സംസ്ഥാന സീനിയർ വോളി ചാമ്പ്യൻഷിപ്പിന് നാളെ മാനന്തവാടിയിൽ തുടക്കം
text_fieldsകൽപറ്റ: ജില്ല സ്പോർട്സ് കൗൺസിലും ജില്ല വോളിബാൾ ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന റിമാൽ ഗ്രൂപ് ട്രോഫിക്കുവേണ്ടിയും രാജേഷ് മണ്ണാപറമ്പിൽ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുമുള്ള സംസ്ഥാന സീനിയർ പുരുഷ-വനിത വോളിബാൾ ചാമ്പ്യൻഷിപ് തിങ്കളാഴ്ച മുതൽ ഏഴുവരെ മാനന്തവാടിയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
താഴെയങ്ങാടി ഹൗസിങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് താൽക്കാലിക ഫ്ലഡ് ലിറ്റ് സ്റ്റേഡിയം നിർമിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പുരുഷ-വനിത ടീമുകൾ പങ്കെടുക്കും. ആദ്യത്തെ മൂന്നു ദിവസം നടക്കുന്ന ലീഗ് റൗണ്ടിൽ രാവിലെ 7.30 മണി മുതൽ രാത്രി 11 മണി വരെ കളിയുണ്ടാകും. നാലു മുതൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വൈകീട്ട് അഞ്ചിന് തുടങ്ങും. ആറിന് സെമി ഫൈനലും ഏഴിന് ഫൈനലും നടക്കും.
തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എം.എൽ.എമാരായ ഒ.ആർ. കേളു, ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി, ഐ.എം. വിജയൻ, കിഷോർ കുമാർ എന്നിവർ പങ്കെടുക്കും. മന്ത്രിമാർ, ജില്ല കലക്ടർ, മുൻ ഇന്ത്യൻ വോളി താരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് തുടങ്ങിയവർ ചാമ്പ്യൻഷിപ്പിന്റെ വിവിധ ദിവസങ്ങളിൽ വിശിഷ്ടാതിഥികളാകും. ദിവസവും വൈകീട്ട് ആറു മുതൽ കലാ സാംസ്കാരിക പരിപാടികൾ നടക്കും.
വാർത്തസമ്മേളനത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു, ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീഖ്, സംഘാടക സമിതി ജനറൽ കൺവീനർ എൻ.ജെ. ഷിജിത്ത്, വൈസ് ചെയർമാൻ അസീസ് വാളാട്, മുൻ വോളിബാൾ താരം പി.എം. ഹസീന എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.