾ ക്യാമ്പിടങ്ങളിലും പൊതുവിടങ്ങളിലും നട്ടുപിടിപ്പിക്കും. അരലക്ഷം അടുക്കളത്തോട്ടങ്ങളുടെ നിർമാണം, ‘ഭാരതീയം’ ആശയ സംവാദ സദസുകൾ എന്നിവയും ക്യാമ്പിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.